News - 2025
സ്വീഡനിലെ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള മതപീഡനം രൂക്ഷമാകുന്നു
സ്വന്തം ലേഖകന്‍ 05-03-2018 - Monday
സ്റ്റോക്ക്ഹോം: ക്രമാതീതമായ അഭയാര്‍ത്ഥി പ്രവാഹത്തിനൊപ്പം ക്രിസ്ത്യന്‍വിരുദ്ധ വികാരവും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ രൂക്ഷമായതോടെ സ്വീഡനിലെ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള മതപീഡനത്തില്‍ വര്‍ദ്ധനവ്. ആക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ രാജ്യത്തെ വിവിധ ക്രിസ്ത്യന്‍ സഭകള്‍ അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വസം സ്വീകരിച്ച ക്രിസ്ത്യന്‍ അഭയാര്‍ത്ഥി ഇക്കഴിഞ്ഞ ഫെബ്രുവരി 11-ന് കാള്‍സ്റ്റാഡിലെ ദേവാലയത്തില്‍ നിന്നും പുറത്തേക്ക് വരുമ്പോള്‍ ആക്രമിക്കപ്പെട്ട വാര്‍ത്ത പ്രാദേശിക ദിനപത്രമായ ‘വാള്‍ഡന്‍ ഇദാഗ്’ റിപ്പോര്‍ട്ട് ചെയ്തിരിന്നു.
മറ്റൊരു സംഭവത്തില്‍, സിറിയയില്‍ നിന്നും സ്വീഡനിലേക്ക് കുടിയേറിയ അമീര്‍ എന്ന ക്രിസ്ത്യന്‍ അഭയാര്‍ത്ഥിയെ അതേ അഭയാര്‍ത്ഥി ക്യാമ്പില്‍ താമസിക്കുന്ന ഇസ്ലാമിക യുവാവ് കഴുത്തറുത്ത് കൊല്ലുമെന്നും, സിറിയയിലെ അമീറിന്റെ കുടുംബത്തെ ദ്രോഹിക്കുമെന്നും ഭീഷണി മുഴക്കുക്കിയിരിന്നു. സ്റ്റോക്ക്ഹോമില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചയാളെ മര്‍ദ്ദിച്ചുകൊന്നത് സ്വീഡനിലെ മതപീഡനത്തിന്റെ മറ്റൊരുദാഹരണമായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ജ്ഞാനസ്നാനം സ്വീകരിക്കുവാന്‍ തയാറായി നിന്ന ദിവസം തന്നെയാണ് അദ്ദേഹം ക്രൂരമായി കൊലചെയ്യപ്പെട്ടത്.
കുരിശുധരിക്കുന്ന ക്രിസ്ത്യാനികളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും, അവരുടെ കുരിശുമാല പറിച്ചെറിയുകയും ചെയ്യുന്നത് സ്വീഡനില്‍ നിത്യസംഭവമായിരിക്കുകയാണ്. അതിനാല്‍ സ്റ്റോക്ക്ഹോമിന്റെ പ്രാന്തപ്രദേശങ്ങളില്‍ താമസിക്കുന്ന ഈസ്റ്റേണ്‍ കത്തോലിക്കര്‍ കുരിശുമാല ധരിച്ചുകൊണ്ട് പുറത്തിറങ്ങാറില്ല. ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ‘ഓപ്പണ്‍ ഡോര്‍സ്’ കഴിഞ്ഞ വര്‍ഷം സ്വീഡനില്‍ നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത 123 പേര്‍ തങ്ങള്‍ ക്രൂരമായ മതപീഡനത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമാക്കി. മതപീഡനവുമായി ബന്ധപ്പെട്ട 512-ഓളം സംഭവങ്ങളില്‍ ഭൂരിഭാഗം ഇരകളും ക്രിസ്ത്യാനികളാണ്.
സര്‍വ്വേയില്‍ പങ്കെടുത്ത 53 ശതമാനത്തോളം പേര്‍ തങ്ങളുടെ ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ പേരില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും, 45 ശതമാനം തങ്ങള്‍ക്ക് വധഭീഷണി ലഭിച്ചിട്ടുണ്ടെന്നും, 6 ശതമാനം തങ്ങള്‍ ലൈംഗീകമായി അവഹേളിക്കപ്പെട്ടുവെന്നും വ്യക്തമാക്കി. അതേസമയം ക്രിസ്ത്യാനികള്‍ക്ക് നേരെ തുടര്‍ച്ചയായി അക്രമങ്ങള്‍ അരങ്ങേറിയിട്ടും സ്വീഡന്‍ ഭരണകൂടം ഇതിനെ കുറിച്ചു അന്വേഷിക്കുവാനോ, ഇതിനെ ചെറുക്കുവാനോ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഇതിനെതിരെ പൊതുസമൂഹത്തില്‍ വ്യാപക പ്രതിഷേധമാണുള്ളത്.