News

മധ്യപ്രദേശിലെ 46 ഗ്രാമങ്ങളുടെ കണ്ണീരൊപ്പിക്കൊണ്ട് കത്തോലിക്ക സഭയുടെ ആതുരാലയം

സ്വന്തം ലേഖകന്‍ 13-02-2018 - Tuesday

സാഗര്‍: ജാതി മതഭേദമില്ലാതെ ആയിരക്കണക്കിന്‌ പാവപ്പെട്ട രോഗികളുടെ കണ്ണീരൊപ്പിക്കൊണ്ട് മധ്യപ്രദേശിലെ കത്തോലിക്ക സഭയുടെ ആശുപത്രി. ബുന്ദേൽകന്ദ് ഗോത്ര മേഖലയിൽ സ്ഥിതി ചെയ്യുന്ന മാതാ മരിയ ആശുപത്രി നാല്പത്തിയാറോളം വരുന്ന ഗ്രാമങ്ങളുടെ ഏക ആശ്രയമാണ്. നിരവധിയായ രോഗങ്ങളിലൂടെ കടന്നുപോകുന്ന ഗ്രാമ നിവാസികള്‍ക്ക് സാമ്പത്തിക ലാഭം കൂടാതെയാണ് ആശുപത്രി അധികൃതർ ചികിത്സ നല്‍കുന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ് പ്രദേശവാസികളിലേറെയും. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മലിനമായ അന്തരീക്ഷവും ഗ്രാമത്തില്‍ പകർച്ചവ്യാധികൾ വ്യാപകമാകുന്നതിന് കാരണമായിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ക്രിസ്തു പഠിപ്പിച്ച കരുണയുടെയും സേവനത്തിന്റെയും മാതൃകയിലൂടെ അനേകര്‍ക്ക് സാന്ത്വനമേകുകയാണ് വൈദികരും സന്യസ്ഥരുമടക്കമുള്ള ആശുപത്രി നേതൃത്വം. സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യ കാര്യത്തിലാണ് ആശുപത്രി നേതൃത്വം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രദേശത്തെ ആയിരത്തിഇരുനൂറോളം വരുന്ന കുടുംബങ്ങളിൽ രണ്ടു കുടുംബങ്ങൾ മാത്രമാണ് ക്രിസ്ത്യാനികൾ. എന്നിരുന്നാലും ജാതി മതഭേദമന്യേ ജനങ്ങൾക്ക് സേവനം ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹോസ്പിറ്റലിന്റെ ഡയറക്ടർ ബിജു എന്ന പേരിലറിയപ്പെടുന്ന ഫാ.തോമസ് ഫിലിപ്പ് വ്യക്തമാക്കി.



നിരാലംബരേയും നിര്‍ധനരേയും ചേര്‍ത്ത് നിര്‍ത്തിയ വിശുദ്ധ മദർ തെരേസയുടെ സേവനമാതൃകയാണ് ആശുപത്രി പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഗര്‍ രൂപതയുടെ മാനവ വിഭവശേഷി വിഭാഗമായ മാനവ് വികാസ് സേവ സംഘിന്‍റെ ഡയറക്ടർ കൂടിയാണ് ഫാ. തോമസ്. സമൂഹത്തിന്റെ അടിസ്ഥാന വികസനത്തിന് വേണ്ടിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. ക്രിസ്തുവിന്റെ കരുണ തങ്ങളുടെ സേവനങ്ങളിലൂടെ പ്രഘോഷിക്കുകയാണ് ഫാ. തോമസും സഹസന്യസ്ഥരും.

More Archives >>

Page 1 of 284