News - 2025
വ്യാജവാര്‍ത്തകള്‍ തിന്മയുടെ ശക്തിയാണെന്നു വത്തിക്കാന്‍ കമ്മ്യൂണിക്കേഷന്റെ അധ്യക്ഷന്‍
സ്വന്തം ലേഖകന്‍ 26-01-2018 - Friday
വത്തിക്കാന്‍ സിറ്റി: വ്യാജവാര്‍ത്തകള്‍ തിന്മയുടെ ശക്തിയാണെന്ന് വത്തിക്കാൻ കമ്മ്യൂണിക്കേഷൻ സെക്രട്ടറിയേറ്റ് പ്രീഫെക്ട് മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗാനോ. ജനുവരി 24 ബുധനാഴ്ച വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ ഫ്രാന്‍സിസ് പാപ്പയുടെ മാധ്യമദിന സന്ദേശത്തിന്‍റെ പ്രകാശനത്തിനായി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍വച്ചാണ് മോണ്‍സീഞ്ഞോര്‍ വിഗനോ വ്യാജവാര്‍ത്തകളെ തിന്മയുടെ ശക്തികളാണെന്ന് വിശേഷിപ്പിച്ചത്. മുന്‍വിധിയോടെ കാര്യങ്ങളെ കാണുകയും യാഥാര്‍ത്ഥ്യങ്ങളെ പൂര്‍ണ്ണായി ഗ്രഹിക്കാതെയും വരുമ്പോള്‍ വ്യാജവാര്‍ത്തകള്‍ രൂപപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യക്തിബന്ധങ്ങളെ വിഷമയമാക്കുന്ന ഘടകങ്ങളില്‍ ഒന്നാണ് വ്യാജവാര്‍ത്തകള്‍. വാര്‍ത്തകള്‍ വ്യാജവാര്‍ത്തയാകുകയും അവ തിന്മയുടെ ശക്തിയായി സമൂഹത്തിലേയ്ക്ക് ഇഴുകിച്ചേരുകയും ചെയ്യുന്നത് ഇന്നിന്‍റെ സാമൂഹികപ്രക്രിയയാണ്. വ്യാജവാര്‍ത്തകള്‍ എപ്പോഴും ദൈവത്തിനും അയല്‍ക്കാരനും സൃഷ്ടിജാലങ്ങള്‍ക്കും തിന്മയായിരിക്കും. ജീവിതാവസ്ഥകളില്‍ അവയുടെ പരിണിതഫലം തിരിച്ചറിയുക ക്ലേശകരമാണ്. കാരണം അവ നന്മയുടെ പരിവേഷം അണിഞ്ഞുതന്നെയാണ് മാധ്യമങ്ങളിലും സമൂഹത്തിലും വെട്ടിത്തിളങ്ങി നില്‍ക്കുന്നത്.
ആശയവിനിമയം എന്നത് വാര്‍ത്താപ്രചാരണം മാത്രമല്ല, അത് വ്യക്തിബന്ധങ്ങള്‍ തമ്മിലുള്ള പരിപോഷണം, പരസ്പര സൗഹാര്‍ദ്ദം എന്നിവയാണ്. മാധ്യമപ്രവര്‍ത്തകര്‍ യാഥാര്‍ത്ഥ്യങ്ങളെ അര്‍ത്ഥസത്യങ്ങളായി ഒരിക്കലും അവതരിപ്പിക്കരുത്. വസ്തുതകള്‍ സമഗ്രമായും സത്യസന്ധമായും സമൂഹത്തെ ബോധ്യപ്പെടുത്തുമ്പോഴാണ് മാധ്യമധര്‍മ്മം പൂര്‍ണ്ണമാകുന്നതെന്നും മോണ്‍സീഞ്ഞോര്‍ വിഗാനോ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
സാമ്പത്തിക, രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാനും ഭിന്നത വളര്‍ത്താനുമായി സത്യത്തെ വളച്ചൊടിച്ചു നിര്‍മ്മിക്കുന്ന വ്യാജവാര്‍ത്തകളുടെ പൊള്ളത്തരം തുറന്നുകാട്ടാന്‍ ജേര്‍ണലിസ്റ്റുകളും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരും മുന്നോട്ടുവരണമെന്നാണ് ഇത്തവണ ലോക മാധ്യമദിനത്തോട് മുന്നോടിയായി പുറപ്പെടുവിച്ച സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തത്.