News - 2025

ദൈവനിന്ദയ്ക്കു മാപ്പപേക്ഷയുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ്

സ്വന്തം ലേഖകന്‍ 14-07-2018 - Saturday

ദാവോ സിറ്റി, ഫിലിപ്പീന്‍സ്: ആഴ്ചകള്‍ക്ക് മുന്‍പ് ദൈവനിന്ദ നടത്തിയ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡൂട്ടെര്‍ട്ട ദൈവത്തോട് മാപ്പപേക്ഷിക്കുന്ന വീഡിയോ പുറത്ത്. പ്രസിഡന്റിന്റെ കമ്മ്യൂണിക്കേഷന്‍ ഓപ്പറേഷന്‍സ് ഓഫീസിന്റെ ഫേസ്ബുക്ക് പേജിലാണ് ഫിലിപ്പീന്‍സ് പ്രസിഡന്റ് ദൈവത്തോട് മാപ്പപേക്ഷിക്കുന്ന വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. “ഞാന്‍ മറ്റാരോടുമല്ല ദൈവത്തോട് മാത്രമാണ് മാപ്പപേക്ഷിക്കുന്നത്. ഞാന്‍ ദൈവത്തോട് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ദൈവം എന്നോടു ക്ഷമിക്കും. കാരണം എന്റെ ദൈവം എല്ലാം ക്ഷമിക്കുന്നവനാണ്. നല്ലവനായിരിക്കുവാന്‍ വേണ്ടിയാണ് ദൈവം എന്നെ സൃഷ്ടിച്ചിരിക്കുന്നത്”. ഡൂട്ടെര്‍ട്ട പറയുന്നു.

ജീസസ് ഈസ്‌ ലോര്‍ഡ് സമൂഹത്തിന്റെ സ്ഥാപകനും പ്രസിഡന്റുമായ എഡ്വാര്‍ഡോ വില്ലനൂയേവ, അഭിഭാഷകനായ ആഞ്ചെലീനോ വില്ലനൂയേവ, പ്രസിഡന്റിന്റെ പ്രത്യേക അസിസ്റ്റന്റായ ക്രിസ്റ്റഫര്‍ ഗോ, പ്രസിഡന്‍ഷ്യല്‍ ലീഗല്‍ കൗണ്‍സേല്‍ ആയ സാല്‍വഡോര്‍ പനേലോ എന്നിവരുമായി ഇക്കഴിഞ്ഞ ചൊവ്വാഴ്ച മലാഗോ ക്ലബ്ഹൗസില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. ഫിലിപ്പീന്‍സില്‍ എത്തിയിട്ടുള്ള വിദേശ ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളിലും സമരങ്ങളിലും പങ്കെടുക്കുകയും ചെയ്യുന്നതിനെതിരെയാണ് താന്‍ സംസാരിച്ചതെന്ന് ഡൂട്ടെര്‍ട്ട പറഞ്ഞു,

നിങ്ങള്‍ക്ക് വേണമെങ്കില്‍ സര്‍ക്കാറിനെ വിമര്‍ശിക്കാം പക്ഷേ അതിനായി ദൈവത്തെ ഉപയോഗിക്കരുത്. സര്‍ക്കാരിനും സഭക്കുമിടയില്‍ അധികാരത്തിന്റേതായ ഒരു വിടവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടിക്കാഴ്ചക്ക് ശേഷം പ്രസിഡന്റിനുവേണ്ടി വില്ലനൂയേവ പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. പ്രസിഡന്റിന്റെ മാപ്പപേക്ഷയേ സ്വാഗതം ചെയ്യുന്നതായി സെനറ്റര്‍മാരായ പാന്‍ഫിലോ ലാക്സണ്‍, സോണി അന്‍ഗാര, ജോയല്‍ വില്ലനൂയേവ എന്നിവര്‍ പറഞ്ഞു. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഫിലിപ്പീന്‍സിലെ മെത്രാന്‍ സമിതിയുടെ പ്രസിഡന്റും, ദാവോയിലെ മെത്രാപ്പോലീത്തയുമായ റോമുലൊ വാല്ലസുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഇതിന്റെ വിശദ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

More Archives >>

Page 1 of 340