News
മെത്രാന്‍ നിയമനത്തില്‍ വത്തിക്കാനും ചൈനയും പരസ്പര ധാരണയിലേക്കെന്ന് സൂചന
സ്വന്തം ലേഖകന്‍ 03-02-2018 - Saturday
റോം/ ബെയ്ജിംഗ്: കത്തോലിക്കാ സഭക്ക് നേരെ കാര്‍ക്കശ്യ നിലപാട് പുലര്‍ത്തിവരുന്ന ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടവും വത്തിക്കാനും തമ്മില്‍ മെത്രാന്‍മാരുടെ നിയമനത്തില്‍ പരസ്പര ധാരണയോടടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ അംഗീകൃത ചൈനീസ് പാട്രിയോട്ടിക്ക് അസോസിയേഷന്‍ നിര്‍ദ്ദേശിക്കുന്ന രണ്ട് മെത്രാന്‍മാര്‍ക്ക് വേണ്ടി വത്തിക്കാന്‍ അംഗീകൃത മെത്രാന്‍മാര്‍ സ്ഥാനമൊഴിയുമെന്നു സൂചന ലഭിച്ചതായി ‘റോയിട്ടേഴ്‌സ്’ന്റേയും, ‘ദി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍’ന്റേയും റിപ്പോര്‍ട്ടുകളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടനുസരിച്ച്, ഇരുകക്ഷികളും തമ്മിലുള്ള ധാരണാപ്രകാരം മിന്‍ഡോങ്ങിലെ വത്തിക്കാന്‍ അംഗീകൃത മെത്രാനായ വിന്‍സെന്റ് ഗുവോ സിജിന്‍ (59) രൂപതയിലെ ഗവണ്‍മെന്റ് അംഗീകൃത മെത്രാനായ സാന്‍ സിലു (57)-ന്റെ കീഴിലെ സഹായ മെത്രാനായി തീരും.
മറ്റൊരു വത്തിക്കാന്‍ അംഗീകൃത മെത്രാനായ ഴുവാങ്ങിനെ എമിരറ്റസ് മെത്രാനായി ചൈനീസ് ഗവണ്‍മെന്റും അദ്ദേഹത്തിന്റെ പിന്‍ഗാമിയെ മെത്രാനായി വത്തിക്കാനും അംഗീകരിക്കും. പേര് വെളിപ്പെടുത്താത്ത വത്തിക്കാന്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് ഈ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തീരുമാനത്തോടുള്ള തന്റെ എതിര്‍പ്പ് പാപ്പയെ നേരിട്ട് കണ്ട് പറഞ്ഞുവെന്നും, നിയുക്ത മെത്രാന്‍മാരില്‍ ഒരാള്‍ പാപ്പാക്ക് കൈമാറുവാന്‍ തന്ന കത്ത് താന്‍ സ്വീകരിച്ചില്ലെന്നും മുന്‍ ഹോങ്കോങ്ങ് മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ ജനുവരിയില്‍ പ്രഖ്യാപിച്ചിരിന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചിരിന്നു.
കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ബെയ്ജിംഗില്‍ വെച്ച് വത്തിക്കാന്‍ അധികാരികളുമായി കൂടിക്കാഴ്ച നടത്തിയ കാര്യം ഷാന്റോയിലെ മെത്രാനായ പീറ്റര്‍ ഴുവാങ്ങ് ജിയാന്‍ജിയാന്‍ ടെലിഫോണിലൂടെ സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസം കത്തോലിക്ക മാധ്യമമായ ‘യുസിഎ ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തിരിന്നു. വത്തിക്കാന്റെ അംഗീകാരമുള്ള ഴുവാങ്ങ് മെത്രാനോട്, പാട്രിയോട്ടിക് അസോസിയേഷന്റെ മെത്രാന് വേണ്ടി സ്ഥാനമൊഴിഞ്ഞു കൊടുക്കണമെന്ന് വത്തിക്കാന്‍ ആവശ്യപ്പെട്ട കാര്യവും റിപ്പോര്‍ട്ടില്‍ ഉണ്ടായിരിന്നു. അതേസമയം വത്തിക്കാന്റെ ഭാഗത്തുനിന്നും ഈ വാര്‍ത്തകളെകുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. നിലവില്‍ ചൈനയിലെ ഔദ്യോഗിക സഭ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന സമൂഹമാണ്. പാട്രിയോടിക്ക് കത്തോലിക്കാ സഭ എന്നാണ് ഈ സമൂഹം അറിയപ്പെടുന്നത്.
ക്ലാന്‍ഡെസ്റ്റൈന്‍ എന്നറിയപ്പെടുന്ന വത്തിക്കാന്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഭൂഗര്‍ഭസഭയും രാജ്യത്തുണ്ട്. അതേസമയം മെത്രാന്‍ നിയമനം മാര്‍പാപ്പയുടെ അംഗീകാരത്തിനു കീഴിലല്ലാത്തതിനാല്‍ പാട്രിയോടിക്ക് സഭയെ വത്തിക്കാന്‍ അംഗീകരിക്കുന്നില്ല. ഇക്കാരണത്താല്‍ തന്നെ വത്തിക്കാനും ചൈനയുമായുള്ള നയതന്ത്ര ബന്ധത്തിന് അടക്കം വിള്ളല്‍ വീണിരിന്നു. എന്നാല്‍, ചൈനയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സമൂഹങ്ങള്‍, മാര്‍പാപ്പയുടെ അപ്രമാദിത്വത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്. ഇവരെ സര്‍ക്കാര്‍ വിരുദ്ധരായി കണക്കാക്കുന്നതിനാല്‍ ഭൂഗര്‍ഭ അറകളിലാണ് ആരാധന നടക്കുന്നത്. ഈ സാഹചര്യത്തില്‍ ഇരുഭാഗവും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായതായിട്ടാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.