News - 2025

ഇറാഖി ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തു കുഴിച്ചുമൂടിയ സ്ഥലം കണ്ടെത്തി

സ്വന്തം ലേഖകന്‍ 06-03-2018 - Tuesday

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ ഇറാഖിലെ മൊസൂള്‍ നഗരത്തില്‍ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്ത് കുഴിച്ചുമൂടിയ സ്ഥലം കണ്ടെത്തി. നഗരത്തിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്തായി 15 കിലോമീറ്റര്‍ അകലെയുള്ള ബാദുഷ് ഗ്രാമത്തിന് സമീപമുള്ള ഹലിലാ മേഖലയിലാണ് ദായേഷ്‌ തക്രിഫി തീവ്രവാദികള്‍ ക്രിസ്ത്യാനികളെ കൂട്ടമായി കൊന്നൊടുക്കി കുഴിച്ചുമൂടിയ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇറാഖി സുരക്ഷാ സേനയുടെ സഹായത്തോടെ ഹഷ്ദ് അല്‍-ഷാബി (പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ്) എന്നറിയപ്പെടുന്ന സേനയാണ് രക്തസാക്ഷികളുടെ ശവപ്പറമ്പ് കണ്ടെത്തിയത്.

അല്‍-ഘാദ് വാര്‍ത്താ ഏജന്‍സിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള 40-ഓളം ക്രൈസ്തവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ചിലരുടെ പക്കല്‍ ചെറിയ കുരിശുകളും ഉണ്ടായിരുന്നു. 2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ മൊസൂളില്‍ ആധിപത്യം സ്ഥാപിച്ചതിനു ശേഷം മതന്യൂനപക്ഷങ്ങളായ ക്രൈസ്തവരും യസീദികളും കൂട്ടക്കൊല ചെയ്യുകയായിരുന്നു. ഇക്കാലയളവില്‍ ലക്ഷകണക്കിന് ക്രിസ്ത്യാനികളാണ് ജീവരക്ഷാര്‍ത്ഥം ജന്മദേശം വിട്ട് പലായനം ചെയ്തത്.

കഴിഞ്ഞവര്‍ഷം ജൂലൈ 10-ന് ഇറാഖി പ്രധാനമന്ത്രി ഹൈദര്‍ അല്‍-അബാദി മൊസൂളില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്തിയതായി പ്രഖ്യാപിച്ചു. ഡിസംബര്‍ 9-ന് ഐ‌എസിന് എതിരെയുള്ള സൈനിക നടപടികള്‍ അവസാനിപ്പിച്ചതായും പ്രഖ്യാപിച്ചു. 100 ദിവസങ്ങളോളം നീണ്ടുനിന്ന പോരാട്ടത്തിനു ശേഷം കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് ഇറാഖി സുരക്ഷാസേന കിഴക്കന്‍ മൊസൂളിന്റെ നിയന്ത്രണം കൈവശമാക്കിയത്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ പരാജയത്തിനു ശേഷം സുരക്ഷാഭടന്‍മാര്‍ നടത്തിയ പരിശോധനകളില്‍ ഏതാണ്ട് 70-ഓളം ഭീമ കുഴിമാടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. യസീദികളെ കുഴിച്ചുമൂടിയ കുഴിമാടങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇറാഖി ക്രിസ്ത്യാനികള്‍ക്ക് നേരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നടത്തിയത് വംശഹത്യ തന്നെയാണെന്ന് തെളിയിക്കാന്‍ ഉതകുന്നതാണ് ശവപറമ്പ് കണ്ടെത്തല്‍. ക്രിസ്ത്യാനികള്‍ക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയത് വംശഹത്യ തന്നെയാണെന്ന് അമേരിക്ക 2016-ല്‍ പ്രഖ്യാപിച്ചിരുന്നു.

More Archives >>

Page 1 of 292