News - 2025

വിയറ്റ്നാമില്‍ സന്യാസ സമൂഹത്തിന് നേരെ ആക്രമണം

സ്വന്തം ലേഖകന്‍ 11-05-2018 - Friday

ഹനോയ്: വിയറ്റ്നാമിലെ സെന്‍റ് പോൾ ദി ചാർട്രസ് സന്യാസ സമൂഹത്തിനു കീഴിലുള്ള കോൺവെന്‍റ് പരിസരത്ത് ഭൂമി കയ്യേറ്റം തടഞ്ഞ കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണം. ഭൂമി കൈയ്യേറിയുള്ള അനധികൃത നിർമ്മാണ പ്രവർത്തനത്തിനെതിരെ പ്രതിഷേധിച്ച സന്യസ്ഥര്‍ക്ക് നേരെയാണ് തൊഴിലാളികൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ പന്ത്രണ്ടോളം സന്യസ്ഥർക്ക് സാരമായ പരിക്കേറ്റു. പോലിസിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ആക്രമണത്തിൽ അധികാരികൾ നിസ്സംഗരായി നോക്കി നില്‍ക്കുകയായിരിന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

1949-ൽ തന്നെ രണ്ടായിരത്തോളം ചതുരശ്ര അടി വരുന്ന സ്ഥലം സഭാ സമൂഹത്തിന് നിയമപരമായി അനുവദിച്ചിരുന്നു. എന്നാൽ 1950ൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം സ്ഥലം വിഭജിച്ച് വില്‍ക്കുകയായിരുന്നു. പിന്നീട് ഭൂമി വിട്ട് കിട്ടണമെന്ന ആവശ്യവുമായി സന്യാസിനികൾ ഭരണകൂടത്തെ സമീപിച്ചു. എന്നാൽ 2016-ൽ ഹനോയ് നിവാസിയായ ട്രാൻ ഹോങ്ങ് ലീ സ്ഥലത്ത് കെട്ടിടം പണിയാൻ അധികൃതരുടെ അനുവാദം ലഭിച്ചതായി അറിയിക്കുകയായിരുന്നു. കന്യാസ്ത്രീകള്‍ സമർപ്പിച്ച പരാതിയിൽ ഗവൺമെന്റ് അധികൃതർ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തി വയ്ക്കാൻ ലീയോട് നിർദ്ദേശിച്ചിട്ടുണ്ട്.

കോൺവെന്റ് ഭൂമിയിൽ നടക്കുന്ന അനധികൃത നിർമ്മാണം നിറുത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് സന്യസ്ഥരുടെ നേതൃത്വത്തിന്റെ നേതൃത്വത്തിൽ ഹോൻ കിം പീപ്പിൾസ് കമ്മിറ്റി ഓഫീസിലേക്ക് റാലി നടത്തി. തങ്ങളുടെ ആവശ്യം പരിഗണിക്കുന്നതു വരെ അനധികൃത നിർമാണത്തിനെതിരെ പ്രതിഷേധം തുടരുമെന്നും സിസ്റ്റര്‍ ക്വിന പറഞ്ഞു. സന്യസ്ഥർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ അപലപിച്ച വിയറ്റ്നാം റിലീജിയസ് ഫ്രീഡം അസോസിയേഷൻ, സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ടു.

More Archives >>

Page 1 of 318