News - 2025

വ്യാജ പ്രവാചകന്മാരെ സൂക്ഷിക്കുക: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 18-04-2018 - Wednesday

വത്തിക്കാന്‍ സിറ്റി: വ്യാജപ്രവാചകരെ സൂക്ഷിക്കണമെന്ന ഓര്‍മ്മപ്പെടുത്തലുമായി ഫ്രാന്‍സിസ് പാപ്പ. സദാ പ്രാര്‍ത്ഥിക്കുന്ന, ദൈവത്തിലേയ്ക്കും മനുഷ്യരിലേയ്ക്കും ദൃഷ്ടി തിരിക്കുന്ന, ജനം തെറ്റുചെയ്യുമ്പോള്‍ വേദനിക്കുന്ന, അവരെക്കുറിച്ചു വിലപിക്കുന്ന, എന്നാല്‍ സത്യം വിളിച്ചു പറയുന്ന വ്യക്തിയാണ് യഥാര്‍ത്ഥ പ്രവാചകനെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ഇന്നലെ പേപ്പല്‍ വസതിയായ സാന്ത മാര്‍ത്തയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. യോഹന്നാന്‍റെ സുവിശേഷത്തില്‍ ജീവന്റെ അപ്പത്തേകുറിച്ചുള്ള യേശുവിന്റെ ചിന്തകളും അപ്പസ്തോല പ്രവര്‍ത്തനങ്ങളുടെ പുസ്തകത്തില്‍ വിശുദ്ധ സ്തേഫാനോസിന്‍റെ സാക്ഷ്യവിവരണവും അടിസ്ഥാനമാക്കിയാണ് പാപ്പ സന്ദേശം നല്‍കിയത്.

സഭയുടെ ആദ്യത്തെ രക്തസാക്ഷി സ്തേഫാനോസ് പരിശുദ്ധാത്മാവിനോടു മല്ലടിക്കുന്നവരെ കുറിച്ച് ശക്തമായി കുറ്റപ്പെടുത്തിയതും തല്‍ഫലമായി അദ്ദേഹം കല്ലെറിഞ്ഞുകൊല്ലപ്പെട്ടതും പാപ്പ സ്മരിച്ചു. പ്രവാചകന്‍ ഇന്നു സത്യം പറഞ്ഞുകൊണ്ടു കടന്നുവന്നാല്‍ പീഡിപ്പിക്കപ്പെടും എന്ന യാഥാര്‍ഥ്യം പാപ്പാ ചൂണ്ടിക്കാട്ടി. സത്യം പറയുന്ന പ്രവാചകന് പീഡനമേല്‍ക്കുക എന്നത് എല്ലാക്കാലത്തെയും പ്രത്യേകതയാണ്. തന്‍റെ ജനം സത്യത്തെ തള്ളിപ്പറയുന്നതിനെക്കുറിച്ചു യഥാര്‍ത്ഥ പ്രവാചകന്‍ വിലപിക്കുന്നു. എന്നിരുന്നാലും പ്രവാചകശബ്ദം ഒരിക്കലും നാശത്തിന്‍റേതല്ല, തിരിച്ചുവരവിന്‍റേതാണ്, പ്രത്യാശയുടേതാണ്.

സഭയ്ക്ക് പ്രവാചകശുശ്രൂഷ ആവശ്യമാണ്. വിമര്‍ശിക്കുന്നവനല്ല, പ്രവാചകന്‍. പ്രാര്‍ത്ഥിക്കുന്ന, ദൈവത്തിലേയ്ക്കും മനുഷ്യരിലേയ്ക്കും ദൃഷ്ടി തിരിക്കുന്നു, ജനം തെറ്റുചെയ്യുമ്പോള്‍ വേദനിക്കുന്ന, അവരെക്കുറിച്ചു വിലപിക്കുന്ന, എന്നാല്‍ സത്യം വിളിച്ചു പറയുന്ന വ്യക്തിയാണ് പ്രവാചകന്‍. സഭയ്ക്കു മുന്നോട്ടുപോകാന്‍, പ്രവാചകശുശ്രൂഷയുടെ അഭാവമുണ്ടാകാതിരിക്കട്ടെ എന്ന വാക്കുകളോടെയാണ് പാപ്പ വചനസന്ദേശം അവസാനിപ്പിച്ചത്.

More Archives >>

Page 1 of 309