Arts

ക്രൈസ്തവ വിശ്വാസത്തിന്റെ പ്രചരണത്തിനായി ജീവിതം സമര്‍പ്പിച്ച് ഇറാഖി കലാകാരന്‍

സ്വന്തം ലേഖകന്‍ 21-06-2018 - Thursday

ബെയ്റൂട്ട്: അടിച്ചമര്‍ത്തപ്പെടുന്ന ക്രൈസ്തവ വിശ്വാസികളുടെ പ്രതീകാത്മക ചിത്രങ്ങളും, വിശുദ്ധ ചിത്രങ്ങളും വരച്ച് ഇറാഖി കലാകാരന്‍ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. മോത്താന ബുട്രെസ് എന്ന കലാകാരനാണ് ദൈവം നല്‍കിയിരിക്കുന്ന കഴിവ് ക്രൈസ്തവ വിശ്വാസത്തിന്റെ പ്രചരണത്തിനായി പ്രത്യേകം സമര്‍പ്പിച്ചിരിക്കുന്നത്. തങ്ങളുടെ ക്രിസ്ത്യന്‍ വിശ്വാസത്തിനുവേണ്ടി തന്റെ പിതാമഹന്‍മാര്‍ അനുഭവിച്ച സഹനങ്ങളാണ് തന്റെ രചനയില്‍ തന്നെ സഹായിക്കുന്നതെന്നും രക്തത്തോളം ശക്തമല്ല താന്‍ വരച്ചിട്ടുള്ള പ്രതീകാത്മക ചിത്രങ്ങള്‍ നല്‍കുന്ന സന്ദേശങ്ങളെന്നും അദ്ദേഹം പറഞ്ഞു.

കല്‍ദായ കത്തോലിക്കാ സഭാംഗമായ അദ്ദേഹം ഇപ്പോള്‍ ലബനനിലെ സാഹ്ലെയിലാണ് താമസിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ന്യൂയോര്‍ക്കിലെ സെന്റ്‌ മൈക്കേല്‍സ് ദേവാലയത്തിലെ പ്രധാന ആകര്‍ഷണമായ ‘ഔർ ലേഡി ഓഫ് അരാധിൻ’ എന്ന മാതാവിന്റെ പ്രതീകാത്മക രൂപം വരച്ചിരിക്കുന്നത് ബുട്രെസാണ്. പരിശുദ്ധ കന്യകാമാതാവാണ് അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നതെന്ന സത്യമാണ് ‘ഔര്‍ ലേഡി ഓഫ് അരാധിന്‍’ എന്ന മാതാവിന്റെ രൂപം വരയ്ക്കുവാന്‍ തനിക്ക് പ്രചോദനമേകിയതെന്ന് ബുട്രെസ് പറയുന്നു.

തന്റെ സൃഷ്ടി അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടിയുള്ള ഒരുതരത്തിലുള്ള മാധ്യസ്ഥ പ്രാര്‍ത്ഥന കൂടിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇറാഖിലെ അരാധിന്‍ മേഖലയിലെ സ്ത്രീകളുടെ കല്യാണ വസ്ത്രമാണ് അദ്ദേഹം തന്റെ ചിത്രത്തില്‍ മാതാവിന് നല്‍കിയിട്ടുള്ളത്. ഇറാഖിലേയും, മധ്യപൂര്‍വ്വേഷ്യയിലേയും ക്രിസ്ത്യാനികള്‍ക്കൊപ്പം മാതാവിന്റെ മാധ്യസ്ഥം ഉണ്ടായിരുന്നുവെന്നും അതിന്റെ പ്രതീകമാണ് ഈ സൃഷ്ട്ടിയെന്നും ബുട്രെസ് കൂട്ടിച്ചേര്‍ത്തു.

2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ക്വാരക്കോഷില്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ പലായനം ചെയ്തതാണ് ബുട്രെസ്. പലായനം ചെയ്യുമ്പോള്‍ തന്റെ പിതാവിന്റെ ആയിരകണക്കിന് സുറിയാനി ഗ്രന്ഥങ്ങളുടെയും, കയ്യെഴുത്ത് പ്രതികളുടെയും ശേഖരത്തില്‍ നിന്നും സുറിയാനി ഗീതങ്ങളടങ്ങിയ 600 വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു കയ്യെഴുത്ത് ഗ്രന്ഥം മാത്രമേ തനിക്ക് എടുക്കുവാന്‍ കഴിഞ്ഞുള്ളൂവെന്ന് ബുട്രെസ് പറഞ്ഞു. പ്രതീകങ്ങളും, വിശ്വാസപരമായ ചിത്രങ്ങളും വരക്കുന്ന ഒരു കലാകാരന്‍ എന്ന നിലയില്‍ ആ ഗ്രന്ഥം തന്റെ സൃഷ്ടികള്‍ക്ക് ഒരുപാട് പ്രചോദനമേകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

12-മത്തെ വയസ്സിലാണ് ബുട്രെസ്സിന് പ്രതീകാത്മക ചിത്രങ്ങളുടെ രചനയില്‍ താല്‍പ്പര്യം ജനിക്കുന്നത്. പിന്നീട് ലെബനനിലെ ഹോളി സ്പിരിറ്റ്‌ സര്‍വ്വകലാശാലയില്‍ ദൈവശാസ്ത്രം പഠിച്ചു. ബുട്രെസ്സിന്റെ സഹോദരങ്ങളില്‍ ഒരാള്‍ കന്യാസ്ത്രീയും ഒരാള്‍ പുരോഹിതനുമാണ്. ഒരടി വീതിയുള്ള വലിയ തുകല്‍ ചുരുളില്‍ മുഴുവന്‍ ബൈബിളും സുറിയാനി ഭാഷയില്‍ എഴുതുവാനാണ് ബുട്രെസ്സിന്റെ പുതിയ ശ്രമം. മൂന്ന്‍ മാസങ്ങള്‍ക്കുള്ളില്‍ പഴയനിയമത്തിലെ ആദ്യത്തെ 5 അദ്ധ്യായങ്ങള്‍ ബുട്രെസ് ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.


Related Articles »