News - 2025

വിശുദ്ധ മേരി മക്കില്ലോപ്പിന്റെ മാധ്യസ്ഥം: പാർക്കിൻസൺസ് സൗഖ്യമായതായി അമേരിക്കന്‍ സ്വദേശിയുടെ സാക്ഷ്യം

സ്വന്തം ലേഖകന്‍ 31-07-2018 - Tuesday

കാന്‍സാസ് സിറ്റി: ഓസ്ട്രേലിയയുടെ പ്രഥമ വിശുദ്ധയായ വിശുദ്ധ മേരി മക്കില്ലോപ്പിന്റെ മാധ്യസ്ഥതയാല്‍ ഒമ്പത് വര്‍ഷം പഴക്കമുള്ള പാർക്കിൻസൺസ് രോഗം സൗഖ്യമായതായി അമേരിക്കന്‍ സ്വദേശിയുടെ സാക്ഷ്യം. കാന്‍സാസ് സിറ്റി സ്വദേശിയായ റിക്കി പീറ്റേഴ്സണ്‍ എന്ന അന്‍പത്തിയേഴുകാരനാണ് സൌഖ്യം ലഭിച്ചത്. തന്റെ രോഗം ഭേദമാക്കാന്‍ മാദ്ധ്യസ്ഥം വഹിച്ച വിശുദ്ധയോട് നന്ദി പറയുന്നതിനായി പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ജൂലൈ 18-ന് വിശുദ്ധയുടെ പക്കലെത്തിയപ്പോഴാണ് സിഡ്നി അതിരൂപതയുടെ വാര്‍ത്താ പത്രത്തോടാണ് റിക്കി പീറ്റേഴ്സണ്‍ കാര്യങ്ങള്‍ വിവരിച്ചത്.

2008 ലോക യുവജന ദിനാഘോഷത്തിന്റെ ഭാഗമായി ഓസ്ട്രേലിയയിലെത്തിയപ്പോഴാണ് പീറ്റേഴ്സണ്‍ വടക്കന്‍ സിഡ്നിയിലെ വിശുദ്ധ മേരി മക്കില്ലോപ്പിന്റെ സന്നിധിയിലെത്തുകയും തന്റെ രോഗശമനത്തിനായി വിശുദ്ധയോട് തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുകയും ചെയ്തത്. “മേരി എന്റെ ഇന്നത്തെ രാത്രി പ്രാര്‍ത്ഥനയില്‍ അങ്ങ് വീണ്ടും എന്നോടൊപ്പം പങ്ക് ചേരണം, എന്റെ പാർക്കിൻസൺസ് രോഗം ഭേദമാകുന്നതിനെക്കാള്‍ കൂടുതലായി എനിക്കൊന്നും വേണ്ട. രോഗം ഭേദമാകണമെന്നാണ് ആഗ്രഹമെങ്കില്‍, നിന്റെ നാമം ഞാന്‍ എക്കാലവും സ്തുതിക്കും” എന്നായിരുന്നു താന്‍ പ്രാര്‍ത്ഥിച്ചതെന്ന് പീറ്റേഴ്സണ്‍ പറഞ്ഞു.

പ്രാര്‍ത്ഥിച്ച് പത്തു മിനിട്ടുകള്‍ക്ക് ശേഷം തന്റെ മകളുമൊത്ത് ട്രെയിനില്‍ തിരികെ പോകുമ്പോള്‍ തന്നെ വിശുദ്ധയുടെ മാധ്യസ്ഥത്തിന്റെ ശക്തി പ്രകടമായി തുടങ്ങിയെന്ന് പീറ്റേഴ്സണ്‍ പറയുന്നു. തന്റെ വലത് കരത്തിലെ വിറയല്‍ അത്ഭുതകരമായി അപ്രത്യക്ഷപ്പെട്ടുവെന്ന്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എങ്കിലും ഇക്കാര്യം പീറ്റേഴ്സണ്‍ ആരോടും വെളിപ്പെടുത്തിയില്ല. പിന്നീട് റാന്‍ഡ്വിക്ക് റേസ്കോഴ്സില്‍ വെച്ച് ബെനഡിക്ട് പതിനാറാമന്‍ പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനിടയിലാണ് പീറ്റേഴ്സന്റെ മകളായ ജെസ്സീക്ക തന്നെ അദ്ദേഹത്തിന്‍റെ കയ്യിലെ തുടിപ്പ് അപ്രത്യക്ഷമായതായി ശ്രദ്ധിക്കുന്നത്.

തന്റെ ജോലി ഉപേക്ഷിച്ച് ഭര്‍ത്താവിനെ ശുശ്രൂഷിച്ചാലോ എന്നാലോചിച്ചുകൊണ്ടിരുന്ന സമയത്താണ് അത്ഭുതകരമായ രോഗശാന്തി ലഭിക്കുന്നതെന്ന്‍ പീറ്റേഴ്സന്റെ ഭാര്യയായ മോറാ സാക്ഷ്യപ്പെടുത്തുന്നു. അമേരിക്കയില്‍ പീറ്റേഴ്സനെ ശുശ്രൂഷിച്ചുകൊണ്ടിരുന്ന ഡോക്ടര്‍മാരും അദ്ദേഹത്തിന്റെ രോഗം സൗഖ്യപ്പെട്ടതായി ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി തന്നില്‍ രോഗത്തിന്റെ യാതൊരു ലക്ഷണവുമില്ലായെന്ന് പീറ്റേഴ്സന്‍ പറയുന്നു. 2010-ല്‍ മേരി മാക്കില്ലോപ്പിന്റെ വിശുദ്ധീകരണ ചടങ്ങിന് സാക്ഷ്യം വഹിക്കുവാന്‍ പീറ്റേഴ്സനും വത്തിക്കാനില്‍ എത്തിയിരുന്നു. എല്ലാം ഒരു സ്വപ്നം പോലെയായിരുന്നുവെന്നാണ് പീറ്റേഴ്സന്‍ തന്റെ രോഗശാന്തിയെക്കുറിച്ച് വിവരിക്കുന്നത്.

More Archives >>

Page 1 of 346