News - 2025
നിക്കരാഗ്വയില്‍ മെത്രാന്‍മാര്‍ക്ക് നേരെ ആക്രമണം
സ്വന്തം ലേഖകന്‍ 11-07-2018 - Wednesday
കോപ്പന്‍, ഹോണ്ടുറാസ്: മദ്ധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയില്‍ നീതിയ്ക്കായി സ്വരമുയര്‍ത്തിയ കത്തോലിക്കാ മെത്രാന്‍മാര്‍ക്കും, പുരോഹിതര്‍ക്കും നേരെ ആയുധധാരികളായ സര്‍ക്കാര്‍ അനുകൂലികളുടെ ആക്രമണം. ഇക്കഴിഞ്ഞ ജൂലൈ 9 തിങ്കളാഴ്ച മനാഗ്വാ അതിരൂപതയുടെ സഹായ മെത്രാനായ സില്‍വിയോ ജോസ് ബയേസിനാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ ഇടവകകളില്‍ സഹായങ്ങള്‍ ചെയ്തതിനും, ചര്‍ച്ചകളിലൂടെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കുവാന്‍ ശ്രമിച്ചതിന്റേയും പേരിലാണ് സഭാധികാരികള്‍ക്ക് ആക്രമണം നേരിടേണ്ടി വന്നത്.
ഡിരിയാമ്പായിലെ സാന്‍ സെബാസ്റ്റ്യന്‍ ബസലിക്കയെ സംരക്ഷിക്കുവാനുള്ള ശ്രമത്തിലാണ് ബിഷപ്പ് സില്‍വിയോ ജോസ് ആക്രമിക്കപ്പെട്ടത്. രക്തം കിനിയുന്ന മുറിവുകളുടെ ചിത്രത്തോട് കൂടി ഇക്കാര്യം അദ്ദേഹം തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മനാഗ്വായിലെ കര്‍ദ്ദിനാളായ ലിയോപോള്‍ഡ് ബ്രെനെസും, വത്തിക്കാന്‍ പ്രതിനിധി വാള്‍ഡെമാര്‍ സ്റ്റാന്‍സ്ലോ സോമ്മര്‍ടാഗ് മെത്രാപ്പോലീത്തയും പരിക്കേറ്റെന്നാണ് പുറത്തുവരുന്ന വിവരം. ഡിരിയാമ്പായിലെ സാന്‍ സെബാസ്റ്റ്യന്‍ ബസലിക്കയില്‍ അതിക്രമിച്ചു കടക്കുവാന്‍ ശ്രമിച്ച ജനക്കൂട്ടത്തെ തടയുവാന്‍ ശ്രമിക്കുന്നതിനിടയില്‍ തനിക്ക് മുറിവേറ്റെന്നും അക്രമികള്‍ അപ്പസ്തോലിക ചിഹ്നങ്ങള്‍ നശിപ്പിച്ചെന്നും താനും ബസലിക്കയുടെ ഉള്ളിലുള്ളവരും സുരക്ഷിതരാണെന്നുമാണ് ബയേസ് മെത്രാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ദൈവത്തിന് നന്ദിയെന്നും അദ്ദേഹം കുറിച്ചു.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ സഭ സംരക്ഷിക്കുന്നുവെന്നാണ് സര്‍ക്കാര്‍ അനുകൂലികളുടെ ആരോപണം. അതേസമയം നിക്കരാഗ്വയില്‍ സഭാനേതാക്കള്‍ക്കും, പുരോഹിതര്‍ക്കും നേരെയുണ്ടായ ആക്രമണത്തെ അമേരിക്കന്‍ സ്റ്റേറ്റ് വെസ്റ്റേണ്‍ ഹെമിസ്ഫിയര്‍ അഫയേഴ്സ് പ്രിന്‍സിപ്പള്‍ ഡെപ്യൂട്ടി സെക്രട്ടറി ഫ്രാന്‍സിസ്കോ പല്‍മിയേരി അപലപിച്ചു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമൂഹ്യ സുരക്ഷാ പദ്ധതിയോടുള്ള ജനങ്ങളുടെ എതിര്‍പ്പാണ് നിക്കരാഗ്വയില്‍ പ്രക്ഷോഭമായി മാറിയത്.
പോലീസിനേയും അര്‍ദ്ധസൈനികരേയും ഉപയോഗിച്ച് സര്‍ക്കാര്‍ പ്രക്ഷോഭം അടിച്ചമര്‍ത്തുവാന്‍ ശ്രമിച്ചതിന്റെ ഫലമായി ഇതിനോടകം തന്നെ മുന്നൂറോളം പേര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടനുസരിച്ച് ജിനോടെപെ, ഡിരിയാമ്പാ, മടഗല്‍പാ എന്നീ നഗരങ്ങളില്‍ ഇക്കഴിഞ്ഞ 7, 8 തിയതികളിലായി പതിനേഴ് പേരാണ് കൊല്ലപ്പെട്ടത്. യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്ന രാജ്യത്ത് ജീവന്‍ പണയം വച്ച് കത്തോലിക്ക സഭാവൃത്തങ്ങള്‍ വിവിധ സേവനങ്ങള്‍ ചെയ്തു വരികയാണ്.