News - 2025

കന്ധമാല്‍ ക്രൈസ്തവരുടെ മോചനം; ഒപ്പ് രേഖപ്പെടുത്തിയവരുടെ എണ്ണം അരലക്ഷമായി

സ്വന്തം ലേഖകന്‍ 13-07-2018 - Friday

ന്യൂഡൽഹി: ഒഡീഷയിൽ നടന്ന കന്ധമാല്‍ ദുരന്തത്തിന്റെ പത്താം വാർഷികത്തിനു ദിവസങ്ങള്‍ ശേഷിക്കേ നിരപരാധികളായ ഏഴു ക്രൈസ്തവരുടെ ജയിൽ മോചനത്തിനായി നടത്തുന്ന ഒപ്പുശേഖരണം അമ്പതിനായിരം കടന്നു. ക്രിസ്ത്യൻ മാധ്യമപ്രവർത്തകനും സാമൂഹ്യ പൊതുപ്രവർത്തകനുമായ ആന്റോ അക്കര ആരംഭിച്ച www.release7innocents.com എന്ന വെബ്സൈറ്റിലൂടെ ഒപ്പ് രേഖപ്പെടുത്തിയവരുടെ എണ്ണമാണ് അരലക്ഷം കഴിഞ്ഞത്. കേവലം നാലു മാസങ്ങള്‍ കൊണ്ട് നാല്‍പ്പത്തിനായിരത്തോളം ആളുകളാണ് നിരപരാധികളായ ക്രൈസ്തവരുടെ മോചനം ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവച്ചത്.

ഭാസ്കർ സുനമജ്ഹി, ബിജയ് കുമാർ സൻസേത്ത്, ബുദ്ധദേബ് നായക്, ദുർ ജോ സുനമജ്ഹി, ഗോർത്ഥ് ചലൻ സേത്ത്, മുണ്ട ബദമജഹി എന്നീ ഏഴു ക്രൈസ്തവരാണ് പത്ത് വർഷമായി ജയിലിൽ കഴിയുന്നത്. 2008 ആഗസ്റ്റ് 23 ന് വധിക്കപ്പെട്ട സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന്‍ ആരോപിച്ച് നിരക്ഷരായ ക്രൈസ്തവരെ തടവിലാക്കുകയായിരിന്നു. എന്നാല്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആരോപണം സാധൂകരിക്കുവാന്‍ വിശ്വസനീയമായ യാതൊരു തെളിവും ഇതുവരെ കോടതിയുടെ മുന്‍പില്‍ ഹാജരാക്കപ്പെട്ടിട്ടില്ല.

കേസിന്റെ പ്രഥമദൃഷ്ട്യ തെളിവുകൾ പരിശോധിച്ച കോടതി ക്രൈസ്തവ ഗൂഢാലോചനയെന്നു അന്തിമ വിധിയെഴുതി ക്രൈസ്തവരെ ജീവപര്യന്തത്തിന് വിധിക്കുകയായിരുന്നു. 2015 ജൂണില്‍ കാണ്ഡമാല്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ മുമ്പാകെ, ഉന്നതരായ രണ്ട് പോലീസ്‌ ഉദ്യോഗസ്ഥര്‍ ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് മൊഴി കൊടുത്തിട്ടുണ്ട്. എന്നാല്‍ നിഷ്കളങ്കരായ ഈ ഏഴുപേരുടേയും അപ്പീല്‍ പരിഗണിക്കുന്നത് ഒഡീഷാ ഹൈക്കോടതി തുടര്‍ച്ചയായി നീട്ടികൊണ്ട് പോവുകയാണ്.

2016 മാർച്ച് മൂന്നിന് ആരംഭിച്ച ഓൺലൈൻ ഒപ്പുശേഖരണ യജ്ഞത്തിൽ ലഭിക്കുന്ന ഒപ്പുകള്‍ സുപ്രീം കോടതി, മനുഷ്യവകാശ കമ്മീഷൻ അദ്ധ്യക്ഷന്മാർക്കും ഇന്ത്യൻ പ്രസിഡന്റിനും ലഭിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. 2017-ൽ ഭാരതത്തിലെ ദേവാലയങ്ങളിൽ നടന്ന പ്രത്യേക പ്രാർത്ഥനയെ തുടർന്ന് ഓൺലൈൻ പ്രയത്നത്തിന് കൂടുതൽ പിന്തുണ ലഭിച്ചതായി ആന്റോ അക്കര വിലയിരുത്തി. ക്രൈസ്തവ കൂട്ടക്കൊലയുടെ പത്താം വാർഷിക സ്മരണാചരണം ആഗസ്റ്റ് 25നു നടക്കാനിരിക്കെ നിരപരാധികളായ ക്രൈസ്തവരുടെ മോചനത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കാണ്ഡമാല്‍ സമൂഹം.

നീതിയ്ക്ക് വേണ്ടിയുള്ള ഈ ദൗത്യത്തില്‍ നമ്മുക്കും പങ്കാളികളാകാം. കേവലം രണ്ടോ മൂന്നോ ക്ലിക്കില്‍, നമ്മുടെ പരാതി ഇന്‍ഡ്യന്‍ പ്രസിഡന്‍റിനും, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും സമർപ്പിക്കുവാൻ സാധിക്കും.

പരാതി സമര്‍പ്പിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 339