News

മ്യാന്മറിലെ ക്രിസ്ത്യാനികള്‍ കടുത്ത വംശഹത്യക്കിരയാകുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി സ്‌കൈ ന്യൂസ്

സ്വന്തം ലേഖകന്‍ 09-06-2018 - Saturday

യാങ്കൂൺ: ബുദ്ധമത ഭൂരിപക്ഷരാജ്യമായ മ്യാന്മറിലെ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം ക്രൂരമായ രഹസ്യ വംശഹത്യക്കിരയാകുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സ്‌കൈ ന്യൂസ്. 'സ്‌കൈ ന്യൂസി'ന്റെ ഇന്‍വെസ്റ്റിഗേറ്റീവ് ടീം കച്ചിന്‍ മേഖലയിലൂടെ സഞ്ചരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഗര്‍ഭിണികളായ ക്രൈസ്തവ വനിതകള്‍ ക്രൂരമായ മാനഭംഗത്തിനിരായതടക്കമുള്ള ഞെട്ടിക്കുന്ന വസ്തുതകളാണുള്ളത്. മ്യാന്‍മറിലെ കേന്ദ്രസൈന്യത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടു പലായനം ചെയ്ത സാധാരണക്കാരായ ആയിരകണക്കിന് ക്രിസ്ത്യാനികള്‍ നിബിഡവനത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മ്യാന്‍മര്‍ സൈന്യവും, കച്ചിന്‍ വംശീയ-മതന്യൂനപക്ഷ പോരാളികളായ കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആര്‍മിയും (KIA) തമ്മിലുള്ള പോരാട്ടമാണ് ക്രൈസ്തവ സമൂഹത്തിന്റെ നിലനില്‍പ്പിനെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്. മ്യാന്മാറിന്റെ ഭാഗമാകുന്ന സമയത്ത് കച്ചിന്‍ ഗോത്രക്കാര്‍ക്ക് നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന ആവശ്യവുമായി സ്ഥാപിതമായ കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ഓര്‍ഗനൈസേഷന്റെ സൈനീക വിഭാഗമായ കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആര്‍മി (KIA) ക്കെതിരായ ഔദ്യോഗിക സൈന്യത്തിന്റെ ആക്രമണങ്ങളെ തുടര്‍ന്നു പതിനായിരങ്ങളാണ് അഭയാര്‍ത്ഥികളായത്.

ഒറ്റപ്പെട്ട് കിടക്കുന്ന കച്ചിന്‍ മേഖലയിലൂടെ സഞ്ചരിച്ച് 'സ്കൈ ന്യൂസി'ന്റെ ഇന്‍വെസ്റ്റിഗേറ്റീവ് ടീം തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. മ്യാന്മര്‍ സൈന്യത്തിന്റെ ആക്രമണം കാരണം കച്ചിന്‍ മേഖലയിലെ ആയിരകണക്കിന് ക്രിസ്ത്യാനികളാണ് ഭവനരഹിതരായി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നത്. ഇവരുടെ നിലനില്‍പ്പ് തന്നെ അനിശ്ചിതത്വത്തിലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സൈന്യത്തിന്റെ ആക്രമണത്തില്‍ ഗര്‍ഭിണികളായ ക്രൈസ്തവ സ്ത്രീകള്‍ ക്രൂര മാനഭംഗത്തിന് ഇരയായി. മ്യാന്‍മര്‍ ഭരണകൂടത്തിന്റെ നടപടി ക്രിസ്ത്യന്‍ വംശഹത്യ തന്നെയാണെന്ന്‍ ലാഷി ഒകാന്‍ ജാ എന്ന സ്ത്രീ സ്‌കൈ ന്യൂസ് പ്രതിനിധിയോട് വെളിപ്പെടുത്തി.

കച്ചിന്‍ വംശജരെ കാണുന്ന മാത്രയില്‍ തന്നെ സൈന്യം അവരെ കൊല്ലുവാനാണ് ശ്രമിക്കുന്നതെന്നും ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളെ സൈന്യം കൂട്ടമാനഭംഗം ചെയ്യുന്നുവെന്നും ലാഷി കൂട്ടിച്ചേര്‍ത്തു. മ്യാന്‍മറിലെ ക്രിസ്ത്യാനികള്‍ വംശഹത്യക്ക് വിധേയരാകുന്നുവെന്നത് സത്യമാണെന്ന് കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആര്‍മിയുടെ വൈസ്‌ പ്രസിഡന്റായ ജെനറല്‍ സുംലുട്ട് ഗണ്‍മാവും അടിവരയിട്ട് സമ്മതിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ ആയിരകണക്കിന് ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ക്രൈസ്തവ ഭൂരിപക്ഷ മേഖലയായ കച്ചിന്‍, മ്യാന്‍മറിലെ മറ്റ്‌ മേഖലകളില്‍ നിന്നും ഒറ്റപ്പെട്ട നിലയിലാണ് ഇപ്പോള്‍. മാധ്യമപ്രവര്‍ത്തകര്‍ക്കും, സന്നദ്ധ സഹായ സംഘടനകള്‍ക്കും കച്ചിന്‍ മേഖലയില്‍ പ്രവേശിക്കുന്നതിന് വിലക്കുമുണ്ട്.

കഴിഞ്ഞ ജനുവരി മുതല്‍ മ്യാന്മര്‍ സൈന്യത്തിന്റെ ആക്രമണം ക്രൈസ്തവ ഭൂരിപക്ഷ മേഖലയായ കച്ചിനില്‍ രൂക്ഷമായിരിക്കുകയാണ്. ‘ദി ഗാര്‍ഡിയനും’ മ്യാന്മാറിലെ ക്രൈസ്തവ വംശഹത്യയെക്കുറിച്ച് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ആഗോളതലത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനങ്ങളെ നിരീക്ഷിക്കുന്ന ‘ഓപ്പണ്‍ഡോഴ്സ് യുഎസ്എ’ റിപ്പോര്‍ട്ടില്‍ ക്രിസ്ത്യാനികള്‍ ഏറ്റവുമധികം മതപീഡനത്തിരയാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 24-മതാണ് മ്യാന്‍മറിന്റെ സ്ഥാനം. ‘മാ ബാ താ’ പോലെയുള്ള ബുദ്ധിസ്റ്റ് മൗലീകവാദി സംഘടനകളും ക്രിസ്ത്യാനികളെ ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നു ഓപ്പണ്‍ ഡോര്‍സ് നേരത്തെ നടത്തിയ പഠനത്തില്‍ വ്യക്തമായിരിന്നു.

More Archives >>

Page 1 of 327