News - 2025
പരസ്യത്തില്‍ യേശുവും മറിയവും; പ്രതിഷേധം കണക്കിലെടുക്കാതെ യൂറോപ്യന്‍ യൂണിയന്‍ കോടതി
സ്വന്തം ലേഖകന്‍ 03-02-2018 - Saturday
സ്ട്രാസ്ബേര്‍ഗ്: വടക്കൻ യൂറോപ്യന്‍ രാജ്യമായ ലിത്വാനിയയില്‍ പരസ്യത്തില്‍ യേശുവിന്റെയും മറിയത്തിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ നിലപാടിനെ അനുകൂലിച്ച് യൂറോപ്യന്‍ യൂണിയന്‍ കോടതി. ശക്തമായ പ്രതിഷേധവുമായി ദേശീയ മെത്രാന്‍ സമിതി രംഗത്തെത്തിയെങ്കിലും വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ കോടതി ക്രൈസ്തവ വിശ്വാസത്തിന്റെ അന്തസത്ത മനസ്സിലാക്കാതെ വിപരീത നടപടി സ്വീകരിക്കുകയായിരിന്നു. സെകമാദിയേനിസ് എന്ന സ്വകാര്യ കമ്പനിയാണ് പരസ്യചിത്രീകരണങ്ങളില്‍ യേശുവിന്‍റെയും അവിടുത്തെ അമ്മയായ മറിയത്തിന്‍റെയും ബിംബങ്ങള്‍ ഉപയോഗിച്ചതില്‍ നിയമപരമായ സാധുത തേടി കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ദിവസം മതാത്മക ബിംബങ്ങള്‍ പരസ്യകലയില്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്ന വിധി യൂറോപ്യന്‍ യൂണിയന്‍ കോടതി പ്രഖ്യാപിക്കുകയായിരിന്നു. മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന വിധിയാണ് യൂറോപ്യന്‍ യൂണിയന്‍ കോടതി പുറപ്പെടുവിച്ചിരിക്കുന്നതെന്നും മനസ്സാക്ഷിക്കും മനുഷ്യാന്തസ്സിനും നിരക്കാത്തതാണ് കോടതി നിലപാടെന്നും ദേശീയ മെത്രാന്‍ സമിതി അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ജിന്‍ന്താരസ് ഗ്രൂസാസ് പ്രസ്താവനയില്‍ ആരോപിച്ചു.
ക്രിസ്തീയതയുടെ പിള്ളത്തൊട്ടിലായ യൂറോപ്പിന്‍റെ മണ്ണില്‍ ഇപ്രകാരമുള്ള വിധി ജനവികാരങ്ങളെയും മതവികാരങ്ങളെയും ഒരുപോലെ വ്രണപ്പെടുത്തുന്നതാണ്. ലോകത്തുള്ള ലക്ഷോപലക്ഷം ജനങ്ങളുടെ വിശ്വാസജീവിതത്തിന് അടിസ്ഥാനമായ ക്രിസ്തുവിന്‍റെയും അവിടുത്തെ അമ്മയുടെയും ദൈവീകത കല്പിക്കുന്ന ചിത്രങ്ങള്‍ പരസ്യങ്ങളില്‍ ഉപയോഗിച്ച് തരംതാഴ്ത്തുന്നത് മതനിഷേധമാണ്. സ്വകാര്യ പരസ്യക്കമ്പനികള്‍ക്ക് വിശ്വാസ ബിംബങ്ങള്‍ ഉപയോഗിക്കുവാന്‍ അനുമതി നല്‍കുകയാണെങ്കില്‍ മതവിരുദ്ധപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനുള്ള അനുമതിയായി മാറുമെന്നും ആര്‍ച്ച് ബിഷപ്പ് ഗ്രൂസാസ് പറഞ്ഞു.