News - 2025

ഒന്നര നൂറ്റാണ്ട് പിന്നിട്ട് മ്യാന്മറിലെ മിഷ്ണറി സമൂഹം

സ്വന്തം ലേഖകന്‍ 19-04-2018 - Thursday

യാംഗൂണ്‍: മ്യാന്‍മറില്‍ മിഷ്ണറിമാർ എത്തിയതിന്റെ നൂറ്റിയന്‍പതാം വാർഷികാഘോഷം ക്രിസ്തീയ സാക്ഷ്യത്തിന്റെ സംഗമമായി. ടോംങ്കുവിൽ നടന്ന വാര്‍ഷികാഘോഷത്തിലും പ്രാർത്ഥനാ ശുശ്രൂഷയിലും ഇരുപതിനായിരത്തോളം കത്തോലിക്ക വിശ്വാസികള്‍ പങ്കെടുത്തു. 1868-ൽ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ മിഷൻസ് (പി.ഐ.എം.ഇ) ആണ് കിഴക്കൻ ബർമ്മയിലെ ലെയ്ക്ക് തോ ഗ്രാമത്തിൽ മിഷ്ണറി പ്രവർത്തനം ആരംഭിച്ചത്. ഏപ്രിൽ 7, 8 തീയ്യതികളിലായാണ് മിഷ്ണറിമാർ സ്ഥാപിച്ച പ്രഥമ രൂപതയായ ടോംങ്കുവിൽ വാർഷികാഘോഷങ്ങൾ നടന്നത്. ജൂബിലിയാഘോഷങ്ങൾക്ക് പി.ഐ.എം.ഇ അദ്ധ്യക്ഷൻ ഫാ. ഫെറുസിയോ ബ്രാബിലസ്ക നേതൃത്വം നല്കി.

യാംഗൂണ്‍ ആര്‍ച്ച് ബിഷപ്പും മ്യാൻമറിലെ പ്രഥമ കർദ്ദിനാളുമായ ചാൾസ് മോങ്ങ് ബോ, ടോംങ്കു ബിഷപ്പ് മോൺ. ഐസക്ക് ദാനു എന്നിവർ ശുശ്രൂഷകൾക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. മിഷ്ണറിമാരുടെ സ്മരണാർത്ഥം നിർമ്മിച്ച സ്മാരകത്തിന്റെ ഉദ്ഘാടനം കർദ്ദിനാൾ ബോയും മെത്രാന്മാരും ചേർന്ന് നിർവഹിച്ചു. ലാറ്റിൻ ഭാഷയിൽ നടന്ന വാർഷിക ആഘോഷവും പ്രാര്‍ത്ഥനാ ശുശ്രൂഷകളും മൂന്നര മണിക്കൂറോളം നീണ്ടുനിന്നു. ശുശ്രൂഷ മദ്ധ്യേ നാല് നവവൈദികര്‍ അഭിഷിക്തരായി. പി.ഐ.എം.ഇ മിഷ്ണറിമാരുടെ സേവനം രാജ്യത്ത് വിശ്വാസ വളർച്ചയ്ക്ക് കാരണമായതായും വിശ്വാസികൾ ഇന്നും മിഷ്ണറിമാരുടെ സേവനത്തെ വിലമതിക്കുന്നുവെന്നും ചടങ്ങുക്കൾക്ക് സാക്ഷ്യം വഹിച്ചവർ പറഞ്ഞു.

തദ്ദേശീയ ദേവാലയങ്ങളുടെ സ്ഥാപനത്തിൽ നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ മിഷൻസ് ടോംങ്കു, കെങ്ങ്തങ്ങ്, ലാഷിയോ, ലൊയ്കോ, പെകോൺ എന്നിങ്ങനെ ആറ് രൂപതകളാണ് കിഴക്കന്‍ മ്യാന്മറില്‍ സ്ഥാപിച്ചത്. 1966 ൽ വിദേശ മിഷ്ണറിമാരെ പുറത്താക്കിയ നടപടിയും സഭാ വസ്തുവകകൾ പിടിച്ചെടുക്കാൻ തീരുമാനിച്ച ഗവൺമെന്റ് നീക്കത്തെയും അതിജീവിച്ച പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ മിഷൻസ് രാജ്യത്തു യേശുവിനെ എത്തിക്കുവാന്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. 1950 നും 1953 നും ഇടയിൽ യേശുവിനെ പ്രതി രക്തസാക്ഷിത്വം വരിച്ച ഫാ. മാരിയോ വെര്‍ഗാരേയെ 2014-ല്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരിന്നു.

More Archives >>

Page 1 of 310