News - 2025
ജീവിതത്തിലുടനീളം യേശുവിനെ ശ്രവിക്കണം: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 27-02-2018 - Tuesday
വത്തിക്കാന്‍ സിറ്റി: സുവിശേഷത്തിലൂടെ, തിരുക്കര്‍മങ്ങളിലൂടെ, അവിടുന്നു നമ്മോടു സദാ സംസാരിക്കുന്നുണ്ടെന്നും അതിനാല്‍ അവിടുത്തെ നാം എപ്പോഴും ശ്രവിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. ഫെബ്രുവരി 25-ാംതീയതി റോമിലെ വിശുദ്ധ ജലാസിയോ പ്രഥമന്‍ പാപ്പായുടെ നാമത്തിലുള്ള ഇടവകയില്‍ നടത്തിയ ഇടയസന്ദര്‍ശനത്തിനിടെ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. യേശുവിന്റെ മഹത്വത്തെക്കുറിച്ചുള്ള അറിവ് നമ്മുടെ ജീവിതസഹനങ്ങളെ, പരീക്ഷണങ്ങളെ ധൈര്യത്തോടുകൂടി നേരിടുന്നതിനു നമ്മെ സഹായിക്കുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
''യേശു തന്റെ രൂപാന്തരീകരണത്തിലൂടെ പ്രകാശപൂര്‍ണനായി, വിജയശ്രീലാളിതനായി, മഹത്വപൂര്‍ണനായി സ്വര്‍ഗത്തില്‍ ആയിരിക്കുന്നതു അപ്പസ്തോലന്മാര്‍ക്കു കാണിച്ചു കൊടുക്കുകയായിരുന്നു. ഒപ്പം, തന്‍റെ പീഡാനുഭവങ്ങളെ സ്വീകരിക്കുന്നതിന് അവരെ ഒരുക്കുകയുമായിരുന്നു. ഒരു കുറ്റവാളിയെപ്പോലെ, യേശു കുരിശിലേറ്റപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുന്നവരായിരുന്നില്ല ശിഷ്യന്മാര്‍. ഇസ്രായേലിനെ മോചിപ്പിക്കാനുള്ളവനാണ് യേശുവെന്നും, അതിനാല്‍ അവിടുന്ന് ഭൂമിയില്‍ വിജയശ്രീലാളിതനായിരിക്കുമെന്നുമായിരുന്നു അപ്പസ്തോലന്മാര്‍ വിചാരിച്ചിരുന്നത്.
അതിനാല്‍, കുരിശുമരണം വരെ തന്നെത്തന്നെ താഴ്ത്തിക്കൊണ്ട് യേശു സ്വീകരിക്കുന്ന പാതയെക്കുറിച്ച് അജ്ഞരായിരുന്നു അവര്‍. കുരിശിനുശേഷമുള്ള മഹത്വമെന്താണെന്ന് യേശു അവര്‍ക്ക് മനസ്സിലാക്കികൊടുത്തു. ഈ മഹത്വത്തെക്കുറിച്ചുള്ള അറിവ് നമ്മുടെയും ജീവിതസഹനങ്ങളെ, പരീക്ഷണങ്ങളെ ധൈര്യത്തോടുകൂടി നേരിടുന്നതിനു സഹായിക്കും. മാത്രമല്ല, പ്രതിസന്ധിയുടെ ആ പരീക്ഷകളില്‍, കുരിശുകളില്‍, യേശു നമ്മോടൊത്ത് എപ്പോഴുമുണ്ടായിരിക്കും. പിതാവായ ദൈവം അപ്പസ്തോലന്മാരോടു പറയുന്നതിതാണ്, 'ഇവനെന്‍റെ പ്രിയപുത്രനാണ്; ഇവനെ ശ്രവിക്കുക'.
എല്ലാ സമായതും അതായത് മനോഹരങ്ങളായ നിമിഷങ്ങളിലും, കഷ്ടതകളുടെ നിമിഷങ്ങളിലും അവനെ കേള്‍ക്കുന്നതില്‍ നിന്നു നമുക്കു മാറിനില്‍ക്കാനാവില്ല. രണ്ടു കാര്യങ്ങള്‍ ഈ നോമ്പുകാലത്തില്‍ മുന്നോട്ടുനീങ്ങാന്‍ നമ്മെ സഹായിക്കട്ടെ: നമ്മുടെ പരീക്ഷണങ്ങളില്‍ യേശുവിന്‍റെ മഹത്വം ഓര്‍മിക്കുക. പരീക്ഷണവേളകളില്‍ യേശു നമ്മോടൊപ്പമുണ്ട്. അടുത്ത കാര്യം, നമ്മുടെ ജീവിതത്തിലുടനീളം, യേശുവിനെ കേള്‍ക്കുക. കാനായില്‍ 'അവന്‍ പറയുന്നതുപോലെ ചെയ്യുക' എന്ന പരിശുദ്ധ അമ്മയുടെ ഉപദേശം നമ്മുടെ ജീവിതത്തിലും അനുവര്‍ത്തിക്കണമെന്നു ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.