News - 2025

"യേശുവിലുള്ള വിശ്വാസം ത്യജിച്ചില്ല"; വിയറ്റ്നാമിൽ ക്രൈസ്തവർക്ക് നേരെ ആക്രമണം

സ്വന്തം ലേഖകന്‍ 22-03-2018 - Thursday

ഹനോയ്: യേശുവിലുള്ള വിശ്വാസം ത്യജിക്കുവാന്‍ വിസമ്മതിച്ചതിന് വിയറ്റ്നാമിലെ വടക്ക് പടിഞ്ഞാറൻ പ്രാദേശിക സമൂഹമായ ഹമോങിലെ ക്രൈസ്തവ സമൂഹത്തിനു നേരെ ആക്രമണം. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച തദ്ദേശീയരെ ഗ്രാമത്തലവന്റെ കീഴിലുള്ള സംഘം ഭീഷണിപ്പെടുത്തുകയും വിശ്വാസം ത്യജിക്കാൻ നിർബന്ധിക്കുകയായിരുന്നു. എന്നാൽ, ഭീഷണിക്കു വഴങ്ങാന്‍ ക്രൈസ്തവര്‍ കൂട്ടാക്കിയില്ല. തുടര്‍ന്നു ഇരുപത്തിനാലോളം വിശ്വാസികളെ ജനക്കൂട്ടം ആക്രമിക്കുകയായിരിന്നു. അക്രമത്തില്‍ നിരവധി പേര്‍ക്ക് സാരമായ പരിക്കേറ്റു.

ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന ആക്രമണങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു പിന്തുണയും ലഭിക്കുന്നില്ലായെന്നും വിയറ്റ്നാമിലെ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കമ്മ്യൂണിസ്റ്റ് ഭരണക്കൂടം മതവിശ്വാസത്തെ അടിച്ചമർത്തുന്നതിന് മുൻതൂക്കം നല്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്. നിയമം വഴി മതവിശ്വാസത്തെ നിയന്ത്രിക്കാനാണ് ഗവൺമെന്റിന്റെ ശ്രമമെന്നു വിയറ്റ്നാമീസ് മനുഷ്യവകാശ സംഘടന വിലയിരുത്തി. രാജ്യത്തു വിശ്വാസികൾക്ക് നേരെ വിവേചനവും ആക്രമണവും പതിവായിരിക്കുകയാണ്.

മതസ്വാതന്ത്ര്യം ഗവൺമെന്റ് നിയന്ത്രണത്തിൽ കൊണ്ടുവന്ന നിയമം പാസാക്കിയതോടെയാണ് ആക്രമണം വർദ്ധിച്ചതെന്ന് റിപ്പോർട്ടുകൾ ചൂണ്ടി കാണിക്കുന്നു. നാല് ലക്ഷത്തോളം ക്രൈസ്തവ വിശ്വാസികള്‍ ഉള്ള രാജ്യത്ത് ആരാധനാലയങ്ങൾ നിർമ്മിക്കാൻ അനുവാദവും ലഭ്യമല്ല. ഭരണകൂടം നിഷ്കർഷിക്കുന്ന ദേവാലയങ്ങളിൽ മാത്രം ശുശ്രൂഷകൾ നടത്തണമെന്ന നിബന്ധന ക്രൂരമാണെന്ന് വിയറ്റ്നാം മനുഷ്യവകാശ സംഘടന പ്രസിഡന്റ് വോ വാൻ അയി വ്യക്തമാക്കി. വിയറ്റ്നാമിലെ പത്ത് ശതമാനത്തോളം ജനങ്ങൾ ക്രൈസ്തവരാണ്. രാജ്യത്തെ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന വിവേചനം അതികഠിനമാണെന്ന്‍ അന്താരാഷ്ട്ര സംഘടനയായ ഓപ്പൺ ഡോർസും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

More Archives >>

Page 1 of 299