News - 2025
ദയാവധത്തിന് അനുമതി നല്‍കുവാനുള്ള നീക്കത്തിനെതിരെ ക്രൈസ്തവ സമൂഹം
സ്വന്തം ലേഖകന്‍ 19-04-2018 - Thursday
സെന്‍റ് പീറ്റര്‍ ഫോര്‍ട്: ഇംഗ്ലീഷ് ചാനലിലെ ദ്വീപായ ഗ്യൂൺസെയില്‍ ദയാവധത്തിന് ഔദ്യോഗിക അനുമതി നല്‍കുവാനുള്ള നിയമനിർമ്മാണത്തിനെതിരെ പ്രതിഷേധവുമായി ക്രൈസ്തവ സമൂഹം. ദയാവധ നിയനിർമ്മാണത്തിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് മെയ് പതിനാറിന് ഗ്യൂൺസെയിയിലെ നിയമനിർമ്മാണ സഭയിൽ ചർച്ച നടക്കുന്ന സാഹചര്യത്തില്‍ ക്രൈസ്തവനേതാക്കൾ ഇതിനോടകം ദയവധത്തെ എതിര്‍ത്തുകൊണ്ടുള്ള കത്ത് അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. കത്തോലിക്ക സഭ, ദ ചർച്ച് ഓഫ് ഇംഗ്ലണ്ട്, മെത്തഡിസ്റ്റ് ചര്‍ച്ച് എന്നിവയുടെ പ്രതിനിധികളാണ് കത്ത് സമര്‍പ്പിച്ചിരിക്കുന്നത്.
ജീവിതം അവസാനിപ്പിക്കുന്നതിനുള്ള മാർഗത്തെപ്പറ്റി ചിന്തിക്കുകയല്ല ജീവനെ പിന്തുണക്കുകയും ആഘോഷിക്കുകയുമാണ് വേണ്ടതെന്ന്‍ കത്തില്‍ ക്രൈസ്തവ നേതാക്കള്‍ കുറിച്ചു. ജീവിതത്തിൽ വേദനയുടെയും സങ്കടങ്ങളുടെയും സമയമുണ്ട്. എന്നാല്‍ ജീവന്‍ അമൂല്യവും അത് സംരക്ഷിക്കപ്പെടേണ്ടതുമാണ്. ഒരാളെ മരിക്കാൻ സഹായിക്കുക എന്നാൽ അയാളെ ആത്മഹത്യ ചെയ്യാൻ സഹായിക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്. ദയാവധത്തിനുള്ള നിയമനിർമ്മാണം സെനറ്റ് തള്ളിക്കളയുമെന്നാണ് തങ്ങളുടെ പ്രാർത്ഥനയും പ്രതീക്ഷയുമെന്നും ക്രൈസ്തവ നേതൃത്വം കത്തിൽ വ്യക്തമാക്കി.