News - 2025
ട്രംപ്-കിം കൂടിക്കാഴ്ച; പ്രാര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 11-06-2018 - Monday
വത്തിക്കാൻ സിറ്റി: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചക്കു പ്രാര്‍ത്ഥനകള്‍ നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ. ഉച്ചകോടിയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കുകയാണെന്നു ത്രികാല ജപ പ്രാര്‍ത്ഥനയ്ക്കു ശേഷമുള്ള സന്ദേശത്തില്‍ പാപ്പ പറഞ്ഞു. സമാധാനപൂര്‍വ്വമായ അന്തരീക്ഷം കൊറിയയുടെയും ലോകത്തിന്റെയും ഭാവിക്ക് വേണ്ടി സംജാതമാകുന്നതിന് പിന്തുണയും പ്രാര്‍ത്ഥനയും വാഗ്ദാനം ചെയ്യുന്നുവെന്നും പാപ്പ പറഞ്ഞു.
അതേസമയം കൂടിക്കാഴ്ചയ്ക്കു മണിക്കൂറുകള്‍ ശേഷിക്കേ സമാധാനവും ഉത്തരകൊറിയന്‍ ആണവ നിരായുധീകരണവുമാകും പ്രധാന ചര്‍ച്ചാവിഷയങ്ങളെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കിമ്മിനൊപ്പം വിദേശകാര്യമന്ത്രി റി യോംഗ് ഹോ, പ്രതിരോധമന്ത്രി നോ ക്വാംഗ് ചോല്‍ എന്നിവരുണ്ടാകുമെന്നും സ്ഥിരീകരണം ഉണ്ടായിട്ടുണ്ട്. ഡൊണാൾഡ് ട്രംപും കിം ജോംഗ് ഉന്നും തമ്മിലുള്ള ചര്‍ച്ചകള്‍ വിജയിപ്പിക്കുവാന്‍ മധ്യസ്ഥ ശ്രമവുമായി ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ പ്രതിനിധികളും സിംഗപ്പൂരിലെത്തിയിട്ടുണ്ട്.