News - 2025
പുറംലോകമറിയാത്ത വിവരങ്ങളുമായി ഫാ. ടോമിന്റെ ആത്മകഥ ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍ 28-01-2018 - Sunday
ബംഗളൂരു: യെമനില്‍ ഭീകരവാദികളുടെ തടവറയില്‍ ഒന്നരവര്‍ഷക്കാലം കഴിഞ്ഞു മോചിതനായ ഫാ. ടോം ഉഴുന്നാലിന്റെ ആത്മകഥ പുറത്തിറങ്ങുന്നു. 'ബൈ ദ ഗ്രേസ് ഓഫ് ഗോഡ്' എന്ന ശീര്‍ഷകത്തോടെയാണ് ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. സലേഷ്യന്‍ സന്യാസ സമൂഹത്തിന്റെ നേതൃത്വത്തിലുള്ള ബംഗളൂരുവിലെ ക്രിസ്തുജ്യോതി പബ്ലിക്കേഷന്‍സാണു പുസ്തകം വായനക്കാരിലേക്ക് എത്തിക്കുക. 'ദൈവകൃപയാല്‍' എന്ന ശീര്‍ഷകത്തോടെ പുസ്തകത്തിന്റെ മലയാളം തര്‍ജമയും ഉടന്‍ പുറത്തിറങ്ങും. ഫാ. ടോം ഉഴുന്നാലിലിനെക്കുറിച്ച് ഇതുവരെ പുറംലോകമറിഞ്ഞ വിശേഷങ്ങള്‍ക്കപ്പുറം ഏറെക്കാര്യങ്ങളുമായാണ് ആത്മകഥ വായനക്കാരിലേക്കെത്തുക.
അച്ചടിജോലികള്‍ കൊച്ചിയിലാണ് പുരോഗമിക്കുന്നത്. വിവിധ കോണുകളില്‍നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടികളും ആത്മകഥയിലുണ്ടാകും. ദൈവവിളിയിലേക്കുള്ള പ്രചോദനം, മിഷനറിയാവാനുള്ള തീരുമാനം, വൈദികജീവിതത്തിലെ ആഭിമുഖ്യങ്ങള്‍, യമനിലെത്തിയ ആദ്യകാലത്തെ പ്രവര്‍ത്തനങ്ങള്‍, ആ രാജ്യത്തെ സാമൂഹ്യ, രാഷ്ട്രീയ പശ്ചാത്തലങ്ങള്‍, യുദ്ധമുഖത്തെ കാഴ്ചകള്‍ എന്നിവയും സവിസ്തരം പുസ്തകത്തിലുണ്ട്. പത്ത് അധ്യായങ്ങളിലായി 160 പേജുകളുള്ള ആത്മകഥ തന്റെ ബാല്യകാലസ്മൃതികളിലൂടെയാണു ഫാ. ഉഴുന്നാലില്‍ ആരംഭിക്കുന്നത്.
സലേഷ്യന്‍ സഭയുടെ മധ്യസ്ഥനായ വിശുദ്ധ ഡോണ്‍ ബോസ്‌കോയുടെ തിരുനാള്‍ ദിനമായ 31നു കേരളത്തിലെയും കര്‍ണാടകയിലെയും അന്‍പതോളം സലേഷ്യന്‍ സ്ഥാപനങ്ങളിലും ഒരേസമയം പ്രകാശനച്ചടങ്ങുണ്ടാകും. ബംഗളൂരുവിലെ പ്രോവിന്‍ഷ്യല്‍ ഹൗസില്‍ നടക്കുന്ന പ്രകാശനച്ചടങ്ങില്‍ ഫാ. ഉഴുന്നാലില്‍ പങ്കെടുക്കും. രണ്ടു മാസത്തോളമെടുത്താണു പുസ്തകത്തിന്റെ എഴുത്തുജോലികള്‍ പൂര്‍ത്തിയാക്കിയതെന്നു ഫാ. ടോം ഉഴുന്നാലില്‍ പറഞ്ഞു. സലേഷ്യന്‍ സമൂഹാംഗമായ ഫാ. ബോബി കണ്ണേഴത്തിന്റെ പിന്തുണയോടെയാണ് പുസ്തകം തയാറായത്.