News - 2025
നൈജീരിയായിൽ വീണ്ടും ബോക്കോ ഹറാം; ക്രൈസ്തവരുടെ നിലനില്‍പ്പ് ചോദ്യചിഹ്നം
സ്വന്തം ലേഖകന്‍ 05-03-2018 - Monday
അബൂജ: നൈജീരിയൻ അതിർത്തി ഗ്രാമങ്ങളിൽ ഇസ്ളാമിക തീവ്രവാദ സംഘടനയായ ബോക്കോ ഹറാമിന്റെ ആക്രമണം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. ഇത് ക്രൈസ്തവരുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുകയാണെന്ന് വേള്‍ഡ് വാച്ച് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി 23ന് വടക്കൻ കാമറൂൺ പ്രവിശ്യയിലെ വിർകാസയിലും തകിബെക്കേയിലുമായി ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഒരാൾ വധിക്കപ്പെടുകയും കത്തോലിക്ക ദേവാലയം ഉള്‍പ്പെടെ നൂറോളം ഭവനങ്ങൾ അഗ്നിക്കിരയാകുകയും ചെയ്തു. ബോക്കോ ഹറാം തീവ്രവാദ ആക്രമണം രാജ്യത്തു ഗണ്യമായി കുറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരിന്നു. എന്നാല്‍ ഇതിനെയെല്ലാം തള്ളികളഞ്ഞുകൊണ്ടാണ് കഴിഞ്ഞ ആഴ്ച ആക്രമണം നടന്നത്.
വൈകുന്നേരം എട്ട് മണിയോടെ ഗ്രാമങ്ങളിൽ പ്രവേശിച്ച തീവ്രവാദികൾ കുടിലുകൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇരുപത്തിയഞ്ച് കിലോമീറ്ററോളം ദൂരത്തിൽ തീ പടർന്ന് പിടിച്ചു. സൈന്യം നടത്തിയ പ്രതിരോധാക്രമണത്തിൽ വെടിവെയ്പ്പ് അവസാനിപ്പിച്ച തീവ്രവാദികൾ അടുത്ത ഗ്രാമത്തിൽ ആക്രമണം തുടരുകയായിരുന്നു. സുരക്ഷാ സന്നാഹങ്ങൾ കുറഞ്ഞ ഗ്രാമങ്ങളാണ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നത്. അക്രമം ക്രൈസ്തവ- മുസ്ളിം സംഘർഷം രൂക്ഷമാക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ബോക്കോഹറാം സംഘം നൂറോളം പെൺകുട്ടികളെ സ്കൂളിൽ നിന്നും തട്ടികൊണ്ട് പോയതായി കഴിഞ്ഞയാഴ്ച ഗവൺമെന്റ് സ്ഥിരീകരിച്ചിരുന്നു.
നൂറു കണക്കിന് ക്രൈസ്തവരാണ് ഓരോ വർഷവും നൈജീരിയയുടെ വിവിധ പ്രദേശങ്ങളിൽ വധിക്കപ്പെടുന്നത്. 2016 ഒക്ടോബർ മുതൽ ഫുലാനി ഹെഡ്സ്മാന്‍ അടക്കമുള്ള തീവ്രവാദി സംഘടനകള്‍ നടത്തിയ ആക്രമണത്തില്‍ ഇരുന്നൂറിനു മുകളില്‍ ക്രൈസ്തവ വിശ്വാസികള്‍ മരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.