News

സിസ്റ്റര്‍ റോസിന്റെ സില്‍വര്‍ ജൂബിലി തിലകന് പുതിയ ജീവിതമാകും

സ്വന്തം ലേഖകന്‍ 18-01-2018 - Thursday

ഇരിങ്ങാലക്കുട: തന്റെ സന്യാസ ജീവിതത്തിന്റെ സില്‍വര്‍ ജൂബിലി ദൈവത്തിനുള്ള നന്ദി പ്രകാശനമാക്കി മാറ്റിയിരിക്കുകയാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജിലെ ഹിന്ദി വിഭാഗം മേധാവി സിസ്റ്റര്‍ റോസ് ആന്റോ. ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന്‌ ജീവിതംതന്നെ വഴിമുട്ടിയ ഇരിങ്ങാലക്കുട സ്വദേശി വലിയപറമ്പില്‍ വേലായുധന്‍ മകന്‍ തിലകന്‌ തന്റെ വൃക്ക പകുത്ത് നല്‍കിക്കൊണ്ടാണ് സിസ്റ്റര്‍ റോസ്, തന്റെ സില്‍വര്‍ ജൂബിലി കാരുണ്യത്തിന്റെ അധ്യായമാക്കി മാറ്റിയിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കായി ഇന്നു രാവിലെ സിസ്റ്ററിനെ എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. നാളെയാണ് വൃക്ക മാറ്റിവെക്കുക.

ഭാര്യയും സ്‌കൂളില്‍ പഠിക്കുന്ന രണ്ട്‌ കുട്ടികളും അടങ്ങിയ കുടുംബം തിലകന്റെ സൈക്കിള്‍ റിപ്പയര്‍ ജോലിയില്‍നിന്നു കിട്ടിയിരുന്ന തുച്‌ഛമായ വരുമാനം കൊണ്ടാണ്‌ കഴിഞ്ഞിരുന്നത്‌. ഇതിനിടെയാണ് ഇരുവൃക്കകളും തകരാറിലാണെന്ന സത്യം അവര്‍ തിരിച്ചറിഞ്ഞത്. വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ അല്ലാതെ വേറെ മാര്‍ഗമില്ലാത്ത അവസ്‌ഥയില്‍ ഭാര്യയുടെയും മറ്റും വൃക്ക ക്രോസ്‌ മാച്ചിങ്‌ നടത്തി നോക്കിയെങ്കിലും ശരിയാകാത്തതിനെ തുടര്‍ന്ന്‌ നിരാശരായ ഇവര്‍ക്കുമുന്നിലേക്ക്‌ മാലാഖയെപ്പോലെ സിസ്റ്റര്‍ റോസ് എത്തുകയായിരിന്നു.

പിന്തുണയും മാര്‍ഗദര്‍ശനവും ആയി ഫാ. ഡേവീസ്‌ ചിറമ്മേലിന്റെ നേതൃത്വത്തിലുള്ള കിഡ്‌നി ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ രംഗത്തുണ്ട്‌. ഇന്നലെ സെന്റ് ജോസഫ്‌സ് കോളേജിലെ സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും സിസ്റ്റര്‍ റോസ് ആന്റോയ്ക്കു പ്രാര്‍ത്ഥനകള്‍ നേര്‍ന്നു. നാളെ ശസ്ത്രക്രിയ നടക്കുന്ന സമയത്തു കോളജില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുമെന്നു പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ക്രിസ്റ്റി പറഞ്ഞു. ഇരിങ്ങാലക്കുടയിലെ സാമൂഹിക- സാംസ്‌കാരിക- ജീവകാരുണ്യരംഗത്ത്‌ സജീവ സാന്നിധ്യമാണ്‌ സി. റോസ്‌ ആന്റോ.

വൃദ്ധജന സംരക്ഷണം, സാധുവിധവകള്‍ക്ക്‌ കൈത്താങ്ങായി പ്രവര്‍ത്തിക്കല്‍, പരിസര ശുദ്ധീകരണം, സാമൂഹിക വനവല്‍ക്കരണം, യുവതലമുറയ്‌ക്ക് ജീവിത ദര്‍ശനത്തിന്‌ ഉപയുക്‌തമായ പ്രായോഗിക പരിശീലനം നല്‍കുക, ആദിവാസികള്‍ക്ക്‌ പോഷക ആഹാരം നല്‍കുക തുടങ്ങിയ നിരവധി ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന സി. റോസ്‌ ആന്റോയ്‌ക്ക് മികച്ച സാമൂഹിക പ്രവര്‍ത്തക, മികച്ച അധ്യാപിക എന്നീ നിലകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. കാരുണ്യത്തിന്റെ അദ്ധ്യായങ്ങള്‍ക്ക് അവസാനമില്ലായെന്ന സാക്ഷ്യം ഇന്ന്‍ ലോകത്തോട് പ്രഘോഷിക്കുകയാണ് സിസ്റ്റര്‍ റോസ്.

More Archives >>

Page 1 of 275