News - 2025
ട്രംപിന്റെ നാമനിര്‍ദ്ദേശത്തില്‍ പ്രോലൈഫ് സംഘടനകള്‍ ആഹ്ലാദത്തില്‍
സ്വന്തം ലേഖകന്‍ 11-07-2018 - Wednesday
വാഷിംഗ്ടണ്‍ ഡിസി: കത്തോലിക്ക വിശ്വാസിയായ ജസ്റ്റിസ് ബ്രെറ്റ് കാവനോയെ സുപ്രീം കോടതിയിലേക്ക് നാമനിർദേശം ചെയ്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയെ സ്വാഗതം ചെയ്തു പ്രോലൈഫ് സംഘടനകള്‍. ട്രംപിന്റെ നിര്‍ദ്ദേശത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് വിവിധ പ്രോലൈഫ് സംഘടനാവൃത്തങ്ങള്‍ പ്രതികരിച്ചു. ഭരണഘടനപരമായ അവകാശങ്ങള്‍ക്കും ജീവനും വേണ്ടി നിലകൊള്ളുന്ന ജസ്റ്റിസ് ബ്രെറ്റിനെ നാമനിര്‍ദ്ദേശം ചെയ്തതിലൂടെ വിശിഷ്ട്ടമായ നടപടിയാണ് പ്രസിഡന്‍റ് എടുത്തിരിക്കുന്നതെന്ന് പ്രോലൈഫ് സംഘടനയായ സുസന്‍ ബി അന്തോണി ലിസ്റ്റ് പ്രസിഡന്‍റ് മര്‍ജോറി ഡാന്നേന്‍ഫെല്‍സെര്‍ അഭിപ്രായപ്പെട്ടു.
സുപ്രീം കോടതി പദവിയില്‍ ഇരിക്കാന്‍ ബ്രെറ്റ് കാവനോ വളരെ അനുയോജ്യനാണെന്ന് 'കൺസേൺഡ് വിമൻ ഫോർ അമേരിക്ക'യുടെ പ്രസിഡന്റായ പെന്നി നാൻസ് പറഞ്ഞു. ഭരണഘടനക്കനുസൃതമായി തീരുമാനങ്ങളെടുക്കുന്ന ഒരാളെയാണ് ട്രംപ് വാഗ്ദാനം ചെയ്തതെന്നും അതിന് നിയുക്ത ജഡ്ജി അനുയോജ്യനായിരിക്കുമെന്നാണ് ഫാമിലി റിസർച്ച് കൗൺസിലിന്റെ പ്രസിഡന്റായ ടോണി പെർക്കിൻസിന്റെ പ്രതികരണം. തികഞ്ഞ കത്തോലിക്ക വിശ്വാസിയായ ബ്രെറ്റ് കാവനോയുടെ നിയമനത്തില്‍ ഏറെ സന്തോഷത്തിലാണ് ക്രൈസ്തവ സമൂഹവും.
നേരത്തെ ട്രംപിന്റെ നാമനിർദേശ പ്രഖ്യാപനത്തിന് ശേഷം നടത്തിയ പ്രസംഗത്തില്‍ ജസ്റ്റിസ് ബ്രെറ്റ് കാവനോ തന്റെ കത്തോലിക്ക വിശ്വാസം ഏറ്റുപറഞ്ഞിരിന്നു. നാൽപ്പത് വർഷങ്ങൾക്ക് മുൻപ് ജോൺ എന്ന വൈദികന്റെ അൾത്താര ബാലനായിരുന്നുവെന്നും വാഷിംഗ്ടണ്‍ മേഖലയിലുള്ള സജീവമായ കത്തോലിക്കാ സമുദായത്തിന്റെ ഭാഗമാണെന്നും ബ്രെറ്റ് സ്മരിച്ചു. അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജി അന്തോണി കെന്നഡി തന്റെ റിട്ടയര്‍മെന്റ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്‍റ്, പുതിയ ജഡ്ജിയെ നാമനിര്‍ദ്ദേശം ചെയ്തത്. സുപ്രീംകോടതിയിലേക്കു ട്രംപ് നിയോഗിക്കുന്ന രണ്ടാമത്തെ ജഡ്ജിയാണ് ജസ്റ്റിസ് ബ്രെറ്റ് കാവനോ.
ഭ്രൂണഹത്യയ്ക്കും ദയാവധത്തിനും എതിരെ ശക്തമായ നിലപാട് സ്വീകരിച്ച ജസ്റ്റീസ് നീല്‍ ഗോര്‍സച്ചിനെയാണ് ഇതിന് മുന്‍പ് ട്രംപ് നിര്‍ദ്ദേശിച്ചത്. സെനറ്റ് വോട്ടെടുപ്പില്‍ ജസ്റ്റിസ് ബ്രെറ്റ് വിജയിച്ചാല്‍ പ്രോലൈഫ് നിലപാടുള്ള അഞ്ച് യഥാസ്ഥിതിക ജഡ്ജിമാരാകും സുപ്രീംകോടതിയില്‍ ഉണ്ടാകുക. 1973-ൽ ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയ സുപ്രീം കോടതിയില്‍ നിന്ന് ഇനി ജീവന്റെ വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രോലൈഫ് സമൂഹം.