News - 2025
മാര്‍പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തിന് സാഹചര്യങ്ങള്‍ അനുകൂലമല്ലെന്ന് പാത്രിയാര്‍ക്കീസ്‍ ലൂയിസ് റാഫേല്‍
സ്വന്തം ലേഖകന്‍ 12-02-2018 - Monday
ബാഗ്ദാദ്: ഇറാഖ് സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് പാപ്പ സന്നദ്ധനാണെങ്കിലും രാജ്യത്തെ സാഹചര്യങ്ങള്‍ അനുകൂലമല്ലെന്ന് കല്‍ദായ കത്തോലിക്ക പാത്രിയാര്‍ക്കീസ്‍ ലൂയിസ് റാഫേല്‍ ഒന്നാമന്‍ സാക്കോ. ആഗോളതലത്തില്‍ ക്രൈസ്തവർ നേരിടുന്ന മത പീഡനങ്ങളുടെ തീവ്രതയിലേക്ക് ലോകശ്രദ്ധയാകർഷിക്കുക എന്ന ലക്ഷ്യത്തോടെ റോമിലെ കൊളോസിയവും ഇറാഖിലെയും സിറിയയിലെയും ദേവാലയങ്ങള്‍ ചുവപ്പ് ദീപം തെളിയിക്കുന്ന പരിപാടിക്ക് മുന്‍പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരിന്നു അദ്ദേഹം. ഏകദിന സന്ദര്‍ശനത്തിനായുള്ള അപേക്ഷ താന്‍ പാപ്പായ്ക്ക് സമര്‍പ്പിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
നിലവിലെ കുര്‍ദിഷ് പോരാട്ടത്തിനിടയില്‍ സന്ദര്‍ശനം നടന്നാല്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയേക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. സുന്നി അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ചപ്പോലുള്ള അനുഭവവും അദ്ദേഹം പത്രസമ്മേളനത്തില്‍ വിവരിച്ചു. രണ്ടായിരത്തിനടുത്ത് ഭക്ഷണ പാക്കറ്റുകളുമായി അഭയാര്‍ത്ഥി ക്യാമ്പിലെ ഷെയ്ക്കിനെയും ഇമാമിനെയും സന്ദര്‍ശിച്ചപ്പോള്‍ നിങ്ങളുടെ ദൈവം സ്നേഹമാണെന്ന് തങ്ങള്‍ക്ക് അറിയാമെന്നാണ് അതില്‍ ഒരാള്‍ പറഞ്ഞത്. അവരോടു പിന്നീട് ഒന്നും സംസാരിക്കുവാന്‍ കഴിഞ്ഞില്ലായെന്നും ലൂയിസ് റാഫേല്‍ പറയുന്നു.
അതേസമയം ഫെബ്രുവരി 24 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ചർച്ച് ഇൻ നീഡിന്റെ ആഭിമുഖ്യത്തിലാണ് ചുവപ്പ് ദീപം തെളിയിക്കുന്നത്. അന്നേ ദിവസം സിറിയയിലെ ആലപ്പോ സെന്‍റ് ഏലിയ മാരോണൈറ്റ് കത്തീഡ്രലും ഇറാഖിലെ മൊസൂൾ സെന്‍റ് പോൾ ദേവാലയവും സമാന രീതിയിൽ പ്രകാശിപ്പിക്കും. ഇസ്ളാമിക തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്നു മൂന്നു ലക്ഷത്തോളം ക്രൈസ്തവർ താമസിച്ചിരുന്ന ഇറാഖിൽ നിന്നും പകുതിയോളം പേർ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ പലായനം ചെയ്തതായാണ് കണക്കുകൾ.