News - 2025

സ്ഥൈര്യലേപനം സ്വീകരിച്ച് മെക്സിക്കൻ തടവുപുള്ളികള്‍

സ്വന്തം ലേഖകന്‍ 09-05-2018 - Wednesday

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ചിഹുഹ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ജയിലിലെ പതിനഞ്ചോളം തടവുപുള്ളികള്‍ സ്ഥൈര്യലേപനം സ്വീകരിച്ചു തങ്ങളുടെ കത്തോലിക്ക വിശ്വാസം ഏറ്റുപറഞ്ഞു. ശുശ്രൂഷകള്‍ക്ക് സിയുദാദ് ജുവാരസ് ബിഷപ്പ് ജോസ് ഗ്വാഡാലുപ്പേ ടോറസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. 2016-ൽ മെക്സിക്കോയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഫ്രാൻസിസ് പാപ്പ സന്ദർശിച്ച തടവറയിലെ അംഗങ്ങളാണ് പ്രാര്‍ത്ഥനയോടെ കൂദാശകൾക്കായി സഭയെ സമീപിച്ചത്.

ജയിൽ അധികൃതരുടെ അനുവാദത്തോടെ പ്രിസൺ മിനിസ്ട്രി മെയ് 4ന് സോഷ്യൽ റീഅഡാപ്റ്റേഷൻ സെന്‍ററിൽ ശുശ്രൂഷകള്‍ക്ക് വേദിയൊരുക്കുകയായിരിന്നു. 2016 ഫെബ്രുവരി പതിനേഴിനാണ് മെക്സിക്കൻ സന്ദർശനത്തിനിടെ ഫ്രാൻസിസ് പാപ്പ തടവറ സന്ദർശിച്ചത്. സമൂഹത്തിൽ നിന്നും പുറത്താക്കപ്പെട്ടവരെ ഇരകളായി കരുതകയല്ല, മറിച്ച് അവരെ ദൈവരാജ്യത്തിനായി ഒരുക്കുകയാണ് വേണ്ടതെന്ന മാർപാപ്പയുടെ ആഹ്വാനം സ്വീകരിച്ചാണ് പ്രിസൺ മിനിസ്ട്രി വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കൂദാശ പരികർമ്മത്തിന് അവസരം ഒരുക്കിയത്.

തടവറയിൽ കഴിഞ്ഞ് ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഓരോ മനുഷ്യർക്കും ജീവിതം ഫലപ്രദമാക്കാനും ജീവിതാവസ്ഥയിൽ മാറ്റം വരുത്താനും സാധിക്കുമെന്ന ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യാശപൂര്‍ണ്ണമായ വാക്കുകൾ ശിരസ്സാ വഹിച്ച്, തടവുപുള്ളികള്‍ കൂദാശ സ്വീകരണത്തിന് ഒരുങ്ങുകയായിരുന്നു. മതസ്വാതന്ത്യം രാജ്യത്തെ പൗരന്റെ അവകാശമാണെന്നും ജയിൽ അന്തേവാസികളെ കുറ്റവാളികൾ എന്ന് വേർതിരിക്കാതെ മനുഷ്യരെന്ന നിലയിൽ ബഹുമാനിക്കണമെന്നും കൂദാശ സ്വീകരണത്തിന് അനുമതി കൊടുത്ത അറ്റോർണി ജനറല്‍ ഓഫീസ് വ്യക്തമാക്കി. ജയിൽവാസികളുടെ ബന്ധുമിത്രങ്ങളും ചടങ്ങിൽ സംബന്ധിച്ചിരുന്നു.

More Archives >>

Page 1 of 317