News - 2025
ദുരിതമനുഭവിക്കുന്ന ക്രൈസ്തവരുടെ കണ്ണീരൊപ്പിക്കൊണ്ട് ‘റോമന്‍ റണ്ണേഴ്സ്’
സ്വന്തം ലേഖകന്‍ 01-05-2018 - Tuesday
റോം: ഇറാഖിലും സിറിയയിലും ദുരിതമനുഭവിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കുവാന്‍ റിലേ ഓട്ടവുമായി സെമിനാരി വിദ്യാര്‍ത്ഥികള്‍. റോമിലെ നോര്‍ത്ത് അമേരിക്കന്‍ കോളേജില്‍ പഠിക്കുന്ന അമേരിക്കന്‍ സെമിനാരി വിദ്യാര്‍ത്ഥികളാണ് സഹനമനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി റിലേ ഓട്ടം സംഘടിപ്പിച്ചത്. ‘റോമന്‍ റണ്ണേഴ്സ് ’ എന്ന് പേര് നല്‍കിയ ടീമില്‍ 12 സെമിനാരി വിദ്യാര്‍ത്ഥികളാണു ഉണ്ടായിരിന്നത്. തങ്ങള്‍ സ്വരൂപിച്ച പണം അന്താരാഷ്‌ട്ര കത്തോലിക്ക സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (ACN) വഴി വിശ്വാസത്തിന്റെ പേരില്‍ സഹനമനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് എത്തിക്കുവാനാണ് ഇവരുടെ പദ്ധതി.
ടീമിലെ ഓരോ അംഗവും 15 മൈലുകള്‍ വീതം ഓടിയാണ് 242 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയത്. വാഷിംഗ്‌ടണ്‍ ഡി.സി, ലൂയിസിയാന, ലോവാ, അര്‍ലിംഗ്ടന്‍, വിര്‍ജീനിയ ഉള്‍പ്പെടെ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് റോമന്‍ റണ്ണേഴ്സ് ടീമംഗങ്ങള്‍. റോമന്‍ റണ്ണേഴ്സിന്റെ റിലേ ഓട്ടപരമ്പരയിലെ നാലാമത്തെ ഓട്ടമാണിത്. ഇത് രണ്ടാം പ്രാവശ്യമാണ് സമാഹരിക്കുന്ന പണം സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ക്രിസ്ത്യാനികള്‍ക്കായി ചിലവഴിക്കുന്നത്. ഇത്തവണത്തെ സംഭാവനയും സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ക്രിസ്ത്യാനികള്‍ക്കായി നല്‍കണമെന്ന് വെളിപ്പെട്ടത് പ്രാര്‍ത്ഥനാമദ്ധ്യേയായിരിന്നുവെന്ന് സെമിനാരി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ആര്‍ക്ക് വേണ്ടിയാണോ താന്‍ ഓടുന്നത്, അവരെ താന്‍ ഒരിക്കലും കണ്ടിട്ടില്ലായെന്നും എങ്കിലും തന്റെ പ്രവര്‍ത്തികളിലൂടെ അവരെ സ്നേഹിക്കുവാനും സഹായിക്കുവാനും തനിക്ക് കഴിയുമെന്നും പരിപാടിയില്‍ പങ്കെടുത്ത കാരവേ പറഞ്ഞു. ഒരു ചെറിയ കാരുണ്യപ്രവര്‍ത്തിയിലൂടെയും നമുക്ക് നമ്മുടെ അയല്‍ക്കാരെ സ്നേഹിക്കുവാന്‍ കഴിയും. ഇത്തരത്തിലുള്ള കാരുണ്യ പ്രവര്‍ത്തികളാണ് ആഗോള സഭയെ ഒന്നിപ്പിക്കുന്നത്. നമുക്ക് ഒരിക്കലും നേരിട്ട് സഹായിക്കുവാന്‍ കഴിയാത്തവരെ സഹായിക്കുവാനുള്ള അവസരമാണ് ഇതുപോലെയുള്ള ഈ ലളിതമായ പ്രവര്‍ത്തികൊണ്ട് നമുക്ക് ലഭിച്ചിരിക്കുന്നത്. കാരവേ വിവരിച്ചു
ഇറാഖിലെ ക്രിസ്ത്യാനികള്‍ വംശഹത്യക്കിരയായിക്കൊണ്ടിരിക്കുകയാണെന്ന വസ്തുത ശരിവച്ചുകൊണ്ട് ഐക്യരാഷ്ട്ര സഭയുടേയും, അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റേയും റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരിന്നു. പതിനായിരകണക്കിന് ക്രിസ്ത്യാനികളാണ് മധ്യപൂര്‍വ്വേഷ്യയില്‍ ഭവനരഹിതരായിരിക്കുന്നത്. അതേ സമയം ഇറാഖ്, സിറിയ രാജ്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് നേതൃത്വം വഹിക്കുന്നതില്‍ ഭൂരിഭാഗവും ക്രൈസ്തവ സന്നദ്ധ സംഘടനകളാണ്. തങ്ങളുടെ റിലേ ഓട്ടം അനേകരുടെ കണ്ണീരൊപ്പും എന്ന പ്രതീക്ഷയിലാണ് സെമിനാരി വിദ്യാര്‍ത്ഥികള്‍.