News - 2025
മലയാറ്റൂർ കുരിശുമുടി റെക്ടര്‍ കുത്തേറ്റ് മരിച്ചു
സ്വന്തം ലേഖകന്‍ 01-03-2018 - Thursday
കൊച്ചി: പ്രശസ്ത തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയുടെ റെക്ടര്‍ കുത്തേറ്റു മരിച്ചു. ഫാ. സേവ്യർ തേലക്കാട്ടാണ് കൊല്ലപ്പെട്ടത്. 52 വയസ്സായിരുന്നു. മുന്‍ കപ്യാരായ ജോണിയാണ് വൈദികനെ കുത്തിയത്. ഇയാളെ മൂന്ന് മാസം മുൻപ് കപ്യാർ ചുമതലയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതപ്പെടുന്നത്. വനത്തിലേക്ക് ഓടി രക്ഷപ്പെട്ട പ്രതിക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
കുരിശുമലയിലെ ആറാമത്തെ സ്ഥലത്തുവെച്ചാണ് വൈദികന് കുത്തേറ്റത്. പരുക്കേറ്റ ഫാ. സേവ്യറിനെ ഉടൻ തന്നെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രക്തം വാര്‍ന്നായിരിന്നു വൈദികന്റെ മരണം. കഴിഞ്ഞ ഏഴു വർഷമായി കുരിശുമുടിയിലെ റെക്ടറായി സേവനം ചെയ്തു വരികയായിരിന്നു അദ്ദേഹം.
കൊച്ചി ചേരാനെല്ലൂർ തേലക്കാട്ട് പൗലോസ്–ത്രേസ്യാമ്മ ദമ്പതികളുടെ എട്ടു മക്കളിൽ രണ്ടാമനായിരിന്നു ഫാ.സേവ്യർ. 1993 ഡിസംബർ 27ന് തിരുപ്പട്ടം സ്വീകരിച്ചു. സിഎൽസി അതിരൂപതാ ഡയറക്ടർ, പിഡിഡിപി വൈസ് ചെയർമാൻ എന്നീ നിലകളില്‍ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എല്‍എല്‍ബി ബിരുദധാരി കൂടിയായിരിന്നു അദ്ദേഹം.
സേവ്യറച്ചന്‍റെ ആത്മശാന്തിയ്ക്കായി ഒരു നിമിഷം നമ്മുക്ക് പ്രാര്‍ത്ഥിക്കാം