News - 2025
ഉത്തര കൊറിയ തടവിലാക്കിയ മൂന്ന് ക്രൈസ്തവരെ മോചിപ്പിച്ചു
സ്വന്തം ലേഖകന്‍ 10-05-2018 - Thursday
വാഷിംഗ്ടണ്‍: ഉത്തരകൊറിയ തടവിലാക്കിയ മൂന്ന് അമേരിക്കന്‍ ക്രൈസ്തവരെ മോചിപ്പിച്ചു. കിം ഡോങ്ങ് - ചുൽ, കിം സാങ്ങ് ഡക്, കിം ഹാക്ക് സോങ്ങ് എന്നീ ക്രൈസ്തവരുടെ മോചനക്കാര്യം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് സ്ഥിരീകരിച്ചത്. മൂന്നുപേരും പോംപിയോയ്‌ക്കൊപ്പം അമേരിക്കയിലേക്കു യാത്രതിരിച്ചെന്നും താന്‍ നേരിട്ടു സ്വീകരിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ട്രംപ്- കിം ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ക്കായിട്ടാണ് പോംപിയോ വീണ്ടും രഹസ്യമായി ഉത്തരകൊറിയ സന്ദര്‍ശിച്ചത്.
2011 ഏപ്രിൽ മാസത്തില്‍ അമേരിക്കയിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് ടോണി കിം (കിം സാങ്ങ് ഡക് ) അറസ്റ്റിലാകുന്നത്. പ്യോംങ്യാംഗ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി സേവനം ചെയ്ത് വരികയായിരുന്നു അദ്ദേഹം. ഒരു മാസത്തിന് ശേഷം യൂണിവേഴ്സിറ്റിയിലെ മറ്റൊരു ക്രൈസ്തവ പ്രൊഫസറായ കിം ഹാക്ക് സോങ്ങും അറസ്റ്റിലായി.
അമേരിക്കന്‍ ചാരന്മാർ എന്ന സംശയത്തിലാണ് ഇരുവരേയും കസ്റ്റഡിയിൽ എടുത്തത്. കൊറിയൻ- അമേരിക്കൻ മിഷ്ണറിയായിരുന്ന കിം ഡോങ്ങ് ചുലിനെ 2015-ൽ ആണ് തടവിലാക്കിയത്. മതസ്വാതന്ത്ര്യത്തിന് കടുത്ത വിലക്കുള്ള ഉത്തരകൊറിയയില്‍ നിരവധി ക്രൈസ്തവരാണ് തടവറയില്‍ കഴിയുന്നത്. ഈ സാഹചര്യത്തില്‍ നടന്ന മോചനം ക്രൈസ്തവ സമൂഹത്തിന് പുതുപ്രതീക്ഷ നല്‍കിയിരിക്കുകയാണ്.