News - 2025
പോള്‍ ആറാമന്‍ പാപ്പയുടെ വിശുദ്ധ പദവി പ്രഖ്യാപനം ഒക്ടോബറില്‍
സ്വന്തം ലേഖകന്‍ 07-03-2018 - Wednesday
വത്തിക്കാന്‍സിറ്റി: വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ മാര്‍പാപ്പയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്ന തീയതിയില്‍ സൂചനയുമായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍. ഒക്ടോബര്‍ അവസാനം ബിഷപ്പുമാരുടെ സിനഡിനോട് ചേര്‍ന്ന് പാപ്പയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുമെന്നാണ് അദ്ദേഹം ഇന്നലെ വെളിപ്പെടുത്തിയത്. എന്നാല്‍ കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ മധ്യസ്ഥതയില്‍ മാരകമായ ഒരു രോഗം ബാധിച്ച ഗര്‍ഭസ്ഥ ശിശുവിന്റെ രോഗം സൗഖ്യപ്പെട്ടത് അദ്ഭുതമായി നാമകരണത്തിനായുള്ള വത്തിക്കാന്‍ തിരുസംഘം കഴിഞ്ഞ മാസമാണ് അംഗീകരിച്ചത്. തുടര്‍ന്നു ഈ വര്‍ഷം അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുമെന്ന് സഭ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരിന്നു.
1897ല്‍ ജിയോവാന്നി ബത്തീസ്ത മൊന്തീനിയായി ജനിച്ച പോള്‍ ആറാമന്‍ 1954ല്‍ മിലാന്‍ അതിരൂപതയുടെ സാരഥിയായി. 1963ല്‍ ജോണ്‍ 23ാമന്റെ നിര്യാണശേഷം മാര്‍പാപ്പയായി. 1978 ഓഗസ്റ്റ് ആറിന് അന്തരിച്ചു. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ പൂര്‍ത്തീകരണം ഇദ്ദേഹത്തിന്റെ കാലയളവിലായിരുന്നു. പോള്‍ ആറാമന്റെ വിഖ്യാതമായ ഹ്യൂമാനേ വീത്തേ (മനുഷ്യജീവന്‍) എന്ന ചാക്രികലേഖനത്തിന്റെ സുവര്‍ണജൂബിലി വര്‍ഷമാണിത്. അദ്ദേഹത്തിന്റെ പോപ്പുലോരും പ്രോഗ്രസിയോ (ജനതകളുടെ പുരോഗതി) എന്ന ചാക്രികലേഖനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. 1964 ഡിസംബറില്‍ അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചിരിന്നു. 1978 ഓഗസ്റ്റ് ആറിനാണു പാപ്പ കാലംചെയ്തത്. 2014 ഒക്ടോബര്‍ 19-ന് ഫ്രാന്‍സിസ് പാപ്പ, പോള്‍ ആറാമന്‍ പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയായിരിന്നു.