News - 2025

പ്രൊട്ടസ്റ്റന്‍റ് സമൂഹത്തിന് ദിവ്യകാരുണ്യം നല്‍കുക അസാധ്യം: വത്തിക്കാന്‍

സ്വന്തം ലേഖകന്‍ 19-04-2018 - Thursday

വത്തിക്കാന്‍ സിറ്റി: കത്തോലിക്ക വിശ്വാസികളുടെ പ്രൊട്ടസ്റ്റന്‍റുകാരായ ജീവിത പങ്കാളികള്‍ക്ക് ദിവ്യകാരുണ്യ സ്വീകരണം അനുവദിക്കണമെന്ന ജര്‍മ്മന്‍ മെത്രാന്‍ സമിതിയുടെ ആവശ്യത്തെ തള്ളികളഞ്ഞുകൊണ്ട് വത്തിക്കാന്‍ വിശ്വാസ തിരുസംഘം. ഇതുസംബന്ധിച്ച് ഫ്രാന്‍സിസ് പാപ്പായുടെ ഇടപെടലിനായി ജര്‍മ്മന്‍ മെത്രാന്‍ സമിതി അയച്ച മാര്‍ഗ്ഗരേഖ പാപ്പായുടെ അനുവാദത്തോടെ തന്നെ വത്തിക്കാന്‍ വിശ്വാസ തിരുസംഘം തിരിച്ചയച്ചുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഓസ്ട്രിയന്‍ കത്തോലിക്ക ന്യൂസ് വെബ്സൈറ്റായ കാത്ത്.നെറ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

'അത്യാവശ്യവും ഒഴിവാക്കാനാവാത്തതുമായ ഘട്ടങ്ങളില്‍ കത്തോലിക്കരല്ലാത്തവര്‍ക്കും വിശുദ്ധ കുര്‍ബാന നല്‍കാം' എന്ന കാനോന്‍ നിയമം 844-ന്റെ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തില്‍ ജര്‍മ്മന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റായ കര്‍ദ്ദിനാള്‍ റെയിന്‍ഹാര്‍ഡ് മാര്‍ക്സിന്റെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 22-നാണ് ജര്‍മ്മനിയിലെ മെത്രാന്‍ സമിതി ഈ അജപാലക മാര്‍ഗ്ഗരേഖക്ക് അംഗീകാരം നല്‍കിയത്. ഇതിനിടെ മെത്രാന്‍ സമിതിയിലെ സ്റ്റെഫാന്‍ ഓസ്റ്റര്‍ ഉള്‍പ്പെടെയുള്ള ഏഴോളം മെത്രാന്‍മാര്‍ ഇക്കാര്യത്തില്‍ വത്തിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വത്തിക്കാന് കത്തയച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് നിര്‍ദ്ദേശത്തെ വത്തിക്കാന്‍ തള്ളികളഞ്ഞെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. നേരത്തെ, ലളിതമായ കാര്യത്തിന് വേണ്ടി ദിവ്യകാരുണ്യ സ്വീകരണം സംബന്ധിച്ച് കാലാകാലങ്ങളായി പിന്തുടര്‍ന്നുവരുന്ന കത്തോലിക്കാ വിശ്വാസ ബോധ്യത്തെ മാറ്റുന്നത് ശരിയാണോയെന്ന്‍ വിചിന്തനം ചെയ്യണമെന്നു രൂപതയുടെ വാര്‍ത്താപത്രത്തില്‍ സ്റ്റെഫാന്‍ ഓസ്റ്റര്‍ കുറിച്ചതു വലിയ ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചിരിന്നു. ജര്‍മ്മന്‍ കര്‍ദ്ദിനാള്‍മാരായ വാള്‍ട്ടര്‍ ബ്രാന്‍ഡ്മുള്ളര്‍, പോള്‍ ജോസഫ് കോഡ്സ് തുടങ്ങിയവരും ജര്‍മ്മന്‍ മെത്രാന്‍ സമിതിയുടെ നിര്‍ദ്ദേശത്തിനെതിരാണ്. അതേസമയം വിഷയത്തില്‍ വത്തിക്കാന്‍ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.

More Archives >>

Page 1 of 309