News

ജീവസ്വരമുയര്‍ത്തി ജപ്പാനിലും മാർച്ച് ഫോർ ലൈഫ് തരംഗം

സ്വന്തം ലേഖകന്‍ 24-07-2018 - Tuesday

ടോക്കിയോ: മനുഷ്യജീവന്റെ മഹത്വവും വിലയും പ്രഘോഷിച്ച് ജപ്പാനില്‍ മാർച്ച് ഫോർ ലൈഫ് തരംഗം. ജൂലൈ പതിനാറിന് ടോക്കിയോ നഗരത്തിൽ നടന്ന റാലിയിൽ നൂറുകണക്കിന് പ്രോലൈഫ് പ്രവർത്തകരാണ് പങ്കെടുത്തത്. 2014- മുതൽ ജപ്പാനിൽ നടത്തി വരുന്ന റാലി മുന്‍ വര്‍ഷങ്ങളിലെ പോലെ സമാധാനപരമായി പ്രാർത്ഥനയോടെ പൂർത്തിയാക്കാൻ സാധിച്ചതിന്റെ സന്തോഷം സംഘാടകർ പങ്കുവെച്ചു. ദുർബലമായ അവസ്ഥയിലും മനുഷ്യജീവന് നൽകുന്ന ബഹുമാനമാണ് രാജ്യത്തിന്റെ സംസ്ക്കാരം വെളിപ്പെടുത്തുന്നതെന്നും അതിനാൽ ഭ്രൂണാവസ്ഥ മുതൽ മരണം വരെ ജീവൻ സംരക്ഷിക്കാൻ റാലിയിലൂടെ ബോധവത്ക്കരണം സാധ്യമാകട്ടെയെന്നും ജപ്പാൻ അപ്പസ്തോലിക ന്യൂൺഷോ ആർച്ച് ബിഷപ്പ് ജോസഫ് ചേനോത്ത് പറഞ്ഞു.

സുകിച്ചി കത്തോലിക്ക ദേവാലയ വികാരി ഫാ.ലിയോ ഷൂമാക്കറിന്റെ കാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയോടെയാണ് ഈ വർഷത്തെ റാലിയ്ക്ക് തുടക്കം കുറിച്ചത്. ടോക്കിയോ നഗരവീഥിയിലൂടെ ആരംഭിച്ച റാലി ഗിൻസ, നിഹോൺബഷി പ്രദേശങ്ങളിലൂടെ ജപ്പാൻ നിയമസഭ മന്ദിരത്തിന് സമീപം ഹിബിയ പാർക്കിൽ സമാപിച്ചു. റോസാപൂക്കളും ലില്ലി പൂക്കളും അലങ്കരിച്ച ഫാത്തിമ മാതാവിന്റെ തിരുസ്വരൂപവും പ്രവർത്തകർ റാലിയിൽ വഹിച്ചിരിന്നു. അഞ്ച് വൈദികരുടെ നേതൃത്വത്തിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനാവലി മൂന്നു കിലോമീറ്ററോളം പിന്നിട്ടാണ് റാലി പൂർത്തിയാക്കിയത്.

മനുഷ്യ ജീവിതം ദൈവത്തിന്റെ ദാനമാണെന്നും ഉത്ഭവം മുതൽ സംരക്ഷിക്കപ്പെടണമെന്നും ടോക്കിയോ ആർച്ച് ബിഷപ്പ് മോണ്‍. ഈസാവോ കികുച്ചി അഭിപ്രായപ്പെട്ടു. സ്നേഹവും പ്രാർത്ഥനയും നിറഞ്ഞ മാർച്ച് ഫോർ ലൈഫ്, നമ്മുക്ക് ലഭിച്ച ജീവിതത്തിന് നന്ദിയർപ്പിക്കുന്ന അവസരം കൂടിയാണെന്ന് റാലിയുടെ സംഘാടകണായ ഫാ.തോമസ് ഒന്നോഡ പറഞ്ഞു. 1948 ൽ പരിമിതമായ ഭ്രൂണഹത്യയ്ക്ക് നിയമാനുമതി നല്കിയ ജപ്പാൻ പിന്നീട് ആവശ്യാനുസരണം അബോർഷൻ അനുവദിക്കാന്‍ നിയമഭേദഗതി പാസ്സാക്കുകയായിരുന്നു.

1949 മുതൽ 2015 വരെയുള്ള കാലയളവിൽ നാല് കോടിയോളം ജാപ്പനീസ് ശിശുക്കളാണ് ഭ്രൂണഹത്യയ്ക്കിരയായതെന്ന് ഫാ.തോമസ് ഒന്നോഡ വ്യക്തമാക്കി. ഗർഭസ്ഥ ശിശുക്കളും ജപ്പാന്റെ സമ്പത്താണ്. സമാധാനപൂർണമായ ഭരണഘടനയുടെ ഭാഗമാകാൻ അവകാശികളുമാണ്. എന്നാൽ അബോർഷൻ നിയമത്തോടെ ജന്മാവകാശത്തിനായി അവർ പോരാടുകയാണെന്നും ഉദരത്തിൽ വധിക്കപ്പെടുന്ന ഭീകരാവസ്ഥയാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജപ്പാനില്‍ ഗർഭനിരോധന മാർഗ്ഗങ്ങളുടെ അമിത ഉപയോഗം മൂലം വന്ധ്യത നിരക്ക് വർദ്ധിച്ചത് സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധിയ്ക്ക് കാരണമാകുന്ന അവസ്ഥ സംജാതമാക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.



More Archives >>

Page 1 of 343