News - 2025

പീഡനത്തിന് ഇരയായ ക്രിസ്ത്യന്‍ വനിതകളെ തുറന്നുകാട്ടി ‘Me Too’

സ്വന്തം ലേഖകന്‍ 07-06-2018 - Thursday

റോം: വിശ്വാസത്തിന്റെ പേരില്‍ പീഡനത്തിന് ഇരയായി നരകയാതനകള്‍ അനുഭവിച്ച ക്രൈസ്തവ വനിതകളെ തുറന്നുകാട്ടി ‘#Me Too’ ക്യാംപെയിന് പുതിയ മാനം. നൈജീരിയന്‍ ക്രൈസ്തവ വിശ്വാസി റെബേക്ക ബ്രിട്രുസ്‌, ഇന്ത്യന്‍ കന്യാസ്ത്രീ സിസ്റ്റര്‍ മീന, ഇറാഖി സ്വദേശിയായ ദലാല്‍ തുടങ്ങിയവര്‍ അനുഭവിച്ച പീഡന കഥകളാണ് '#Me Too' പ്രചാരണത്തില്‍ ഇപ്പോള്‍ ഇടം പിടിച്ചിരിക്കുന്നത്. ലൈംഗീകാതിക്രമത്തിനിരയായ വനിതകള്‍ ‘#Me Too’ എന്ന ഹാഷ്ടാഗില്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാക്കിയ പ്രചാരണത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ ദിവസം വാനിറ്റി ഫെയര്‍ മാഗസിന്റെ ഇറ്റാലിയന്‍ എഡിഷനില്‍ പ്രത്യക്ഷപ്പെട്ട റെബേക്ക ബ്രിട്രുസ്‌ എന്ന നൈജീരിയന്‍ ക്രൈസ്തവ വനിതയുടെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.

“അവര്‍ എന്നെ മാനഭംഗപ്പെടുത്തി, രണ്ടു വര്‍ഷത്തോളം തടവിലിട്ടു, എന്റെ ആണ്‍മക്കളില്‍ ഒരാളെ കൊന്നു, എന്നെ ഒരു അടിമയായി വിറ്റു" എന്നാണ് ബ്രിട്രുസ്‌ താന്‍ അനുഭവിച്ച വേദനകളുടെ സംക്ഷിപ്ത തലക്കെട്ടായി മാഗസിനില്‍ നല്‍കിയിരിക്കുന്നത്. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കുവാനുള്ള ബോക്കോഹറാം തീവ്രവാദികളുടെ സമ്മര്‍ദ്ധത്തെ നേരിട്ട റെബേക്ക ബ്രിട്രുസ്‌ സ്വന്തം മകനെ തീവ്രവാദികള്‍ നിഷ്ഠൂരമായി കൊല്ലുന്നത് വേദനയോടെ നോക്കി കണ്ട സ്ത്രീയാണ്. നിരവധി തവണ മാനഭംഗത്തിന് ഇരയായ റെബേക്കയുടെ ഒരു കുഞ്ഞ് ഗര്‍ഭാവസ്ഥയില്‍ തന്നെ കൊല്ലപ്പെട്ടിരിന്നു.

Must Read: ‍ "മനസിലേറ്റ മുറിവുകളില്‍ നിന്ന് ഇന്നും രക്തം പൊടിയുന്നുണ്ട്": കാണ്ഡമാലിലെ നടുക്കുന്ന ഓര്‍മ്മകളുമായി സിസ്റ്റര്‍ മീനാ ബര്‍വ

ഒഡീഷായിലെ കാണ്ഡമാലില്‍ ഹൈന്ദവ വര്‍ഗ്ഗീയവാദികളില്‍ നിന്നും ക്രൂര മാനഭംഗത്തിന് ഇരയായ സിസ്റ്റര്‍ മീനയെന്ന ഇന്ത്യന്‍ കന്യാസ്ത്രീ അനുഭവിച്ച യാതനയാണ് #StopInDifference എന്ന അടയാളത്തോടെ മാഗസിനില്‍ ഉള്ളത്. “അവര്‍ എന്നെ മാനഭംഗപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു, അഞ്ചു കിലോമീറ്ററോളം അവര്‍ എന്നെ നഗ്നയാക്കി നടത്തി” എന്ന സിസ്റ്റര്‍ മീനയുടെ വാക്കുകള്‍ മാഗസിനില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. 17 വയസ്സുള്ളപ്പോഴാണ് ഇസ്ലാമിക്‌ സ്റ്റേറ്റ്‌ തീവ്രവാദികള്‍ ദലാലിനെ തട്ടിക്കൊണ്ട് പോയി ലൈംഗീക അടിമയായി വിറ്റത്. 9 മാസങ്ങള്‍ക്കുള്ളില്‍ 9 പുരുഷന്‍മാര്‍ക്ക്‌ ദലാല്‍ വില്‍ക്കപ്പെട്ടു. #NotJustYou എന്നെഴുതിയ അടയാളവുമായി നില്‍ക്കുന്ന ദലാലിന്റെ ചിത്രമാണ് വാനിറ്റി ഫെയര്‍ മാഗസിനില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇറ്റലിയില്‍ ഏറ്റവും പ്രചാരമുള്ള വനിതാ മാഗസിനുകളില്‍ ഒന്നാണ് വാനിറ്റി ഫെയര്‍. അന്താരാഷ്‌ട്ര കത്തോലിക്ക സന്നദ്ധ സംഘടനയായ ‘എയിഡ്‌ റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (ACN) ആണ് ക്രൈസ്തവ വനിതകള്‍ അനുഭവിച്ച പീഡന കഥ വാനിറ്റി ഫെയറില്‍ നല്‍കുവാന്‍ പ്രത്യേക ഇടപെടല്‍ നടത്തിയത്. സ്വന്തം മതവിശ്വാസം കാരണം സ്ത്രീകള്‍ക്ക് ഏല്‍ക്കേണ്ടി വരുന്ന പീഡനങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണമാണ് പ്രചാരണത്തിന് പിന്നിലെ ലക്ഷ്യമെന്ന് എയിഡ്‌ റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് ഇറ്റലിയുടെ ഡയറക്ടറായ അലസ്സാണ്ട്രോ മോണ്ടെഡൂറോ വ്യക്തമാക്കി.

More Archives >>

Page 1 of 326