News - 2025
സൊമാലിയയില്‍ ഐഎസ് വേരുറപ്പിച്ചതായി മെത്രാന്റെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍ 10-02-2018 - Saturday
മൊഗാദിഷു: ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ വേരുറപ്പിച്ചെന്നും മധ്യപൂര്‍വ്വേഷ്യയില്‍ നിന്നുമുള്ള ഇസ്ലാമിക തീവ്രവാദികളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് രാജ്യത്തു തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും വെളിപ്പെടുത്തല്‍. ദിജിബൗട്ടിയിലെ മെത്രാനും മൊഗാദിഷുവിലെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററുമായ മോണ്‍. ജ്യോര്‍ജിയോ ബെര്‍ട്ടിനാണ് പാശ്ചാത്യ രഹസ്യാന്വോഷണ സംഘടനകളുടെ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചുകൊണ്ട് ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ സൊമാലിയയില്‍ തങ്ങളുടെ വേരുറപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്.
ഇറാഖിലും, സിറിയയിലും ഐഎസ് പരാജയപ്പെട്ട സാഹചര്യത്തില്‍ അല്‍ക്വയ്ദയുമായി ബന്ധമുള്ള അല്‍ ഷബാബ് തീവ്രവാദികളേയും, മധ്യപൂര്‍വ്വേഷ്യയില്‍ നിന്നുമുള്ള ഇസ്ലാമിക തീവ്രവാദികളേയും സംഘടിപ്പിച്ചുകൊണ്ടാണ് ഐഎസ് സൊമാലിയയില്‍ സംഘടിച്ചിരിക്കുന്നത്. സൊമാലിയയുടെ വടക്ക്-പടിഞ്ഞാറന്‍ ഭാഗത്തുള്ള അര്‍ദ്ധ-സ്വയംഭരണാവകാശ മേഖലയായ പുണ്ട്-ലാന്‍ഡിലാന്‍ഡാണ് സൊമാലിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് കേന്ദ്രമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഇസ്ലാമല്ലാത്തവരെ തിരഞ്ഞുപിടിച്ചു കൊല്ലുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ഇസ്ളാമിക തീവ്രവാദികള്‍ പുറത്തിറക്കിയ വീഡിയോ ജനങ്ങള്‍ക്കിടയില്‍ ആശങ്കക്ക് കാരണമായിരുന്നു.
ഇതിനെ തുടര്‍ന്ന്‍ അമേരിക്ക നടത്തിയ ‘ഡ്രോണ്‍’ ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ വഴി രാജ്യത്തിന്റെ പ്രത്യേകിച്ച് മൊഗാദിഷുവിന്റെ സുസ്ഥിരതയെ തകര്‍ക്കുകയെന്നതാണ് ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ പദ്ധതിയെന്ന്‍ ബിഷപ്പ് പറയുന്നു. അന്താരാഷ്ട്ര സഹായം കൊണ്ടാണ് ഇപ്പോള്‍ സൊമാലിയ പിടിച്ചു നില്‍ക്കുന്നത്. സ്വന്തം താല്‍പ്പര്യങ്ങളെ മുന്‍നിറുത്തിയുള്ള ബാഹ്യസഹായമാണ് ലഭിക്കുന്നതിനാല്‍ പുറത്തുനിന്നുള്ള സഹായത്തെ എക്കാലവും ആശ്രയിക്കുവാന്‍ കഴിയുകയില്ലെന്നും മോണ്‍സിഞ്ഞോര്‍ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഫോര്‍മാജോ എന്നറിയപ്പെടുന്ന മൊഹമ്മദ് അബ്ദുല്ലാഹി മൊഹമ്മദ്, സൊമാലിയയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാജ്യത്തെ സൈനീക പ്രശ്നങ്ങള്‍ പരിഹരിച്ച് രാഷ്ട്രീയ സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന പ്രതീക്ഷ ജനങ്ങളില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുവാന്‍ അദ്ദേഹത്തിനും കഴിഞ്ഞിട്ടില്ല.രാജ്യത്തിന് വേണ്ടി സര്‍ക്കാര്‍ കഴിയുംവിധമെല്ലാം ചെയ്യുന്നുണ്ടെങ്കിലും രാജ്യത്തിന്റെ സുസ്ഥിരതയും ജനങ്ങളുടെ പിന്തുണയും ഉറപ്പുവരുത്തുവാനാണ് പ്രസിഡന്റ് ഇപ്പോള്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.