News - 2025

സിസ്റ്റര്‍ പട്രീഷ്യ ഫോക്സിനെ നാടുകടത്തുവാന്‍ വീണ്ടും നീക്കവുമായി ഫിലിപ്പീന്‍സ്

സ്വന്തം ലേഖകന്‍ 25-07-2018 - Wednesday

മനില, ഫിലിപ്പീന്‍സ്: മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ ജാഥയില്‍ പങ്കെടുത്തതിന്റെ പേരില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ധങ്ങള്‍ക്ക് വിധേയയായ ഓസ്ട്രേലിയന്‍ കന്യാസ്ത്രീ സിസ്റ്റര്‍ പട്രീഷ്യ ഫോക്സിനെ നാടുകടത്തുവാന്‍ വീണ്ടും നീക്കവുമായി ഫിലിപ്പീന്‍സ്. ഇക്കഴിഞ്ഞ ജൂലൈ 19-നാണ് ഇമ്മിഗ്രേഷന്‍ ബ്യൂറോ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. പക്ഷപാതപരമായി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാല്‍ മിഷ്ണറി വിസയുടെ പരിധികളും, വ്യവസ്ഥകളും സിസ്റ്റര്‍ പട്രീഷ്യ ഫോക്സ് ലംഘിച്ചിരിക്കുകയാണെന്നാണ് ഇമ്മിഗ്രേഷന്‍ ബ്യൂറോയുടെ വാദം.

നിക്ഷിപ്ത താല്‍പ്പര്യങ്ങളുള്ള സംഘടനകളുടെ റാലിയില്‍ പങ്കെടുക്കുക വഴി രാഷ്ട്ര താല്‍പര്യത്തിനു വിരുദ്ധമായാണ് സിസ്റ്റര്‍ പ്രവര്‍ത്തിച്ചതെന്നും, അതിനു സിസ്റ്ററിനെ അനുവദിച്ചാല്‍ മറ്റ് വിദേശികള്‍ക്കും അതൊരു പ്രോത്സാഹനമാവുമെന്നും റിപ്പോര്‍ട്ടിലുണ്ട്. വീണ്ടും ഫിലിപ്പീന്‍സില്‍ പ്രവേശിക്കുവാന്‍ കഴിയാത്തവിധം ഇമ്മിഗ്രേഷന്‍ ബ്യൂറോയുടെ കരിമ്പട്ടികയിലും സിസ്റ്ററിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ പുതിയ കണ്ടെത്തലില്‍ തനിക്ക് അത്ഭുതമൊന്നുമില്ലെന്നാണ് ‘സിസ്റ്റേഴ്സ് ഓഫ് ഔര്‍ ലേഡി ഓഫ് സിയോന്‍’ കോണ്‍ഗ്രിഗേഷന്‍റെ സുപ്പീരിയറായ സിസ്റ്റര്‍ പട്രീഷ്യ പറയുന്നത്.

പാവങ്ങള്‍ക്കൊപ്പം താമസിക്കുന്നതും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതും എങ്ങനെ സര്‍ക്കാര്‍ വിരുദ്ധവും, രാഷ്ട്രീയവുമാകുമെന്നും സിസ്റ്റര്‍ ചോദിക്കുന്നു. തന്റെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയമല്ലെന്നും സിസ്റ്റര്‍ വ്യക്തമാക്കി. കഴിഞ്ഞ 27 വര്‍ഷമായി ഫിലിപ്പീന്‍സില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തിവരികയായിരുന്ന സിസ്റ്റര്‍ പട്രീഷ്യ ഫോക്സിനെ കര്‍ഷകര്‍ക്കൊപ്പം പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തുവെന്ന് പറഞ്ഞുകൊണ്ട് ഇക്കഴിഞ്ഞ ഏപ്രില്‍ 16-നാണു പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന്‍ നാടുവിട്ടു പോകുവാനുള്ള ഉത്തരവ് നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചിരിന്നു.

More Archives >>

Page 1 of 344