News - 2025
ഈജിപ്തിലെ ക്രിസ്ത്യന്‍ ദേവാലയം തകര്‍ത്ത 19 ഇസ്ലാം മതസ്ഥര്‍ക്ക് 'നല്ലനടപ്പ്'
സ്വന്തം ലേഖകന്‍ 04-02-2018 - Sunday
കെയ്റോ: ഈജിപ്തിലെ കെയ്റോയുടെ തെക്ക് ഭാഗത്ത് ഗിസായില്‍ സ്ഥിതി ചെയ്തിരിന്ന ക്രൈസ്തവ ദേവാലയം ആക്രമിച്ച കേസില്‍ 19 ഇസ്ലാം മതവിശ്വാസികള്‍ക്ക് കോടതി ഒരു വര്‍ഷത്തെ നല്ലനടപ്പ് വിധിച്ചു. പ്രതികള്‍ തങ്ങള്‍ ചെയ്ത തെറ്റ് ആവര്‍ത്തിക്കാതിരിക്കുന്നിടത്തോളം കാലം അവര്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതായി വരില്ല. ദേവാലയം ആക്രമിച്ച കുറ്റത്തിന് അറ്റ്‌ഫി മിസ്‌ഡെമീനര്‍ കോടതി ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വിധി പ്രഖ്യാപിച്ചത്.
ഒരു കുറ്റത്തിന് ശിക്ഷ വിധിച്ചുകഴിഞ്ഞിട്ട് ആ ശിക്ഷ നടപ്പാക്കുന്നത് കുറച്ചുകാലത്തേക്ക് തടഞ്ഞുവെക്കുന്നതിനെയാണ് ‘നല്ല നടപ്പ്’ എന്ന് പറയുന്നത്. നല്ലനടപ്പ് കാലത്ത് പ്രതി പ്രസ്തുത കുറ്റം ആവര്‍ത്തിക്കാതിരുന്നാല്‍ ശിക്ഷയില്‍ നിന്നും ഒഴിവാക്കപ്പെട്ടേക്കും. നേരത്തെ ഡിസംബര്‍ 22-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് നിരവധി ഇസ്ലാം മതസ്ഥര്‍ സര്‍ക്കാര്‍ ലൈസന്‍സ് ലഭിക്കാത്ത ദേവാലയത്തിന് ചുറ്റും തടിച്ച് കൂടി ദേവാലയത്തിന് നേരെ കല്ലെറിയുകയും, ദേവാലയത്തിനകത്തുണ്ടായിരുന്ന വിശ്വാസികളെ ആക്രമിക്കുകയുമായിരുന്നു. സുരക്ഷാ സേന എത്തുന്നത് വരെ ഈ ആക്രമണം തുടര്‍ന്നു.
ദേവാലയങ്ങളെ സംബന്ധിക്കുന്ന 2016-ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ദേവാലയത്തിന് ലൈസന്‍സിന് വേണ്ടി അപേക്ഷിച്ചിട്ട് കുറേക്കാലമായെന്ന്‍ രൂപതാവൃത്തം നേരത്തെ വെളിപ്പെടുത്തിയിരിന്നു. ഈജിപ്തിലെ ഇസ്ളാമിക യാഥാസ്ഥിതിക വാദികളുടെ രോഷത്തെ ഭയന്ന്‍ പ്രാദേശിക അധികാരികള്‍ ക്രൈസ്തവര്‍ക്ക് ദേവാലയകെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള അനുവാദം നല്‍കാറില്ല. അതിനാലാണ് ക്രിസ്ത്യാനികള്‍ നിയമപരമല്ലാത്ത രീതിയില്‍ ദേവാലയങ്ങള്‍ നിര്‍മ്മിച്ച് ആരാധനകള്‍ നടത്തുവാന്‍ ശ്രമിക്കുന്നത്.
ദേവാലയത്തിന് നേരെ ശക്തമായ ആക്രമണം അഴിച്ചു വിട്ടിട്ടും ലളിതമായ ശിക്ഷയാണ് പ്രതികള്‍ക്ക് നല്‍കിയത്. അതേസമയം സര്‍ക്കാര്‍ അംഗീകാരമില്ലാതെ ദേവാലയം സ്ഥാപിച്ചു എന്ന കുറ്റത്തിന് ഒരു കോപ്റ്റിക് ക്രിസ്ത്യാനിക്ക് 3,60,000 ഈജിപ്ത്യന്‍ പൗണ്ട് പിഴ ശിക്ഷ വിധിച്ചിട്ടുണ്ട്. ഈജിപ്തിലെ ജനസംഖ്യയുടെ 10 ശതമാനത്തോളം പേര്‍ ക്രിസ്ത്യാനികളാണ്. രാജ്യത്തെ ക്രൈസ്തവരും ദേവാലയങ്ങളും മുസ്ലീം മതമൗലീകവാദികളുടെ ആക്രമണത്തിനിരയാകുന്നത് പതിവായിരിക്കുകയാണ്.