News - 2025

ഗര്‍ഭഛിദ്ര സംസ്ക്കാരം നല്ലൊരു ഭാവി പ്രദാനം ചെയ്യില്ല: മുന്നറിയിപ്പുമായി ആഫ്രിക്കന്‍ കര്‍ദ്ദിനാള്‍

സ്വന്തം ലേഖകന്‍ 10-01-2018 - Wednesday

കേപ്ടൗൺ: ഗര്‍ഭഛിദ്ര സംസ്ക്കാരം സമാധാനവും സന്തോഷവുമുള്ള ഭാവി പ്രദാനം ചെയ്യില്ലായെന്ന മുന്നറിയിപ്പുമായി ആഫ്രിക്കന്‍ കര്‍ദ്ദിനാള്‍ വിൽഫ്രണ്ട് നേപ്പിയർ. കഴിഞ്ഞ വര്‍ഷം മൂന്ന് ലക്ഷത്തോളം ഗർഭസ്ഥ ശിശുക്കളെ നിയമപ്രകാരം ഭ്രൂണഹത്യ ചെയ്തുവെന്ന പ്രോ -ലൈഫ് നേതാവ് ഒബിയാനുജു എക്കോച്ചവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക മാധ്യമങ്ങളിൽ ഗർഭസ്ഥ ശിശുക്കൾക്ക് നേരിടുന്ന അനീതിയ്ക്കെതിരെ പ്രതികരിക്കണമെന്നു എക്കോച്ച തന്റെ പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു.

'ഭ്രൂണഹത്യ പ്രസവത്തേക്കാൾ ജീവൻ രക്ഷിക്കുന്ന പരിശുദ്ധ കർമ്മ'മാണെന്ന ഒഹിയോയിലെ അബോർഷൻ കേന്ദ്രം നല്‍കിയ പരസ്യത്തെ കർദ്ദിനാൾ നേപ്പിയർ ശക്തമായി വിമര്‍ശിച്ചു. കല്ലറയിലെ ജീവിതത്തോടാണ് അദ്ദേഹം അബോർഷനെ ഉപമിച്ചിരിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികളെ ഓർത്ത് ജനനത്തെ തന്നെ തടയുന്ന നിയമ വ്യവസ്ഥ അർത്ഥശൂന്യമാണ്. അമേരിക്ക കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഭ്രൂണഹത്യ ക്ലിനിക്കുകളുടെ ആഭിമുഖ്യത്തില്‍ ആഫ്രിക്കൻ ശിശുക്കളെ അബോർഷൻ ചെയ്യുന്നത് വംശഹത്യപരമാണെന്നും കർദ്ദിനാൾ അഭിപ്രായപ്പെട്ടു.

ഡർബാൻ അതിരൂപതയുടെ അദ്ധ്യക്ഷനായ കർദ്ദിനാൾ നേപ്പിയർ മുൻപും ഉദരത്തിൽ വച്ച് വധിക്കപ്പെടുന്ന ശിശുക്കൾക്കു വേണ്ടി ശബ്ദമുയർത്തിയിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ അനധികൃത അബോർഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി ഫണ്ട് അനുവദിക്കുന്നതിനെതിരെയും മാരിയ സ്റ്റോപ്പ്സ് ഇന്റർനാഷണൽ എന്ന ഭ്രൂണഹത്യ വക്താക്കൾക്കെതിരെയും കഴിഞ്ഞ വര്‍ഷം രൂക്ഷമായ പ്രതികരണമാണ് കര്‍ദ്ദിനാള്‍ നടത്തിയത്.

More Archives >>

Page 1 of 271