News - 2025
ഈജിപ്തിൽ ക്രൈസ്തവർക്ക് നേരെ വീണ്ടും ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍ 17-01-2018 - Wednesday
കെയ്റോ: ഈജിപ്തിലെ വടക്കൻ സീനായ് പ്രവിശ്യയിൽ ക്രൈസ്തവരെ ലക്ഷ്യം വച്ച് നടത്തിയ ആക്രമണത്തിൽ ഒരു വിശ്വാസി കൊല്ലപ്പെട്ടു. ബസിം അത്തള്ഹ എന്ന മുപ്പത്തിയഞ്ചുകാരനായ ക്രൈസ്തവ യുവാവാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ഈജിപ്ഷ്യൻ സുരക്ഷ സേന വ്യക്തമാക്കി. മുഖം മറച്ച മൂന്നു പേരാണ് വെടിവെയ്പ്പിന് നേതൃത്വം നല്കിയത്. ശനിയാഴ്ച നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ മാസം തലസ്ഥാന നഗരമായ കെയ്റോയിലെ ദേവാലയത്തില്‍ നടന്ന വെടിവെയ്പ്പില്‍ ഒൻപത് പേരാണ് വെടിയേറ്റ് മരണമടഞ്ഞത്. 2016 ഡിസംബർ മുതൽ ഈജിപ്ഷ്യൻ ക്രൈസ്തവർക്ക് നേരെ ആക്രമണം രൂക്ഷമാണ്. ഇതുവരെ ബോംബേറിലും വെടിവെയ്പിലും മറ്റ് ആക്രമണങ്ങളിലും നൂറുകണക്കിന് ക്രൈസ്തവ വിശ്വാസികളാണ് കൊല്ലപ്പെട്ടത്. മദ്ധ്യ കിഴക്കൻ ദേശത്തെ ഏറ്റവും വലിയ ക്രൈസ്തവ സാന്നിദ്ധ്യമായ ഈജിപ്തിലെ കോപ്റ്റിക്ക് ഓർത്തഡോക്സ് സഭയ്ക്കു കീഴില്‍ പതിനഞ്ച് മില്യണിന് അടുത്ത് വിശ്വാസികളാണുള്ളത്.