News - 2025
ചൈനയില്‍ കുട്ടികള്‍ ദേവാലയത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക്
സ്വന്തം ലേഖകന്‍ 18-04-2018 - Wednesday
ബെയ്ജിംഗ്: ചൈനയിലെ ഹെനാന്‍, സിന്‍ജിയാംഗ് പ്രവിശ്യകളിലെ പതിനെട്ട് വയസ്സിനു താഴെയുള്ള കുട്ടികളെ വിശുദ്ധ കുര്‍ബാനയിലും മതബോധന ക്ലാസിലും പങ്കെടുക്കുന്നതിനും വിലക്കേര്‍പ്പെടുത്തികൊണ്ട് സര്‍ക്കുലര്‍. ഇക്കഴിഞ്ഞ ഏപ്രില്‍ 8-ന് ചൈനയിലെ സര്‍ക്കാര്‍ അംഗീകൃത സഭാവിഭാഗങ്ങളായ ഹെനാന്‍ പാട്രിയോട്ടിക്ക് അസോസിയേഷനും (PA), ഹെനാന്‍ കമ്മീഷന്‍ ഫോര്‍ ചര്‍ച്ച് അഫയേഴ്സും സംയുക്തമായിട്ടാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. ഈ വിലക്കിന് പുറമെ കോണ്‍ഫന്‍സുകള്‍, വേനല്‍-ശൈത്യകാല ക്യാമ്പുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതിന് വൈദികര്‍ക്കും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഇത് പാലിക്കാത്ത വൈദികരെ പിരിച്ചുവിടുമെന്ന മുന്നറിയിപ്പും സര്‍ക്കുലറില്‍ നല്‍കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഹെനാന്‍, സിന്‍ജിയാംഗ് എന്നീ പ്രവിശ്യകളിലാണ് ഈ നിരോധനമെങ്കിലും, വരുംകാലങ്ങളില്‍ ദേശീയ തലത്തില്‍ നിരോധനം പ്രാബല്യത്തില്‍ വരുമെന്ന ആശങ്കയിലാണ് വിശ്വാസികള്‍. മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ മറ്റാരെങ്കിലേയും ഏല്‍പ്പിച്ചിട്ട് വേണം ദേവാലയത്തില്‍ പോകുവാനെന്ന സാമാന്യ യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണ് സര്‍ക്കുലറില്‍ പറയുന്നത്.
ഇതില്‍ വീഴ്ച വരുത്തുന്നവരുടെ വിദ്യാഭ്യാസ യോഗ്യതകളും, ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള രജിസ്ട്രേഷനും റദ്ദാക്കപ്പെടുമെന്ന ഭീഷണിയുമുണ്ട്. നിലപാടില്‍ ഹെനാന്‍ പാട്രിയോട്ടിക്ക് അസോസിയേഷന് എതിരെ രൂക്ഷ വിമര്‍ശനവുമായി വിശ്വാസികള്‍ രംഗത്തുണ്ട്. ഹെനാന്‍ പാട്രിയോട്ടിക്ക് അസോസിയേഷന്റെ പ്രസിഡന്റായ ഫാ. വാങ്ങ് യൂഴെങ്ങും, ഹെനാന്‍ കമ്മീഷന്‍ ഫോര്‍ ചര്‍ച്ച് അഫയേഴ്സിന്റെ സെക്രട്ടറിയായ ലി ജിയാന്‍ലിനും ഈ സര്‍ക്കുലറിനു മൗനാനുവാദം നല്‍കിയിട്ടുണ്ടെങ്കില്‍ അവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദുര്‍ബ്ബലരായ വെറും കളിപ്പാവകള്‍ മാത്രമാണെന്നാണ് വിശ്വാസികള്‍ പറയുന്നത്.
ഇതിനിടെ ഓരോ ഞായറാഴ്ചയും സര്‍ക്കാര്‍ അംഗീകൃത സഭാ പ്രതിനിധികള്‍ തന്റെ ദേവാലയത്തില്‍ നിന്നും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ വരുന്ന കുട്ടികളെ തിരിച്ചയക്കാറുണ്ടെന്നു അന്യാങ്ങിലെ ഒരു പുരോഹിതന്‍ വെളിപ്പെടുത്തി. ചൈനയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ വിശ്വാസത്തിന്റെ വളര്‍ച്ചയെ തടയുക എന്നതാണ് ഈ നടപടികളുടെ പിന്നിലെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു.