News - 2025

ഭ്രൂണഹത്യ കൊലപാതകമാണെന്ന് തിരിച്ചറിയണം: ശ്രീലങ്കൻ കർദ്ദിനാൾ

സ്വന്തം ലേഖകന്‍ 17-04-2018 - Tuesday

കൊളംബോ: ഭ്രൂണഹത്യ കൊലപാതകമാണെന്ന്‍ വിശ്വാസികള്‍ തിരിച്ചറിയണമെന്ന്‍ കൊളംബോ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാൽക്കോം രഞ്ജിത്ത്. ഫ്രാൻസിസ് പാപ്പ ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്നുവെന്ന തെറ്റായ പ്രചാരണം സമൂഹത്തില്‍ ഉടനീളം വ്യാപിക്കുന്നുണ്ടെന്നും ഗര്‍ഭഛിദ്രത്തിന് മോചനം നല്കാനുള്ള അധികാരം വൈദികർക്ക് നല്കിയതോടെയാണ് ഇത്തരമൊരു വ്യാജ പ്രചരണം ശക്തി പ്രാപിച്ചതെന്നും ഏപ്രിൽ എട്ടിന് വൈദികർക്കും വിശ്വാസികൾക്കും അയച്ച കത്തിൽ അദ്ദേഹം വിശദീകരിച്ചു.

ദൈവം നല്കുന്ന മക്കളെ വളർത്തുക എന്നത് വിവാഹിതരും വിവാഹത്തിനൊരുങ്ങുന്നവരും ഏറ്റെടുക്കുന്ന ആത്മീയ ദൗത്യമാണ്. സ്വർഗ്ഗീയ ഉദ്യാനത്തിലെ അതിമനോഹരങ്ങളായ പുഷ്പങ്ങളെ പോലെയുള്ള കുഞ്ഞുങ്ങളെ മാനുഷിക സ്വാർത്ഥത മൂലം നശിപ്പിക്കുവാന്‍ പാടില്ല. ജീവനെ പരിപാലിക്കാനുള്ള ദൗത്യം നിർവഹിച്ച് ഗർഭസ്ഥ ശിശുക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുവാനും ഭ്രൂണഹത്യയെന്ന തിന്മയുടെ കാഠിന്യം മനസ്സിലാക്കി പിന്തിരിയുവാൻ പ്രാർത്ഥിക്കണമെന്നും അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.

ശ്രീലങ്കയിൽ ഗര്‍ഭഛിദ്രം നിയമവിരുദ്ധമാണെങ്കിലും ദിനംപ്രതി എഴുനൂറോളം ഭ്രൂണഹത്യ നടക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനിടെ ഗര്‍ഭഛിദ്രത്തിന് ഔദ്യോഗിക അനുമതി നല്‍കുവാന്‍ ഗവൺമെന്റ് നീക്കം നടത്തുന്നുണ്ട്. ഇതിനെതിരെ ശക്തമായ നിലപാടുമായി ശ്രീലങ്കന്‍ ദേശീയ മെത്രാന്‍ സമിതി രംഗത്തുണ്ട്. എന്നാല്‍ സര്‍ക്കാരിനെ പിന്തുണച്ച് വനിതാ സംഘടനകളുടെ അനുകൂല നീക്കം പ്രശ്നങ്ങൾ സങ്കീർണമാക്കുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ശ്രീലങ്കന്‍ ഇടവകകളില്‍ അബോർഷന്റെ ഭീകരതയെ വ്യക്തമാക്കുന്ന ഡോക്യുമെന്‍ററികളും പോസ്റ്ററുകളും പ്രദർശിപ്പിക്കുകയും പ്രാർത്ഥന ശുശ്രൂഷകൾ സംഘടിപ്പിക്കുകയും ചെയ്തിരിന്നു.

More Archives >>

Page 1 of 308