News

സാത്താന് പരിശുദ്ധ അമ്മയ്ക്കു മുന്നില്‍ പിടിച്ചു നില്‍ക്കുവാന്‍ കഴിയില്ല: പ്രശസ്ത ഇറ്റാലിയന്‍ ഭൂതോച്ചാടകന്‍

സ്വന്തം ലേഖകന്‍ 11-05-2018 - Friday

റോം: പരിശുദ്ധ കന്യകാമറിയത്തിന്റെ മുന്നില്‍ സാത്താന് പിടിച്ചു നില്‍ക്കുവാന്‍ കഴിയുകയില്ലെന്ന് ഇറ്റാലിയന്‍ പുരോഹിതനും സുപ്രസിദ്ധ ഭൂതോച്ചാടകനുമായ ഫാ. സാന്റെ ബബോലിന്റെ വെളിപ്പെടുത്തൽ. മെക്സിക്കന്‍ ആഴ്ചപതിപ്പായ ‘ഡെസ്ഡെ ലാ ഫെ’ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ മറിയത്തിന്റെ മുന്നില്‍ പിടിച്ച് നില്‍ക്കുവാന്‍ കഴിയുകയില്ലായെന്നു സാത്താന്‍ അലറിയിട്ടുള്ളതായും അദ്ദേഹം വിവരിച്ചു.

"രണ്ടായിരത്തിലധികം ഭൂതോച്ചാടന കര്‍മ്മങ്ങള്‍ നടത്തിയിട്ടുള്ള എന്റെ അനുഭവത്തില്‍ നിന്നും ഞാന്‍ പറയുകയാണ്‌. പരിശുദ്ധ മറിയത്തിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന മാത്രയില്‍ തന്നെ ക്ഷുദ്രോച്ചാടനത്തിനു വിധേയരായിക്കൊണ്ടിരിക്കുന്നവരില്‍ പ്രകടമായ മാറ്റങ്ങള്‍ കാണാനാവും". അവള്‍ നിന്റെ തല തകര്‍ക്കും എന്ന് ദൈവം പുറപ്പാട് പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള കാര്യവും ഫാ. ബബോലിന്‍ ചൂണ്ടിക്കാട്ടി. ഭൂതോച്ചാടന വേളയില്‍ സാത്താനെതിരെയുള്ള ശക്തമായ ഉപകരണമായിട്ടാണ് പരിശുദ്ധ മറിയത്തിന്റെ നാമം ഉപയോഗിക്കുന്നതെന്നു ഇതിന് മുന്‍പും നിരവധി ഭൂതോച്ചാടകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

“മറിയത്തിന്റെ നാമം ഉച്ചരിക്കുമ്പോള്‍ എനിക്ക് പേടിയാകുന്നു” എന്ന് സാത്താന്‍ തന്നോടു പറഞ്ഞിട്ടുള്ളതായി 2016-ല്‍ മരണമടഞ്ഞ റോമിന്റെ ഔദ്യോഗിക ഭൂതോച്ചാടകനായിരുന്ന ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്ത് വെളിപ്പെടുത്തിയിരിന്നു. കഴിഞ്ഞ ജനുവരിയില്‍ പരിശുദ്ധ കന്യകാമാതാവുള്ള ഭവനങ്ങളില്‍ സാത്താന്‍ പ്രവേശിക്കുകയില്ലായെന്ന് ഫ്രാന്‍സിസ് പാപ്പയും പ്രഖ്യാപിച്ചിരിന്നു.

More Archives >>

Page 1 of 317