News
കന്യാസ്ത്രീയെ നാടുകടത്താനുള്ള തീരുമാനത്തിനെതിരെ ഫിലിപ്പീന്‍സ് ജനത
സ്വന്തം ലേഖകന്‍ 02-05-2018 - Wednesday
മനില: രാജ്യം വിട്ടുപോകണമെന്ന് ഫിലിപ്പീന്‍സ് ഭരണകൂടം അന്ത്യശാസനം നല്‍കിയിരിക്കുന്ന ഓസ്ട്രേലിയന്‍ മിഷ്ണറി സിസ്റ്റര്‍ പട്രീഷ്യ ഫോക്സിന് പിന്തുണ ശക്തമാകുന്നു. ഗവണ്‍മെന്‍റ് നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നിരവധി സാമൂഹ്യകൂട്ടായ്മകളാണ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ മുപ്പതുവര്‍ഷമായി രാജ്യത്തു പ്രേഷിത വേല ചെയ്തു വന്നിരിന്ന സിസ്റ്റര്‍ പട്രീഷ്യ കര്‍ഷകര്‍ക്കൊപ്പം പ്രതിഷേധ റാലിയില്‍ പങ്കെടുത്തുവെന്ന കാരണം ഉന്നയിച്ചാണ് നാടുവിടാന്‍ ഫിലിപ്പീന്‍സ് സര്‍ക്കാര്‍ അധികൃതര്‍ നേരത്തെ ഉത്തരവിട്ടത്. ഇതിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. കന്യാസ്ത്രീയ്ക്കു പിന്തുണയുമായി ‘സോളിഡാരിറ്റി വിത്ത് ദി പുവര്‍ നെറ്റ് വര്‍ക്ക്’ എന്ന പേരില്‍ സംഘടന ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
സിസ്റ്റര്‍ ഫോക്സിനെ നാടുകടത്തുവാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധിക്കുവാന്‍ വിവിധ വിശ്വാസി സംഘടനകളെ അണിനിരത്തുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. ഇക്കഴിഞ്ഞ ഏപ്രില്‍ 30-ന് നടത്തിയ കൂട്ടായ്മയുടെ ആരംഭ ചടങ്ങില്‍ മുന്നൂറോളം പേരാണ് അണിചേര്‍ന്നത്. പാവങ്ങള്‍ക്കിടയിലുള്ള സിസ്റ്റര്‍ പട്രീഷ്യയുടെ പ്രേഷിത വേലയുടെ സ്ഥിരീകരണമാണ് പുതിയ കൂട്ടായ്മയെന്ന്‍ കാര്‍മ്മലൈറ്റ് വൈദികനായ ഫാ. റിക്കോ പോണ്‍സ് പറഞ്ഞു. പ്രായമായ കന്യാസ്ത്രീയുടെ വിശ്വാസം കാത്തുസൂക്ഷിക്കുവാനും, പാവങ്ങള്‍ക്കിടയിലുള്ള അവരുടെ പ്രവര്‍ത്തനങ്ങളെ സംരക്ഷിക്കുവാനും എല്ലാവരും മുന്നോട്ട് വരണമെന്ന് ഫാ. റിക്കോ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ഇതിനിടെ ഫിലിപ്പീന്‍സ് മെത്രാന്‍ സമിതിയുടെ പ്രസിഡന്റും ദവാവോയിലെ മെത്രാപ്പോലീത്തയുമായ റോമുലോ വാലസ് തീരുമാനം പുനഃപരിശോധിക്കണമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടേര്‍ട്ടിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഫിലിപ്പീന്‍സില്‍ നിര്‍ധനര്‍ക്ക് ഇടയിലുള്ള സേവനങ്ങളെ മാനിച്ച് കന്യാസ്ത്രീയെ രാജ്യത്തു തുടരുവാന്‍ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കത്തോലിക്ക വിശ്വാസികള്‍ നിശബ്ദത പാലിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി മനില രൂപതയിലെ സഹായ മെത്രാനായ ബ്രോഡെറിക്ക് പാബില്ലോയും മുന്നോട്ട് വന്നിട്ടുണ്ട്.
ഇക്കഴിഞ്ഞ ഏപ്രില്‍ 16-നാണ് ഫിലിപ്പീന്‍സ് ഇമ്മിഗ്രേഷന്‍ ബ്യൂറോ സിസ്റ്റര്‍ പട്രീഷ്യയെ അറസ്റ്റ് ചെയ്യുന്നത്. തൊട്ടടുത്ത ദിവസം വിട്ടയക്കുകയും ചെയ്തു. പിന്നീട് ഏപ്രില്‍ 25-ന് ഇമ്മിഗ്രേഷന്‍ ബ്യൂറോ സിസ്റ്റര്‍ പട്രീഷ്യയുടെ മിഷ്ണറി വിസ റദ്ദാക്കുകയും, 30 ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യം വിടാന്‍ ആവശ്യപ്പെടുകയുമാണ് ഉണ്ടായത്. എന്നാല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ ജാഥയില്‍ പങ്കെടുത്തതിന്റെ പേരില്‍ കന്യാസ്ത്രീയെ നാടുകടത്തുന്നതിനെതിരെ പ്രതിഷേധം വ്യാപകമാകുകയായിരിന്നു. കന്യാസ്ത്രീയെ നാടുകടത്തുവാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഫിലിപ്പീന്‍സ് മെത്രാന്‍ സമിതി, കാരിത്താസ് അടക്കമുള്ള കൂട്ടായ്മകളും ശക്തമായി രംഗത്തുണ്ട്.