News - 2025

ബ്രസീലിലെ ഗോത്രവംശത്തില്‍ നിന്ന് ആദ്യ കത്തോലിക്ക വൈദികന്‍

സ്വന്തം ലേഖകന്‍ 22-03-2018 - Thursday

സാവോ പോളോ: ബ്രസീലിലെ ഇരുപത്തിമൂന്നോളം സ്വദേശ ഗോത്രങ്ങളിലൊന്നായ ബനിവാ ഗോത്രത്തില്‍ നിന്നും ആദ്യമായി കത്തോലിക്ക വൈദികന്‍. ‘ജെരാള്‍ഡോ ട്രിന്‍ഡാഡ് മോണ്ടെനെഗ്രോ’യാണ് തിരുപട്ടത്തിലൂടെ ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ ഭാഗഭാക്കായത്. ഇക്കഴിഞ്ഞ പതിനേഴാം തീയതി ബ്രസീലിലെ സാവോ ഗബ്രിയേല്‍ ഡാ കാച്ചോയെരാ രൂപതയില്‍ വച്ചാണ് തിരുപ്പട്ട സ്വീകരണം നടന്നത്. ബനിവാ ഗോത്ര അംഗങ്ങളുടെ സാന്നിധ്യത്തില്‍ നടത്തിയ പൗരോഹിത്യ പട്ട ശുശ്രൂഷകള്‍ക്ക് ബിഷപ്പ് എഡിസണ്‍ ഡാമിയന്‍ നേതൃത്വം നല്‍കി. ബ്രസീലിനും കൊളംബിയക്കും ഇടയിലെ അതിര്‍ത്തി പ്രദേശത്തുള്ള അയാരി നദിയുടെ സമീപത്തുള്ള അരാരിപിരാ കച്ചോയേരാ എന്ന പ്രദേശത്തു നിന്നുമാണ് ഫാ. ജെറാള്‍ഡോ ട്രിനിഡാഡ് മോണ്ടെനെഗ്രോ വരുന്നത്.

മനാവൂസ് സെമിനാരിയിലെ പൗരോഹിത്യ പരിശീലനത്തിനു ശേഷം തന്റെ സ്വന്തം ഇടവകയായ ‘നൂഎസ്ട്രാ സെനോരാ ഡെ ലാ അസന്‍സിയോന്‍ ഡെല്‍ റിയോ ഇക്കാന’യില്‍ ഒരുവര്‍ഷത്തിലേറെ ഡീക്കനായി സേവനം ചെയ്തു. ഈ ഇടവകയിലെ വൈദികനായിട്ട് തന്നെയാണ് അദ്ദേഹം തന്റെ പ്രേഷിത ദൗത്യം ആരംഭിക്കുവാന്‍ ഒരുങ്ങുന്നതും. തങ്ങളുടെ ഇടയില്‍ ആവശ്യത്തിനു പുരോഹിതരില്ലാത്തതിനാലാണ് താന്‍ ഒരു പുരോഹിതനാകുവാന്‍ തീരുമാനിച്ചതെന്ന് ഫാ. ജെറാള്‍ഡോ പറയുന്നു. “പുരോഹിതനാവുക എന്നതില്‍ ഒരുപാട് കാര്യങ്ങളുണ്ടെന്ന് എനിക്ക് പിന്നീട് മനസ്സിലായി. ഒരു പുരോഹിതനാവുക എന്നതുകൊണ്ടുദ്ദേശിക്കുന്നത് നിത്യജീവിതത്തില്‍ യേശുവിന്റെ സാന്നിധ്യമായി മാറുക എന്നാണ്”. ഫാ. ജെറാള്‍ഡോ വിവരിച്ചു.

ബ്രസീലിന്റെ അതിര്‍ത്തി പ്രദേശങ്ങളിലുള്ള 'മൈപൂരിയന്‍' ഭാഷാകുടുംബത്തില്‍പ്പെട്ട ബനിവാ ഭാഷ സംസാരിക്കുന്ന വിഭാഗമാണ് ബനിവാ ഗോത്രക്കാര്‍. സാവോ ഗബ്രിയേല്‍ ഡാ കാച്ചോയെരാ മേഖലയിലെ 90 ശതമാനം ആളുകളും ഗോത്രവംശജരാണ്. ഇവരിൽ നിന്നാണ് പൗരോഹിത്യത്തിന്റെ വില മനസ്സിലാക്കി ജെറാള്‍ഡോ ട്രിനിഡാഡ് സെമിനാരിയിൽ ചേർന്നത്. തിരുപട്ട സ്വീകരണത്തിന് ഗോത്ര വിഭാഗത്തിൽ നിന്നുള്ള നിരവധി പേർ എത്തിയിരുന്നു. ദിവസങ്ങളോളം സഞ്ചരിച്ചാണ് ഗോത്രാംഗങ്ങളില്‍ ചിലര്‍ പട്ടസ്വീകരണ ചടങ്ങില്‍ പങ്കെടുത്തത്.

More Archives >>

Page 1 of 300