News - 2025

ഇന്ന് ഉപവസിച്ച് പ്രാര്‍ത്ഥിക്കാമോ?; ലോകത്തോട് അപേക്ഷയുമായി ആസിയ ബീബി

സ്വന്തം ലേഖകന്‍ 27-04-2018 - Friday

ലാഹോര്‍: തനിക്ക് വേണ്ടി ഉപവസിച്ച് പ്രാര്‍ത്ഥിക്കണമേയെന്ന അപേക്ഷയുമായി പാക്കിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് തടവില്‍ കഴിയുന്ന ക്രൈസ്തവ യുവതി ആസിയ ബീബി. കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കുവാനിരിക്കെ, ഇന്ന് (ഏപ്രില്‍ 27) മോചനത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ റിനൈയ്‌സന്‍സ് എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോസഫ് നദീം വഴിയാണ് ആസിയ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ആസിയായുടെ കുടുംബാംഗളോടൊപ്പമാണ് ജോസഫ് നദീം ബീബിയെ സന്ദര്‍ശിച്ചത്.

"ആസിയായുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ദൈവത്തിന് സദാ നന്ദി പ്രകടിപ്പിക്കുന്ന അവള്‍ പൂര്‍ണ്ണ പ്രതീക്ഷയിലാണ്. തന്നെ അറിയാവുന്നവരും തന്റെ അവസ്ഥയില്‍ ദുഃഖമുള്ളവരും ഏപ്രില്‍ 27 (ഇന്ന്) തനിക്ക് വേണ്ടി ഉപവസിച്ച് പ്രാര്‍ത്ഥിക്കണമെന്നാണ് ആസിയ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്". ജോസഫ് നദീം പറഞ്ഞു. ആസിയായോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നു ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുമെന്ന് ലാഹോര്‍ ആര്‍ച്ച് ബിഷപ്പ് സെബാസ്റ്റ്യന്‍ ഷാ ഇതിനോടകം അറിയിച്ചിട്ടുണ്ട്.

2009-ല്‍ ആണ് ആസിയായെ മതനിന്ദാകുറ്റം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ക്രിസ്തീയ വിശ്വാസിയായ ആസിയ തങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്നതില്‍ ചില മുസ്ലിം സ്ത്രീകള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. ആസിയ കുടിവെള്ളം ചോദിച്ചപ്പോള്‍ മുസ്ലിം സ്ത്രീകള്‍ നിഷേധിച്ചിരിന്നു. ഒരു അമുസ്ലീമിന് തങ്ങളുടെ കുടിവെള്ള പാത്രം തൊടാന്‍ പോലും അവകാശമില്ലെന്ന് പറഞ്ഞായിരുന്നു അവര്‍ വെള്ളം നിഷേധിച്ചത്. തുടര്‍ന്ന് ആസിയ കിണറില്‍ നിന്നും വെള്ളം കോരിക്കുടിക്കുകയായിരുന്നു.

ഇതിനിടെ ആസിയായും അയല്‍ക്കാരികളായ മുസ്ലീം സ്ത്രീകളും തമ്മിലുള്ള വാക്കേറ്റത്തിനിടെ പ്രവാചകനെതിരെ ആസിയ പരാമര്‍ശം നടത്തിയതെന്നാണ് ആരോപണം. എന്നാല്‍ തന്നെ മനപ്പൂര്‍വം ദൈവനിന്ദാക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ആസിയ ബീബി പിന്നീട് വെളിപ്പെടുത്തിയിരിന്നു. അഞ്ചു കുഞ്ഞുങ്ങളുടെ അമ്മയാണ് ആസിയ. ആസിയായുടെ മോചനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലോകമെമ്പാടും സ്വരം ഉയരുന്നുണ്ട്. അടുത്തിടെ വത്തിക്കാനിലെത്തിയ ആസിയായുടെ കുടുംബത്തിന് ഫ്രാന്‍സിസ് പാപ്പ ഐക്യദാര്‍ഢ്യവും പ്രാര്‍ത്ഥനയും വാഗ്ദാനം ചെയ്തിരിന്നു.

More Archives >>

Page 1 of 313