News

കാല്‍ നൂറ്റാണ്ടിന് ശേഷം തളര്‍വാതരോഗി എഴുന്നേറ്റ് നടന്നു; ലൂര്‍ദ്ദില്‍ നടന്ന അത്ഭുതത്തിന് അംഗീകാരം

സ്വന്തം ലേഖകന്‍ 12-02-2018 - Monday

ലൂര്‍ദ്: പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് ശ്രദ്ധേയമായ ലൂര്‍ദ്ദില്‍ നടന്ന എഴുപതാമത് അത്ഭുതത്തിന് ഔദ്യോഗിക അംഗീകാരം. മുപ്പതു വർഷത്തോളം തളർവാത രോഗിയായി നടക്കാൻ സാധിക്കാതിരുന്ന ബെര്‍ണര്‍ഡേട്ടെ മൊറിയോ എന്ന കന്യാസ്ത്രീ ലൂർദ്ദിലെ തീർത്ഥാടനത്തിന് ശേഷം എഴുന്നേറ്റ് നടന്ന അത്ഭുതമാണ് ലൂര്‍ദ്ദ് ബിഷപ്പ് നിക്കോളാസ് ബ്രൌവേറ്റ് അംഗീകരിച്ചതായി പ്രഖ്യാപിച്ചത്. ഇന്നലെ പരിശുദ്ധ അമ്മയുടെ ലൂര്‍ദ് പ്രത്യക്ഷീകരണത്തിന്റെ തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേയാണ് പ്രഖ്യാപനമുണ്ടായത്.

സുഷ്മ്നാ നാഡിക്കുണ്ടായ തകരാറില്‍ 1968-1975 കാലഘട്ടത്തില്‍ നാലോളം ശസ്ത്രക്രിയകളാണ് സിസ്റ്റര്‍ മൊറിയോക്ക് നടത്തിയത്. 1980-ല്‍ സിസ്റ്റര്‍ ബെര്‍ണര്‍ഡേട്ടെയുടെ ശരീരം പൂര്‍ണ്ണമായും തളരുകയായിരിന്നു. പിന്നീട് വീല്‍ചെയറിലായിരിന്നു സിസ്റ്ററുടെ ജീവിതം. ശക്തമായ വേദനയുടെ നിമിഷങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും ആ സമയങ്ങളില്‍ മോര്‍ഫിന്‍ ഗുളിക കഴിച്ചിരിന്നതായും സിസ്റ്റര്‍ പറയുന്നു. 2008 ൽ ലൂർദ്ദിലെ പ്രത്യക്ഷീകരണങ്ങളുടെ നൂറ്റിഅമ്പതാം വാർഷികം പ്രമാണിച്ചു തന്റെ രൂപതയിൽ നിന്നുമുള്ള സംഘത്തോടൊപ്പമാണ് സിസ്റ്റര്‍ ബെര്‍ണര്‍ഡേട്ടെ ലൂര്‍ദ്ദില്‍ എത്തിയത്.

തീക്ഷ്ണമായ പ്രാര്‍ത്ഥനയ്ക്കും തീര്‍ത്ഥാടനത്തിനും ഒടുവില്‍ കോണ്‍വന്‍റില്‍ മടങ്ങിയെത്തിയ സിസ്റ്റര്‍ ചാപ്പലില്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുമ്പോഴാണ് അത്ഭുതം സംഭവിച്ചത്. ശരീരത്തിനു പ്രത്യേകമായ ഒരു അനുഭവം സിസ്റ്റര്‍ക്ക് ഉണ്ടായി. ഉടനെ റൂമിലേക്ക് പോയ സിസ്റ്റര്‍ക്ക് കാലിൽ ചേർത്തു കെട്ടിയിരുന്ന ബ്രേയ്സ് അഴിച്ചു മാറ്റുവാൻ ഒരു ശബ്ദം കേട്ടു. സംശയം കൂടാതെ അപ്രകാരം ചെയ്ത സിസ്റ്റര്‍ ബെര്‍ണര്‍ഡേട്ടെ അത്ഭുതകരമായി എണീറ്റ് നടക്കുകയായിരിന്നു. പിന്നീട് സിസ്റ്ററുടെ അത്ഭുത രോഗസൗഖ്യം ഭൂവായിസ് രൂപതയുടെ അനുമതിയോട് കൂടി ലൂര്‍ദ്ദിലെ ഇന്‍റര്‍നാഷ്ണല്‍ മെഡിക്കല്‍ സമിതിയില്‍ അറിയിക്കുകയായിരിന്നു.

