News - 2025

ക്രൈസ്തവ വിശ്വാസിയാകുക എന്നത് ഉന്നതത്തില്‍ നിന്നു നല്‍കപ്പെടുന്ന ദാനം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 19-04-2018 - Thursday

വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ വിശ്വാസിയാകുക എന്നത് ഉന്നതത്തില്‍ നിന്നു നല്‍കപ്പെടുന്ന ദാനമാണെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. വിശ്വാസം വിലയ്ക്കു വാങ്ങാന്‍ കഴിയുകയില്ലായെന്നും തീക്ഷ്ണമായ വിശ്വാസം ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കണമെന്നും പാപ്പ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തി. ഉയിര്‍പ്പ് തിരുനാളിന് ശേഷം മാമ്മോദീസായെ അടിസ്ഥാനമാക്കി ആരംഭിച്ച പ്രബോധന പരമ്പരയുടെ തുടര്‍ച്ചയായാണ് പാപ്പ ഇത്തവണയും വചനസന്ദേശം പങ്കുവെച്ചത്.

ജ്ഞാനസ്നാനത്തില്‍ നമുക്കു ലഭിക്കുന്ന നാമം, നാമോരോരുത്തരും ദൈവത്താല്‍ സ്നേഹിക്കപ്പെടുന്ന അനന്യ വ്യക്തിയാണെന്നും നമ്മുടെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും ആ സ്നേഹത്തോടു പ്രത്യുത്തരിക്കാന്‍ വിളിക്കപ്പെട്ടവരാണെന്നും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വാസ്തവത്തില്‍, നിരവധിയായ വിളികളും ഉത്തരങ്ങളും കൊണ്ടു ഇഴചേര്‍ക്കപ്പെട്ടതാണ് ക്രിസ്തീയ ജീവിതം. യേശുവിനോടു അനുരൂപരായി തീരുന്നതിന് ദൈവം നമ്മെ പലപലരീതികളില്‍ വിളിക്കുന്നു. കുഞ്ഞു ജനിക്കുന്നതിനുമുമ്പു തന്നെ ആ കുഞ്ഞിന്‍റെ പേരിനെക്കുറിച്ച് മാതാപിതാക്കള്‍ ചിന്തിക്കുന്നു. ക്രൈസ്തവ വിശ്വാസിയാകുക എന്നത് ഉന്നതത്തില്‍ നിന്നു നല്കപ്പെടുന്ന ഒരു ദാനമാണ്. വിശ്വാസം വിലയ്ക്കു വാങ്ങാനാകില്ല, എന്നാല്‍ അത് യാചിക്കാം, ദാനമായി സ്വീകരിക്കാം.

കര്‍ത്താവേ വിശ്വാസദാനം എനിക്കേകണമേ- ഇത് മനോഹരമായ ഒരു പ്രാര്‍ത്ഥനയാണ്. വാസ്തവത്തില്‍ മാമ്മോദീസാ, വിശ്വാസത്തിന്‍റെ കൂദാശയാണ്. അതു വഴി മനുഷ്യര്‍ പരിശുദ്ധാരൂപിയാല്‍ ശക്തി പ്രാപിച്ച് ക്രിസ്തുവിന്‍റെ സുവിശേഷത്തോടു പ്രത്യുത്തരിക്കുന്നു. ക്രിസ്തുവിനോടു ചേര്‍ക്കപ്പെടാന്‍ പോകുന്നവന്‍റെ മേല്‍ വയ്ക്കപ്പെടുന്ന ക്രിസ്തുവിന്‍റെ മുദ്രയെ ആണ് കുരിശടയാളം സൂചിപ്പിക്കുന്നത്. തന്‍റെ കുരിശിനാല്‍ ക്രിസ്തു നമുക്കായി നേടിയ രക്ഷയുടെ കൃപയെയും അതു സൂചിപ്പിക്കുന്നുവെന്നും പാപ്പ വിശ്വാസഗണത്തെ ഓര്‍മ്മിപ്പിച്ചു.

More Archives >>

Page 1 of 309