News - 2025

മകളുടെ സ്ഥൈര്യലേപന സ്വീകരണം ട്വിറ്ററില്‍ പങ്കുവച്ച് അമേരിക്കന്‍ താരങ്ങള്‍

സ്വന്തം ലേഖകന്‍ 03-05-2018 - Thursday

കാലിഫോര്‍ണിയ: മകളുടെ സ്ഥൈര്യലേപന സ്വീകരണം സോഷ്യല്‍ മീഡിയായില്‍ പങ്കുവച്ച് അമേരിക്കന്‍ താര ദമ്പതികളായ ജിം ഗാഫിഗനും പത്നിയായ ജിയാന്നിയും. താരങ്ങളുടെ മൂത്ത മകള്‍ മാരി കഴിഞ്ഞ ദിവസമാണ് സ്ഥൈര്യലേപനം സ്വീകരിച്ചു വിശ്വാസം സ്ഥിരീകരിച്ചത്. തുടര്‍ന്നു തങ്ങളുടെ കത്തോലിക്ക വിശ്വാസം മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രഘോഷിച്ചുകൊണ്ട് ജിം ഗാഫിഗനും ജിയാന്നിയും ചിത്രം ട്വിറ്ററില്‍ പങ്കുവെക്കുകയായിരിന്നു. അടുത്ത പടി കന്യാസ്ത്രീ മഠമാണെന്നും ചിത്രത്തോടുപ്പമുള്ള കുറിപ്പില്‍ പറയുന്നുണ്ട്.

“ഞങ്ങളുടെ മൂത്ത മകള്‍ക്ക് ആനന്ദകരമായ സ്ഥൈര്യലേപനം ആശംസിക്കുന്നു. അടുത്ത പടി, മഠത്തില്‍ ചേരല്‍. ഇതിനു മുന്‍കൈ എടുത്ത എമിലിചെന്നിക്കിനു നന്ദി” എന്നാണ് ഗാഫിഗാന്‍ ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഗാഫിഗന്റെ പോസ്റ്റിന് ആശംസകളും പ്രാര്‍ത്ഥനകളും അറിയിച്ചുകൊണ്ട് കമന്റുകള്‍ നല്‍കുന്നത്. ഹോളിവുഡ് നടിയും കത്തോലിക്കാ വിശ്വാസിയുമായ പട്രീഷ്യ ഹീറ്റണ്‍ ഗാഫിഗന്‍ ദമ്പതികള്‍ക്ക് അഭിനന്ദനം അറിയിച്ചു ട്വീറ്റ് ചെയ്തിട്ടുണ്ട്. ആശംസയോടൊപ്പം മാരിയുടെ സ്ഥൈര്യലേപന നാമമെന്താണെന്നും പട്രീഷ്യ ട്വീറ്റില്‍ ആരാഞ്ഞു.

അതേസമയം ജിം ഗാഫിഗന്‍ കൊമേഡിയന്‍ താരം ആയതിനാല്‍ മകള്‍ കന്യാസ്ത്രീ മഠത്തില്‍ ചേരുമെന്ന് പറഞ്ഞിരിക്കുന്നത് തമാശയാണെന്നാണ് പലരും വിലയിരുത്തുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല. ‘ദി ജിം ഗാഫിഗന്‍ ഷോ’ എന്ന ജീവചരിത്രപരമായ ടി.വി. ഷോയിലൂടെ പ്രസിദ്ധനായ ഗാഫിഗന്‍ തന്റെ കത്തോലിക്കാ വിശ്വാസം പരസ്യമായി പ്രഘോഷിക്കുന്നതില്‍ മടി കാണിക്കാത്ത വ്യക്തിത്വത്തിന് ഉടമയാണ്. ദൈവീക കാരുണ്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു ഡോക്യുമെന്ററിയിലും ജിം ഗാഫിഗന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2016-ല്‍അമേരിക്കയിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയില്‍ ഗാഫിഗന്‍ ദമ്പതികള്‍ നടത്തിയ പ്രഭാഷണം ശ്രദ്ധ പിടിച്ചു പറ്റിയിയിരിന്നു.

More Archives >>

Page 1 of 315