തുടര്‍ന്നു നടന്ന വിദഗ്ദ്ധമായ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷമാണ് ശാസ്ത്രത്തിന് അതീതമായ അത്ഭുതമാണ് നടന്നിരിക്കുന്നതെന്ന് മെഡിക്കല്‍ സമിതി സാക്ഷ്യപ്പെടുത്തിയത്. ഇതേ തുടര്‍ന്നാണ് അത്ഭുത രോഗസൗഖ്യം ഔദ്യോഗികമായി സഭ അംഗീകരിച്ചത്. ഇതിന് മുന്‍പ് 2013-ലാണ് ലൂര്‍ദ്ദില്‍ നടന്ന അത്ഭുതത്തിന് അവസാനമായി അംഗീകാരം നല്‍കിയത്. ലൂര്‍ദ്ദില്‍ അനേകം അത്ഭുതങ്ങളും അടയാളങ്ങളും ഉണ്ടാകുന്നുവെങ്കിലും സഭ ഔദ്യോഗികമായി പ്രഖ്യാപിച്ച എഴുപതാമത്തെ അത്ഭുതമാണ് ഇത്.

Must Read: ‍ ലൂര്‍ദ്ദില്‍ നടക്കുന്ന അത്ഭുതങ്ങള്‍ ശാസ്ത്രത്തിന്റെ പരിധിക്കും അപ്പുറത്താണെന്ന്‌ നോബല്‍ സമ്മാന ജേതാവായ ഡോ. ലൂക്ക്‌ മൊണ്ടഗെനര്‍

1858-ൽ വിശുദ്ധ ബെര്‍ണാഡെറ്റേക്കാണ് ആദ്യമായി ലൂർദിൽ പരിശുദ്ധ അമ്മയുടെ ദർശനം ലഭിക്കുന്നത്. പിന്നീട് പല തവണ പരിശുദ്ധ 'അമ്മ പ്രത്യക്ഷപ്പെടുകയും പാപികൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അവളോട് ആവശ്യപ്പെടുകയും ചെയ്തു. ലൂർദ് മാതാവിന്റെ മധ്യസ്ഥതയാൽ അനേകർക്ക് അത്ഭുതരോഗശാന്തി ലഭിച്ചിട്ടുണ്ടെന്ന് ഇതിനോടകം തന്നെ നിരവധി പേർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇന്ന് അനേകായിരങ്ങൾ സന്ദർശിക്കുന്ന ലോകത്തിലെ ഒരു വലിയ മരിയൻ തീർത്ഥാടന കേന്ദ്രമാണ് ലൂർദ്.

പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ ലൂര്‍ദ്ദില്‍ നടക്കുന്ന അത്ഭുതങ്ങള്‍ ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിയാത്തതാണെന്ന്‌ എച്ച്‌ ഐ വി അടക്കം നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയ പ്രശസ്‌ത ശാസ്‌ത്രജ്ഞനും 2008ലെ നോബല്‍ സമ്മാന ജേതാവുമായ ഡോ. ലൂക്ക്‌ മൊണ്ടഗെനര്‍ കഴിഞ്ഞ വര്‍ഷം അഭിപ്രായപ്പെട്ടിരിന്നു.

More Archives >>

Page 1 of 284