News

അക്രമ പരമ്പരകള്‍ക്കിടയില്‍ വിശ്വാസം മുറുകെപിടിച്ച് സിറിയന്‍ ക്രൈസ്തവര്‍

സ്വന്തം ലേഖകന്‍ 28-04-2018 - Saturday

ആലപ്പോ/ ബൊഗോട്ട: ആഭ്യന്തരകലഹത്തിനും, തീവ്രവാദത്തിനുമിടയില്‍ യേശുവിലുള്ള വിശ്വാസം കാത്തുസൂക്ഷിച്ചു സിറിയന്‍ ക്രൈസ്തവര്‍. ഏഴു വര്‍ഷക്കാലം നീണ്ട സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ മറവില്‍ ഇസ്ളാമിക തീവ്രവാദികളുടെ ക്രൈസ്തവര്‍ക്കെതിരെയുള്ള നിഗൂഡ അജണ്ട ഒരു പരിധിവരെ വിജയം കണ്ടുവെങ്കിലും അവശേഷിക്കുന്ന ക്രൈസ്തവരുടെ വിശ്വാസത്തെ ഇളക്കുവാന്‍ തീവ്രവാദത്തിനു കഴിഞ്ഞിട്ടില്ലെന്ന് അന്ത്യോക്യായിലെ ഓര്‍ത്തഡോക്സ് സഭാ പാത്രിയാര്‍ക്കീസ് മോര്‍ ഇഗ്നേഷ്യസ് അഫ്രേം രണ്ടാമന്‍ വെളിപ്പെടുത്തി. അതേസമയം തന്നെ നരഹത്യ, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ അക്രമങ്ങള്‍ കാരണം അനേകം ക്രിസ്ത്യാനികള്‍ പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പോയിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്തയായ ബൗലോസ് യസീജിയേയും, സിറിയന്‍ ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്തയായ മോര്‍ ഗ്രിഗോറിയോസ് യൌഹാന്ന ഇബ്രാഹിമിനേയും തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയതിന്റെ അഞ്ചാം വാര്‍ഷികത്തില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച കൊളംബിയയിലെ ഗ്ലോബല്‍ ക്രിസ്റ്റ്യന്‍ ഫോറത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കുള്ളില്‍ സിറിയയിലെ ക്രൈസ്തവ ജനസംഖ്യയില്‍ 40 ശതമാനവും, അയല്‍രാജ്യമായ ഇറാഖിലെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ 80 ശതമാനവും കുറവ് വന്നിട്ടുണ്ടെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.



മെത്രാന്‍മാരെ തട്ടിക്കൊണ്ടു പോയത് സിറിയയിലെ പ്രത്യേകിച്ച് ആലപ്പോയിലെ ക്രിസ്ത്യന്‍ സമുദായത്തെ ലക്ഷ്യം വെച്ചുകൊണ്ടാണെന്ന കാര്യത്തില്‍ സംശയമില്ല. നിര്‍ഭാഗ്യവശാല്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നവര്‍ തങ്ങളുടെ ദൗത്യത്തില്‍ വിജയിച്ചിരിക്കുന്നു. ഇതേതുടര്‍ന്ന്‍ ആയിരകണക്കിന് ക്രിസ്ത്യാനികള്‍ ആലപ്പോ വിട്ടു പോയി. സിറിയന്‍ യുദ്ധത്തെ തുടര്‍ന്ന്‍ നൂറുകണക്കിന് ക്രിസ്ത്യാനികള്‍ സിറിയയില്‍ നിന്നും പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അവര്‍ വിശ്വാസത്തെ മുറുകെ പിടിക്കുന്നു. പാത്രിയാര്‍ക്കീസ് കൂട്ടിച്ചേര്‍ത്തു.

നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അര്‍മേനിയന്‍ കൂട്ടക്കൊലയുടെ ഭാഗമായി ഏതാണ്ട് അഞ്ചുലക്ഷത്തോളം സിറിയന്‍ ഭാഷ സംസാരിക്കുന്നവര്‍ കൊല്ലപ്പെട്ട കാര്യം ചൂണ്ടിക്കാട്ടിയ പാത്രിയാര്‍ക്കീസ് കഴിഞ്ഞ നൂറ്റാണ്ടുകളിലേതിന് സമാനമായി ക്രിസ്ത്യാനികള്‍ ഇന്നും കൂട്ടക്കൊലക്ക് വിധേയരായിക്കൊണ്ടിരിക്കുന്നുവെന്നും പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ നുസ്ര പോലെയുള്ള തീവ്രവാദികളാണ് ക്രൈസ്തവ മതമര്‍ദ്ദനത്തിന് നേതൃത്വം വഹിക്കുന്നത്.

സാഹചര്യങ്ങള്‍ വേദനാജനകമാണെങ്കിലും ആഭ്യന്തരയുദ്ധത്തിനിടയിലും, മതതീവ്രവാദികളുടെ ഭീഷണികള്‍ക്കിടയിലും ആലപ്പോയില്‍ അവശേഷിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസത്തെ മുറുകെപ്പിടിക്കുവാനും കാത്തുസൂക്ഷിക്കുവാനും കഴിയുന്നുണ്ട്. ആഗോളതലത്തില്‍ ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന സഹനങ്ങള്‍ കുരിശുമരണത്തിലൂടെ യേശു അനുഭവിച്ച സഹനങ്ങളെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് പാത്രിയാര്‍ക്കീസ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.

More Archives >>

Page 1 of 313