News - 2025
ലോക സമാധാനത്തിന് ജപമാലയുമായി ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 02-05-2018 - Wednesday
വത്തിക്കാന്‍ സിറ്റി: ലോക സമാധാനത്തിന് റോമിലെ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ഡിവിനോ അമോറെയില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ. തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്‍റെ തിരുനാള്‍ ദിനവും മരിയന്‍ ഭക്തിക്കായി സമര്‍പ്പിതമായിരിക്കുന്ന മെയ്മാസത്തിന്‍റെ ആദ്യദിനവും ആചരിച്ച ഇന്നലെയായിരുന്നു പാപ്പയുടെ സന്ദര്‍ശനം. പാപ്പയ്ക്കൊപ്പം ആയിരകണക്കിന് വിശ്വാസികളും ജപമാലയില്‍ പങ്കുചേര്‍ന്നു. ലോകം മുഴുവന്‍റെയും, പ്രത്യേകമായി സിറിയയയുടെയും സമാധാനമായിരിന്നു പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം.
തന്‍റെ സന്ദര്‍ശനത്തിന്‍റെ സ്മരണയ്ക്കായി തീര്‍ത്ഥാടന കേന്ദ്രത്തിന് പാപ്പ കാസ സമ്മാനിച്ചപ്പോള്‍ ഡിവീനോ അമോറെ നാഥയുടെ ചിത്രമാണ് പാപ്പായ്ക്ക് ദേവാലയ അധികൃതര്‍ തിരികെ സമ്മാനിച്ചത്. 1745-ല്‍ നിര്‍മിക്കപ്പെട്ട പഴയ ദേവാലയവും, 1999-ല്‍ നിര്‍മിക്കപ്പെട്ട പുതിയ ദേവാലയവും ചേര്‍ന്ന ദേവാലയ സമുച്ചയമാണ് ഡിവീനോ അമോറെ നാഥയുടെ തീര്‍ത്ഥാടനകേന്ദ്രം. ജപമാലയെ തുടര്‍ന്നു അപ്പസ്തോലിക ആശീര്‍വ്വാദം നല്കിയ പാപ്പ, ഡോറ്റേഴ്സ് ഓഫ് ഡിവീനോ അമോറെ എന്ന സന്യാസസമൂഹം നേതൃത്വം നല്‍കുന്ന വൃദ്ധസദനത്തിലെത്തി ഇരുപത്തിനാലോളം അന്തേവാസികളെയും സന്ദര്‍ശിച്ചു.