News - 2025

കേന്ദ്രത്തിന്റെ ധനസഹായം; നിരാകരിച്ചുകൊണ്ട് മേഘാലയയിലെ ക്രൈസ്തവ നേതൃത്വം

സ്വന്തം ലേഖകന്‍ 27-01-2018 - Saturday

ന്യൂഡൽഹി: മേഘാലയയിൽ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര ടൂറിസം മന്ത്രാലയം അനുവദിച്ച തുക നിരാകരിച്ചുകൊണ്ട് ക്രൈസ്തവ സഭാനേതൃത്വം. ദേവാലയങ്ങളുടെ പുനർനിർമാണ പ്രവർത്തനങ്ങൾക്കാണ് ഫണ്ടെന്ന് രാഷ്ട്രീയ നേതൃത്വം അവകാശപ്പെടുമ്പോഴും ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന വോട്ടെടുപ്പിന് വിജയം ഉറപ്പുവരുത്തുകയാണ് രാഷ്ട്രീയ കക്ഷികളുടെ ശ്രമമെന്ന് ക്രൈസ്തവ നേതാക്കൾ അഭിപ്രായപ്പെട്ടു. അതിനാൽ തുക നിരാകരിക്കുന്നതായും അവർ വ്യക്തമാക്കി.

മേഘാലയയിലെ മുപ്പത്തിയേഴോളം വരുന്ന ദേവാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ കേന്ദ്ര ടൂറിസം മന്ത്രാലയം വകുപ്പ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ജനുവരി എട്ടിനാണ് ഫണ്ട് അനുവദിച്ചത്. വോട്ട് പ്രോ ഹിന്ദു രാഷ്ട്രീയ പാര്‍ട്ടിയായ ബി‌ജെ‌പിയുടെ കൈക്കലാക്കുക എന്ന ലക്ഷ്യമാണ് ഇലക്ഷന് മുന്നോടിയായി തുക അനുവദിച്ചതിന്റെ പിന്നിലെ നീക്കമെന്ന് നേരത്തെ ആരോപണമുയര്‍ന്നിരിന്നു. മേഘാലയ നിയമസഭയിൽ ബി.ജെ.പി സാന്നിദ്ധ്യം ഉയർത്തുകയാണ് ഫണ്ട് ലഭ്യമാക്കുന്നതിന്റെ ലക്ഷ്യമെന്നും ഇതിനെ ചുക്കാന്‍ പിടിക്കാനാണ് ക്രൈസ്തവ വിശ്വാസിയായ അല്‍ഫോന്‍സ് കണ്ണന്താനത്തിന് നിയമസഭ തിരഞ്ഞെടുപ്പ് ചുമതല കൂടി ബിജെപി നേതൃത്വം നല്‍കിയതെന്നും ക്രൈസ്തവ നേതൃത്വം ആരോപിച്ചു.

ഫണ്ട് അനുവദിച്ചു എന്നു പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തങ്ങളെ സര്‍ക്കാര്‍ ബന്ധപ്പെട്ടിട്ടില്ലായെന്നും സര്‍ക്കാര്‍ പണം സ്വീകരിക്കണോ എന്ന വിഷയത്തില്‍ ചോദ്യം ഉദിക്കുന്നില്ലായെന്നും ജോവായ് രൂപത മെത്രാൻ വിക്ടർ ലിങ്ങ്ഡോ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് പണം സ്വീകരിക്കുന്നത് തെറ്റായ സന്ദേശമാണെന്നും ഇത് ജനങ്ങള്‍ക്ക് ഇടയില്‍ ആശയകുഴപ്പമുണ്ടാക്കുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ധനസഹായം പ്രിസ്ബറ്റേറിയന്‍ സഭാനേതൃത്വവും നിരാകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം തീവ്രഹൈന്ദവ നിലപാടുമായി നിലകൊള്ളുന്ന ബി‌ജെ‌പി സര്‍ക്കാരിന് കീഴില്‍ രാജ്യത്തു ക്രൈസ്തവര്‍ക്ക് നേരെ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിലുള്ള പ്രതിഷേധമാണ് തുക നിരാകരിക്കുന്നതിന് പിന്നിലെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. മേഘാലയയിലെ ആകെ ജനസംഖ്യയുടെ എൺപത് ശതമാനവും ക്രൈസ്തവ വിശ്വാസികളാണ്.

More Archives >>

Page 1 of 278