News - 2025
ആഗോള കുടുംബസംഗമത്തിന് ഫ്രാന്‍സിസ് പാപ്പയും
സ്വന്തം ലേഖകന്‍ 22-03-2018 - Thursday
വത്തിക്കാന്‍ സിറ്റി: ഓഗസ്റ്റ് മാസത്തില്‍ അയര്‍ലണ്ടിലെ ഡബ്ലിന്‍ നഗരത്തില്‍ നടക്കുന്ന ആഗോള കുടുംബസംഗമത്തില്‍ ഫ്രാന്‍സിസ് പാപ്പയും പങ്കെടുക്കും. ഇന്നലെ മാര്‍ച്ച് 21- തീയതി ബുധനാഴ്ച വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് 2018 ആഗസ്റ്റ് 25, 26 തിയതികളില്‍ നടത്തപ്പെടാന്‍ പോകുന്ന ഡബ്ലിന്‍ സന്ദര്‍ശനത്തെക്കുറിച്ച് പാപ്പ വെളിപ്പെടുത്തിയത്. തന്നെ ക്ഷണിച്ച രാഷ്ട്രത്തലവന്മാര്‍ക്കും, ഡബ്ലിന്‍ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡെര്‍മ്യൂഡ് മാര്‍ട്ടിനടക്കമുള്ള മെത്രാന്‍മാര്‍ക്കും പാപ്പ പ്രത്യേകം നന്ദിയറിയിച്ചു.
‘കുടുംബത്തിന്റെ സുവിശേഷം ലോകത്തിനുവേണ്ടിയുള്ള ആനന്ദം’ അഥവാ ‘ദ ഗോസ്പൽ ഓഫ് ദ ഫാമിലി, ജോയ് ഫോർ ദ വേൾഡ്’ എന്നതാണ് ഇത്തവണത്തെ കുടുംബ സംഗമത്തിന്റെ ആപ്തവാക്യം. ആഗസ്റ്റ് 22മുതൽ 26 വരെയാണ് ലോക കുടുംബസംഗമം നടക്കുന്നത്. വിവിധ ദിവസങ്ങളിൽ വിവിധ വേദികളിൽ സമ്മേളനങ്ങൾ നടക്കും. ഫ്രാൻസിസ് പാപ്പാ പുറപ്പെടുവിച്ച പ്രബോധനരേഖയായ ‘സ്‌നേഹത്തിന്റെ സന്തോഷ’ത്തെ ആസ്പദമാക്കി ‘കുടുംബവും വിശ്വാസവും’, ‘കുടുംബവും സ്‌നേഹവും’, ‘കുടുംബവും പ്രത്യാശയും’ എന്നീ വിഷയങ്ങളിൽ പാനൽ ചർച്ചകളും പ്രഭാഷണങ്ങളും സാക്ഷ്യങ്ങളും നടക്കും.
ഓഗസ്റ്റ് 25നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും തിരഞ്ഞെടുക്കപ്പട്ടവരുടെ നൃത്ത-സംഗീത പരിപാടി ‘ഫെസ്റ്റിവൽ ഓഫ് ദ ഫാമിലീസ്’ എന്ന പേരില്‍ നടക്കും. 26ന് ഫിയോനിക്‌സ് പാർക്കിൽപാപ്പ അർപ്പിക്കുന്ന ദിവ്യബലിയോടും ദിവ്യകാരുണ്യ ആശീർവാദത്തോടുംകൂടിയാണ് ലോക കുടുംബസംഗമത്തിന് തിരശീല വീഴുക. ഇക്കഴിഞ്ഞ ദിവസം, ആഗോള കുടുംബസമ്മേളനത്തിന്റെ ഔദ്യോഗിക ഐക്കണായ തിരുക്കുടുംബത്തിന്റെ ചിത്രം രണ്ട് കുടുംബങ്ങൾ ചേർന്ന് ഫ്രാൻസിസ് പാപ്പയ്ക്ക് സമ്മാനിച്ചിരുന്നു.